റുബോറുകൾക്കിടയിൽ അൽപ്പം ഭേദപ്പെട്ടതൊന്ന് കിട്ടിയാൽ നമുക്ക് പാൽപ്പായസമായി തോന്നും.ഒന്നിനൊന്ന് വളിപ്പുകളും വെറുപ്പിക്കലുകളും കണ്ട് കണ്ട്,ഈ മധ്യവേനലവധിക്കാലത്തെ തീയേറ്റർ യാത്രകൾ അമ്പേ പാഴായിപ്പോയ????യെന്ന് കരുതിയിരിക്കുമ്പോഴാണ് നമ്മുടെ ബിജുമേനോൻ നായകനായ, 'രക്ഷാധികാരി ബൈജു ഒപ്പ്'എന്ന ചിത്രത്തിന്റെ വരവ്.

ആവർത്തന വിരസവും വെട്ടിച്ചുരുക്കാവുന്നതുമായ ഒരുപാട് രംഗങ്ങൾ ഉണ്ടെങ്കിലും , ചില മികച്ച നർമ്മരംഗങ്ങളടെയും, ട്വിസ്റ്റും ബഹളവുമൊന്നുമില്ലാത്ത സ്വച്ഛന്ദമായ സാമൂഹിക പ്രസക്തമായ കഥയിലൂടെയും ഒരു ഫീൽഗുഡ് മൂഡ് സൃഷ്ടിക്കുന്നുണ്ട്, ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ്‌മേക്കറായ രഞ്ജൻ പ്രമോദ്. മീശമാധവൻ,നരൻ,അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ എന്നിങ്ങനെയുള്ള വലിയ സിനിമകളുടെ തിരക്കഥാകൃത്തായിരുന്ന രഞ്ജൻ, സംവിധായകനായതോടെ വല്ലാതെ പിറകോട്ടുപോവുന്ന കാഴ്ചയായിരുന്നു സിനിമാലോകം കണ്ടത്.രഞ്ജൻ സംവിധാനിച്ച 'ഫോട്ടോഗ്രാഫർ', 'റോസ് ഗിറ്റാറിനാൽ' എന്നീ രണ്ടു ചിത്രങ്ങളും വൻ പരാജയം ഏറ്റുവാങ്ങി.ആ നിലക്ക് നോക്കുമ്പോൾ രഞ്ജൻ പ്രമോദിന്റെ തിരിച്ചുവരവ് തന്നെയാണ് ഈ പടം.

പക്ഷേ കണ്ടിരിക്കാവുന്ന സിനിമ എന്നതിനപ്പുറം, അപാരമായ ഒരു സൗന്ദര്യാനുഭവമൊന്നും സമ്മാനിക്കാൻ ഈ പടത്തിന് കഴിയുന്നില്ല.ബിജുമേനോന്റെ തിളങ്ങുന്ന പെർഫോർമെൻസും, സമകാലീന സിനിമകളുടെ ദയനീയാവസ്ഥയും വെച്ച് നോക്കുമ്പോൾ ഈ പടം വിജയമാവുമെന്നും തോനുന്നു.പക്ഷേ രഞ്ജൻ തിരക്കഥയെഴുതിയ മുൻകാല ചിത്രങ്ങളുടെ അടുത്തെന്നും ഈ പടം എത്തില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ കോർത്തിണക്കി നീങ്ങുന്ന ഈ പടത്തിന്റെ ഒരു പോരായ്മ അനാവശ്യമായി നീട്ടിയ ഉപകഥകളാണ്. രണ്ടേമുക്കാൻ മണിക്കൂറോളം നീളുന്ന ചിത്രത്തിന്റെ ദൈർഘ്യവും അൽപ്പം കുറക്കാമായിരുന്നു.

ഒരു ഗ്രൗണ്ടും പിന്നെ കുറേ മനുഷ്യരും

മോഹൻലാലിന്റെ 'ബാലേട്ടൻ' തൊട്ട് എബ്രിഡ് ഷൈനിന്റെ '1983', ഈയിടെ ഇറങ്ങിയ ദിലീപിന്റെ 'ജോർജേട്ടൻസ് പൂരം' അടക്കമുള്ള നിരവധി ചലച്ചിത്രങ്ങളുമായി സാമ്യമുള്ളതാണ് രക്ഷാധികാരിയുടെയും കഥ. എങ്കിലും അനുകരണമെന്നൊന്നും പറയാൻ കഴിയല്ല; ടോട്ടാലിട്ടിയിൽ തീർത്തും വ്യത്യസ്തമാണ് ടി.എസ് അർജ്ജുൻ കഥയെഴുതി രഞ്ജൻതന്നെ തിരക്കഥയൊരുക്കിയ ഈ ചിത്രം.

