- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലെ മയക്കു മരുന്നു കേസിൽ കൂടുതൽ താരങ്ങൾ കുരുക്കിലേക്ക്; സാറ അലി ഖാൻ, രാഹുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി റിയാ ചക്രവർത്തി; മയക്കു മരുന്നു കേസിൽ സെയ്ഫ് അലീഖാന്റെ മകൾക്ക് സമൻസ് അയക്കാൻ ഒരുങ്ങി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ
മുംബൈ: ബോളിവുഡിലെ മയക്കു മരുന്നു കേസിൽ കൂടുതൽ താരങ്ങൾ കുരുക്കിലേക്ക്. നടൻ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തി, നടിമാരായ സാറ അലി ഖാൻ, രാഹുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ വെളിപ്പെടുത്തിയെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വ്യക്തമാക്കി. ഇവർക്ക് പുറമേ ഡിസൈനർ സൈമൺ ഖംബട്ടയുടെയും പേര് അവരുടെ മൊഴിയിലുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.
സാറയ്ക്കും രാഹുൽ പ്രീത് സിങിനും പുറമേ ബോളിവുഡിലെ നിരവധി താരങ്ങൾ നർക്കോട്ടിക്‌സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. എന്നാൽ റിയയെ ചോദ്യം ചെയ്തപ്പോൾ ഈ രണ്ടു പേരുകൾ മാത്രമാണ് പുറത്ത് പറഞ്ഞിട്ടുള്ളതെന്നാണ് വിവരം. സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലിഖാന്റെ പേരും പുറത്ത് വന്നതോടെ അന്വേഷണം കൂടുതൽ സങ്കീർണ്മമായേക്കും. അതേസമയം മയക്കു മരുന്നു കേസിൽ ഇവരുടെ പങ്ക് സംബന്ധിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ.പി. എസ് മൽഹോത്ര പ്രതികരിച്ചു. ഇവർക്ക് സമൻസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് നാളെ സമൻസ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ശനിയാഴ്ച മുംബൈ, ഗോവ എന്നിവിടങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആറ് പേരെകൂടി നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം സാറാ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമായി പ്രണയത്തിലായിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സുശാന്തിന്റെ ഒരു സുഹൃത്താണ് സമൂഹ മാധ്യമം വഴി ഈ വെളിപ്പെടുത്തൽ നടത്തിയത്.
അതേസമയം സശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തി, സഹോദരൻ ഷോവിക് ചക്രബർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദീപേഷ് സാവന്ത് എന്നിവരടക്കം 16 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. മൂന്നു ദിവസങ്ങളിലായി 19 മണിക്കൂർ ചോദ്യംചെയ്തശേഷമാണ് എൻ.സി.ബി. റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