ക്ഷാബന്ധൻ ദിനവും രാഖി കെട്ടലുമെല്ലാം ഇന്ന് സംഘപരിവാർ കാര്യങ്ങളാണ് പലർക്കും. സംഘപരിവാർ വിരോധത്തിന്റെ പേരിൽ രക്ഷാബന്ധനെ എതിർക്കുന്നവരുമേറെ. എന്നാൽ, ഒരുനൂറ്റാണ്ട് മുമ്പ് ഇന്ത്യയുടെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഈ ചടങ്ങിനെ ഉപയോഗിച്ചത് സമൂഹം ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തിയായിരുന്നു. മതത്തിന്റെ പേരിലുള്ള ഭിന്നിപ്പും സ്ത്രീപീഡനങ്ങളും ഏറിവരുന്ന ഇക്കാലത്ത് രക്ഷാബന്ധന് പ്രസക്തിയേറുകയാണ്. സഹോദരീ സഹോദരന്മാരായി എല്ലാവരെയും കാണുന്നതിന് ഇന്ന് രക്ഷാബന്ധൻ ദിനത്തിൽ നമുക്കൊരു രാഖി കെട്ടാം.

19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാളിൽ ദേശീയ പ്രസ്ഥാനം ശക്തിപ്രാപിച്ച സമയം. ദേശീയ പ്രസ്ഥാനത്തെ അമർച്ച ചെയ്യുന്നതിന് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത് ബംഗാളിനെ വിഭജിക്കാനായിരുന്നു. ടാഗോറടക്കമുള്ള നേതാക്കൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും നാടെന്ന് രണ്ടാക്കി ബംഗാളിനെ വിഭജിക്കുന്നതിന് കഴ്‌സൺ പ്രഭുവും മുസ്ലിം നേതാക്കളും 1905-ൽ ആസാമിൽചേർന്ന് തീരുമാനമെടുത്തു.

ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ബംഗാൾ, ഒഡിഷ, ബിഹാർ പ്രദേശങ്ങളെയും മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ആസാം, സിൽഹെട്ട് മേഖലകളെയും വിഭജിക്കുകയായിരുന്നു ബ്രിട്ടീഷ് തന്ത്രം. മുസ്ലിം നേതാക്കളെ തെറ്റിദ്ധരിപ്പിക്കാനും ബ്രിട്ടീഷ് ഭരണാധികാരികൾക്കായി. ഇതിനെതിരെ, രാജ്യത്തിന്റെ രക്ഷയ്ക്കായി രക്ഷാബന്ധൻ ദിവസത്തെ ഉപയോഗിക്കുകയാണ് ടാഗോർ ചെയ്തത്. ബംഗാളിന്റെ ഒരുമയ്ക്കായി രക്ഷാബന്ധൻ ദിനത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ടാഗോറിന്റെ ആഹ്വാനത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ സ്വീകരിച്ചു. കൊൽക്കത്തയിലെയും ധാക്കയിലെയും സിൽഹെട്ടിലെയും ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തിന്റെ പ്രതീകമായി രക്ഷാബന്ധനെ ഏറ്റെടുത്തു. രക്ഷാബന്ധന്റെ മതപരമായ പ്രാധാന്യത്തെ മറികടന്ന് അതിനെ സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തുന്ന ചരടാക്കി മാറ്റുകയും ബംഗാൾ വിഭജനത്തിനെതിരെ ആയുധമാക്കുകയും ചെയ്‌തെന്ന് ചരിത്രകാരനായ എ..മജൂംദാർ പറയുന്നു.

ടാഗോറിന്റെ നേതൃത്വത്തിലുള്ള ചെറുത്തുനിൽപ്പ് വിജയിച്ചു. 1911-ൽ ബംഗാൾ വിഭജനപദ്ധതി ബ്രിട്ടീഷ് സർക്കാർ പിൻവലിച്ചു. പക്ഷേ, ആ ചെറുത്തുനിൽപ്പ് ആത്യന്തികമായി വിജയംകണ്ടില്ലെന്ന് മാത്രം. 1947-ൽ മതത്തിന്റെ പേരിൽ വീണ്ടും ഇന്ത്യ വെട്ടിമുറിക്കപ്പെട്ടപ്പോൾ ബംഗാളും രണ്ടായി. ഇന്നത്തെ ബംഗ്ലാദേശ് പിറവിയെടുത്തത് അങ്ങനെയാണ്.

രക്ഷാബന്ധൻ ദിവസത്തെ മതപരമായ ചടങ്ങ് മാത്രമായി കാണാതെ അതിനെ സാഹോദര്യത്തിന്റെ ചിഹ്നമായി കാണുകയെന്ന സന്ദേശമാണ് ടാഗോറിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ, മതപരമായി മുമ്പെന്നത്തേക്കാളും ഭിന്നിച്ചുനിൽക്കുന്ന ഇക്കാലത്ത്, രാഖികെട്ടലും രക്ഷാബന്ധൻ ആചരണവും മറ്റേതൊരു മതചടങ്ങുപോലെ അവസാനിക്കുമോ എന്ന ആശങ്കയാണ് ബാക്കിയുള്ളത്.