ബാലേട്ടനിലും നിരവധി മമ്മൂട്ടി, ശ്രീനിവാസൻ ചിത്രങ്ങളിലും കണ്ടപോലെ നാട്ടിൻപുറത്തെ നന്മ മരമാണ് രക്ഷാധികാരി ബൈജു.സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും കുട്ടിത്തം വിടാതെ, ഇപ്പോഴും കളിച്ചുനടക്കാൻ ആഗ്രഹിക്കുന്നു അയാൾ. കുമ്പളം ബ്രദേഴ്‌സ് എന്ന പേരിൽ, താനടക്കമുള്ളവർ എട്ടാം വയസ്സിൽ ഉണ്ടാക്കിയ ക്‌ളബിന്റെ രക്ഷാധികാരിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായാണ് കഴിഞ്ഞ മുപ്പത്തിയഞ്ചുവർഷക്കാലമായി അയാളുടെ ജീവിതം മുന്നോട്ട് പോവുന്നത്.നാട്ടിലെ ഈ ഗ്രൗണ്ടിലാണ് ബൈജുവിന്റെയും കൂട്ടരുടെയും ജീവിതം തളിർക്കുന്നത്.എന്തുപണിയുണ്ടെങ്കിലും അതൊക്കെ ഒഴിവാക്കി അയാൾ വൈകീട്ട് നാലുമണിയോടെ ഗ്രൗണ്ടിലത്തെും. കുട്ടികളുടെ കളിസ്ഥലങ്ങൾ അന്യം നിന്നുപോവുന്ന അതിദ്രുത ആഗോളീകരണത്തിന്റെ ഇക്കാലത്ത് ഈ ഗ്രൗണ്ട് തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമാവുന്നത്.

അടുത്തിടെ ഇറങ്ങിയ 'ജോർജേട്ടൻസ് പൂരത്തിലും' സമാനമായ പ്രമേയമായിരുന്നു.പക്ഷേ ജോർജേട്ടൻ ദിലീപിന്റെ താരമൂല്യം വർധിപ്പിക്കാനുള്ള കെട്ടുകാഴ്ചകളുമായി മുന്നോട്ടുപോയപ്പോൾ, രക്ഷാധികാരി റിയലിസ്റ്റിക്കായ കഥയിലൂടെ മണ്ണിൽ ചവിട്ടിനിൽക്കയാണ്.ഇവിടെ അടിച്ച് ജയിച്ച് ശൂരത്വം കാട്ടുന്ന നായകനില്ല. പകരം പരാജയത്തിന്റെ നൊമ്പരവും,നഷ്ടപ്പെടുന്ന ബാല്യങ്ങളുടെ ഓർമ്മയും ബൈജു അവശേഷിപ്പിക്കുന്നു.ബൈജുവിലെ പല ക്രിക്കറ്റ് മൽസരങ്ങളും മറ്റും നിവിൻപോളിയുടെ '1983'നെ ഓർമ്മിപ്പിക്കുന്നുണ്ട്.സമീപകാല പല ചിത്രങ്ങളെയും പോലെ ഗൃഹാതുരത്വമെന്ന, മലയാളിയുടെ എക്കാലത്തെയും വലിയ സെന്റിമെൻസിലൂടെയാണ് ഈ ചിത്രവും കടന്നുപോവുന്നത്.

