കോട്ടയം: നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തലിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വിവിധ രാഷ്ട്രീയ പാർട്ടികളും മുസ്ലിം സംഘടനകളും കടന്നാക്രമിക്കുന്നതിൽ പ്രതിഷേധിച്ചും ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബിഷപ് ഹൗസിന് മുന്നിൽ റാലി. ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച് ബിഷപ്പ് ഹൗസിന് മുന്നിൽ എത്തിയത്.

വിവിധ ക്രൈസ്തവ സംഘടനകൾ, പി.സി ജോർജ്, ബിജെപി പ്രവർത്തകർ, കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ എന്നിവർ പിന്തുണയറിയിച്ച് എത്തി. കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വനിതാ നേതാക്കളടക്കം ബിഷപ്പിനെ അനുകൂലിച്ച് രംഗത്ത് എത്തി. ബിജെപി നേതാക്കളായ എൻ ഹരി, നോബിൾ മാത്യു എന്നിവർ പങ്കെടുത്തു. പി.സി ജോർജാണ് യോഗം ഉദ്ഘാടനം ചെയ്തത്.

പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും അടക്കം നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ് രംഗത്തെത്തി. നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഭീഷണി മുഴക്കുന്നവർ ഈ പണി ഇവിടെ വച്ച് നിർത്തണമെന്ന് പിസി ജോർജ്ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത സംസ്‌കാരത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഭാരതത്തെ മാതാവായി കാണുന്നവരാണ് ക്രിസ്ത്യാനികൾ. ഞങ്ങൾ അറേബ്യയിൽ നിന്ന് വന്നവരല്ല. ഇവിടുത്തെ ഹിന്ദുക്കളിൽ നിന്ന് പരിവർത്തനം നടത്തിയവരാണെന്നും ജോർജ്ജ് ഓർമ്മിപ്പിച്ചു. ജിഹാദികൾ ഇത് തുടരാനാണ് ഭാവമെങ്കിൽ ഹിന്ദു സംഘടനകൾക്കൊപ്പം ചേർന്ന് പ്രതികരിക്കുമെന്നും ജോർജ്ജ് വ്യക്തമാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവരാണ് പാലായിൽ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



കുറവിലങ്ങാട് പള്ളിയിൽ നടന്ന ആരാധനയിൽ പങ്കെടുത്ത വിശ്വാസികളോടാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദുമുണ്ടെന്ന് വെളിപ്പെടുത്തിയത്. ക്രിസ്ത്യൻ കുട്ടികൾ ഇത്തരം ജിഹാദിൽ വീഴരുതെന്നാണ് അദ്ദേഹം വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചത്.

എന്നാൽ ഇതിനെതിരെ ഭീഷണിയുമായി മുസ്ലിം സംഘടനകൾ രംഗത്തെത്തുകയായിരുന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ മുസ്ലിം സംഘടനയുടെ ആളുകൾ ആംബുലൻസ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ബിഷപ്പിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക സഭയുടെ ജാഥയും നടക്കുന്നുണ്ട്. നേരത്തെ പാലാ രൂപത സഹായമെത്രാനും പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ദീപിക ദിനപത്രത്തിലും ബിഷപ്പിനെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന സന്ദേശം തന്നെയാണ് കത്തോലിക്ക സഭയും നൽകുന്നത്.

കഴിഞ്ഞ ദിവസം ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലിം സംഘടനകൾ പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഒരു പ്രത്യേക സമൂഹത്തിന് മേൽ കരിനിഴൽ വീഴ്‌ത്തുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ഒപ്പം കേരളത്തിൽ മതസൗഹാർദം തകർക്കാൻ മാത്രമാണ് ഇത് സഹായകമാവുകയെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു.

ചേരിതിരിവുണ്ടാകുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തരുതെന്നും നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് പോലും ആദ്യമായി കേൾക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ നടത്തിയ പ്രതികരണം.