കഥ തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം ഈ ഗ്രൗണ്ടിലാണ്.നാട്ടിൻ പുറത്തെ ഒരു മൈതാനത്ത് നമുക്ക് ആരെയൊക്കെ കാണം, അവരൊക്കെ ഈ പടത്തിലുണ്ട്. ഫുട്‌ബോളും ക്രിക്കറ്റും കളിക്കാനത്തെുന്നവർ, കാറ്റുകൊള്ളാനത്തെുന്ന വയോധികർ,ഒന്നും ചെയ്യാതെ മൊബൈലും ടാബും നോക്കിയിരിക്കുന്നവർ, കളികാണാനത്തെിയവർ തൊട്ട് പശുവിനെ കെട്ടാൻ എത്തുന്നവരെ വരെ, പ്രശാന്ത് രവീന്ദ്രന്റെ സുന്ദരമായ കാമറ ഒപ്പിയെടുക്കുന്നു.അപ്പോഴൊക്കെ ആ ഗൗണ്ടിന്റെ ഒരറ്റത്ത് നമ്മളുമുണ്ടെന്ന തോന്നൽ സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ചൊരു ട്വിസ്റ്റോ, സസ്‌പെൻസോ മാസ് എൻട്രിയോ ഒന്നുമില്ലാതെ, തുടക്കം മുതൽ ഒരേ റിഥത്തിൽ ഈ ഗ്രൗണ്ടിന്റെയും ക്‌ളബിന്റെയും കഥപറയുകയാണ് ചിത്രം.

അടുത്തകാലത്ത് സ്ഥിരം കാണുന്നതുപോലെ ഫ്‌ളാഷ്ബാക്കിൽനിന്ന് തുടങ്ങുകയോ, ലാൽജോസിനെപ്പോലൊരു സംവിധായകന്റെ വോയ്‌സ്ഓവറിൽ കഥപറയുകയോ ഒന്നും ചെയ്യാതെ, ആ നാട്ടിൻ പുറത്തിന്റെ ജീവിതം മന്ദമാരുതനെപ്പോലെ ചിത്രത്തിലൂടെ കടന്നുപോവുകയാണ്.പ്രേക്ഷകന് ഒട്ടും പരിചിതമില്ലാത്ത നേർക്കുനേരെയുള്ള കഥാകഥനം ശരിക്കും റിസ്‌ക്ക് തന്നെയാണ്.കാരണം നമ്മുടെ കാഴ്ചാശീലങ്ങൾ അങ്ങനെയല്ല. അത്തരമൊരു മാറ്റിപ്പടിക്കൽ നടത്തിയതിന് വലിയൊരു ഹായ്, രഞ്ജൻ പ്രമോദ് അർഹിക്കുന്നുണ്ട്.

കുട്ടികളും കളിയും അതിന് കൂട്ടുനിൽക്കുന്ന ബൈജുവുമായുള്ള ബന്ധം ഹൃദയഹാരിയായി ചിത്രീകരിച്ചിട്ടുണ്ട്.കളിക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് കുട്ടികളുടെ രക്ഷാധികാരിയാണ് അയാൾ.ഈ ഒരു ബന്ധത്തിന്റെ വികാസവും അതുവഴിയുള്ള സന്തോഷ -സന്താപങ്ങളുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

പിഴച്ചത് ഉപകഥകളുടെ വിന്യാസം

കഥയുടെ തായ്തടിയും, അതിന്റെ വളർച്ചയുമൊക്കെ നന്നായെങ്കിലും ഉപ ശാഖകളിലേക്ക് അത് പ്രവേശിക്കുമ്പോൾ ബലക്കുറവും, ടൈപ്പ് സ്വഭാവവും പ്രകടമാണ്.സ്ഥിരമായി പന്ത് അടുത്തവീട്ടിലേക്ക് അടിപ്പിച്ച് അത് എടുക്കാൻപോയിപ്പോയി അവിടെയുള്ള യുവതിയോട് പ്രേമമുണ്ടാക്കുന്ന കുമ്പളം ക്‌ളബിലെ യുവതാരത്തിന്റെ കഥ ഒരു ഉദാഹരണംമാത്രം. എന്ത് അദ്ഭുദം, ജോർജേട്ടനിലെ നായികയെപ്പോലെ ഈ കഥാപാത്രവും കന്യാസ്ത്രീയാവാൻ തയ്യാറെടുക്കുകയാണ്.

പ്രേക്ഷകൻ പക്ഷേ അവസാനമേ ഇക്കാര്യം അറിയുന്നുള്ളൂ. അതുപോലെ തന്നെ കുമ്പളം ക്‌ളബിലെ മറ്റൊരു അന്തേവാസിയായ അജുവർഗീസിന്റെ കഥാപാത്രത്തിന്റെ വിവാഹം സ്ഥിരമായി മുടങ്ങുന്നതും, അയാളെ പ്രേമിച്ച് കറുത്ത സുന്ദരി വട്ടം ചുറ്റുന്നതുമെല്ലാം നീട്ടിപ്പരത്തലിലുടെ പലയിടത്തും വിരസമാവുന്നു.പെണ്ണുകാണാൻ ചെല്ലുമ്പോൾ യുവതി ഒളിച്ചോടിപ്പോയതുപോലുള്ള ആറിത്തണുത്ത, പത്തൊമ്പതാം നൂറ്റാണ്ടിലെ കോമഡികളാണ് ഇവിടെയൊക്കെ. ഒളിച്ചോടിപ്പോയി തമിഴനെ വിവാഹം കഴിച്ച ബൈജുവിന്റെ പെങ്ങളുടെ കഥക്കൊക്കെ, മുഖ്യകഥയുമായി എന്തു ബന്ധമെന്ന് പ്രേക്ഷകന് തോന്നിപ്പോവും. പക്ഷേ കുറെ ജീവിതങ്ങളും ഉപകഥകളും നായകനെ ചുറ്റിപ്പറ്റി വേണമെന്ന പടിവാശി പലപ്പോഴും ചിത്രത്തിന് ബാധ്യതയാവുന്നുണ്ട്.

വിവാഹം കഴിഞ്ഞതോടെ യുവാക്കളുടെ എല്ലാ സന്തോഷവും തീർന്നെന്നും മറ്റുമുള്ള പൊള്ളയായ മധ്യവർഗ ധാരണകളെ അരക്കിട്ട് ഉറപ്പിക്കുന്നുണ്ട് ഈ പടവും. നന്നായി കളിച്ചുകൊണ്ടിരുന്ന കുമ്പളം ടീമിലെ ഒരംഗം, വിവാഹശേഷം ഭാര്യയുടെ ഫോൺവിളിയൊക്കെ പേടിച്ച് ഒരു കള്ളനെപ്പോലെ ആകെ അസ്വസ്ഥനായാണ് ഗ്രൗണ്ടിലേക്ക് വരുന്നത്. അയാളുടെ കളിയും സൊറപറച്ചിലുമെല്ലാം വിവാഹത്തൊടെ അവസാനിക്കുകയും ചെയ്യുന്നു. ഗൾഫിലേക്ക് പോവാനൊരുങ്ങുന്ന ഒരു കുമ്പളം ടീമംഗത്തിന് ബൈജു നൽകുന്ന ഉപദേശം, എത്രയും പെട്ടെന്ന് അവിടെനിന്ന് തെറ്റിപ്പിരിഞ്ഞ് വരാനാണ്. അങ്ങനെ നാട്ടിൽപുറത്തിന്റെ മീൻപിടുത്തത്തിന്റെയും, പന്തുകളിയടെയും നൊസ്റ്റാൾജിയയും പേറി കഥാന്ത്യത്തിൽ അയാൾ ബൈജു പറഞ്ഞ പ്രകാരംതന്നെ ചെയ്ത് നാട്ടിലത്തെുന്നതും കാണാം! രണ്ടാം പകുതിയുടെ തുടക്കം തൊട്ടുള്ള ചില രംഗങ്ങളിൽ കൃത്യമായ ലാഗ് ഫീൽചെയ്യുന്നുണ്ട്.ഇത് മറികടക്കാനുള്ള പുതിയ കൊമേർഷ്യൽ ചേരുവകൾ കുറച്ചുകൂടി ചേർത്തിരുന്നെങ്കിൽ, എത്രയോ ഹരം പകരുന്ന ഒരു കളിയായേനെ ഈ ബൈജുവിന്റെത്.

(പക്ഷേ ഒരു കാര്യത്തിൽ സന്തോഷവുമുണ്ട്.സാധാരണ യുവാക്കളുടെ കഥപറയുന്ന ചിത്രങ്ങളിൽ മദ്യപാന രംഗങ്ങളുടെയൊക്കെ ആധിക്യമായിരിക്കും.മദ്യപിക്കാനും പുകവലിക്കാനുമാണ് നമ്മുടെ യുവാക്കൾ ജീവിക്കുന്നത് എന്ന് തന്നെതോന്നിപ്പോവും. ഇവിടെ അതിലും ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്)

കസറിയത് ബിജുമേനോനും ഹരീഷ് പെരുമണ്ണയും

ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രം വിരസതയുടെ പാതാളക്കൊല്ലിയിലേക്ക് വീഴാത്ത് ബിജുമേനോന്റെയും, ഹരീഷ് പെരുമണ്ണയുടെയും അസാധ്യ പ്രകടനം കൊണ്ടാണ്. ബിജുമേനോന്റെ കോമഡിയിലെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. കിണറ്റിൽവീഴുന്ന രംഗംപോലുള്ള വെറും സാധാ പഴഞ്ചൻ നർമ്മംപോലും അഭിനയത്തിന്റെ വേറിട്ട ഇടപെടലിലൂടെ ബിജു മാറ്റിയെഴുതുന്നു. ക്‌ളബ് വാർഷികത്തിലെ നാടകത്തിലെ ചില രംഗങ്ങൾ മറ്റേത് നടൻ ചെയ്താലും കോമാളിക്കളിയായി പോവുമായിരുന്നു. അതുപോലെ അലസിയറുമൊത്ത് കള്ള്ഷാപ്പിലെ ഗാനവും, കൂട്ടുകാരുത്തെുള്ള പാട്ടുകളും കണ്ടിരിക്കേണ്ടതാണ്. ചിരി മാത്രമല്ല, ചിന്തയും നൊമ്പരവും നൽകുന്നുണ്ട് ബിജുവിന്റെ കഥാപാത്രം.കൈ്‌ളമാക്‌സിൽ പരാജിതനായി മൈക്കെടുത്തുള്ള ആ വിറക്കുന്ന പ്രസംഗം മറക്കാനാവില്ല.

സ്ഥിരം മിമിക്രി വേഷങ്ങളിൽ തളച്ചിടപ്പെടാറുള്ള ഹരീഷ് പെരുമണ്ണയെന്ന കോഴിക്കോട്ടുകാരന്റെ കരിയർ ബെസ്റ്റാണ് ഈ പടമെന്ന് പറയാം.( ഈയിടെ ഇറങ്ങിയ പുത്തൻ പണത്തിലും ഹരീഷിന് നല്ല വേഷമായിരുന്നു)അൽപ്പം ബുദ്ധിമാന്ദ്യമുള്ള എന്നാൽ അതിദ്രുതം പ്രതികരിക്കുന്ന ഒരു നാടൻ കഥാപാത്രമായി ജീവിക്കയാണ് ഹരീഷ്. മലയാള സിനിമയുടെ ശാപമായ ടൈപ്പ് കാസ്റ്റിങ്ങിൽ പെട്ടുപോവാതിരുന്നാൽ, നിസ്സംശയം പറയാൻ സാധിക്കും,നമ്മൾ കാത്തിരക്കുന്ന സ്വഭാവ നടനാണ് ഇയാൾ.എതാനും സീനുകളിൽ മാത്രംവരുന്ന ദിലീഷ് പോത്തനും, അലൻസിയറും,വിജയരാഘവനും, ബാലതാരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിയിട്ടുണ്ട്.

ബിജുമേനോന്റെ ഭാര്യയായി വരുന്ന ഹന്ന റെജി കോശിയെന്ന പുതുമുഖത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലെങ്കിലും ഉള്ളത് ചളമാക്കിയിട്ടില്ല. ബിജിബാലിന്റെ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നു.

വാൽക്കഷ്ണം:അവസാനമായി വലിയൊരു ചോദ്യം ഈ നാടിനോട് ചോദിച്ചുകൊണ്ടാണ് രഞ്ജൻ പ്രമോദ് ചിത്രം അവസാനിപ്പിക്കുന്നത്.ഇത്തിരിപ്പോന്ന വെളിമ്പറമ്പുകൾപോലും കെട്ടിടങ്ങൾക്കും ഫ്‌ളാറ്റുകൾക്കും വഴിമാറുമ്പോൾ ഇനിയുള്ളകാലം നമ്മുടെ കുട്ടികൾ എവിടെ കളിക്കും സാർ? തീയേറ്ററിൽനിന്ന് ഇറങ്ങിയിട്ടും ഈ ചോദ്യം പുറകേ കൂടുന്നതായി തോന്നി.ഇനിയുള്ള തലമുറ മൊബൈൽ ഗെയിം മാത്രം കളിച്ചാൽ പോരല്ലോ..