റായ്പൂർ: ചത്തീസ്ഗഢിൽ ബിജെപിയെ തറപറ്റിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി ഉജ്ജ്വല വിജയം നേടിയപ്പോൾ ബിജെപിക്ക് സന്തോഷിക്കാൻ വേറെയുമുണ്ടായിരുന്നു വക. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് പണികൊടുത്ത് ബിജെപി പാളയത്തിലേക്ക് ചേക്കേറിയ മുൻ പിസിസി വർക്കിങ് പ്രസിഡന്റ് രാംദയാൽ ഉയികെയ്ക്ക് നേരിടേണ്ടി വന്നത് കനത്ത പരാജയമാണ്. ഇത് കോൺഗ്രസിന് ഇരട്ടിമധുരമായി.

പലി തൻഖറിൽ നിന്ന് മൂന്നു തവണ എംഎൽഎയായിട്ടുള്ള രാംദയാൽ ഉയികെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ബിജെപിയിലേക്ക് കൂടുമാറിയത്. ഗോത്രവിഭാഗം നേതാവായ രാംദയാൽ ഉയികയെ ജോഗി പാർട്ടി വിട്ടതോടെയാണ് കോൺഗ്രസ് പിസിസി വർക്കിങ് പ്രസിഡന്റായി നിയമിച്ചത്.

എന്നാൽ വോട്ടെടുപ്പിന് ആറാഴ്ച മാത്രമുള്ളപ്പോഴാണ് അദ്ദേഹം അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയായി വരുമെന്ന് വിശേഷിപ്പിക്കപ്പെട്ടു. 2000 ത്തിലാണ് ഉയികെ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. പക്ഷേ ഇത്തവണത്തെ ചാട്ടം പക്ഷേ പിഴച്ചു.

ഉയികെയ്ക്ക് പകരം പാലി തൻഖറിൽ കോൺഗ്രസ് നിർത്തിയ മോഹിത് റാം 9000 ത്തോളം വോട്ടിന് ജയിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ ഉയികെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിലായിരുന്നെങ്കിൽ വിജയിച്ചാൽ സ്വാഭാവികമായും മന്ത്രിസ്ഥാനം ഉറപ്പായും അദ്ദേഹത്തിന് കിട്ടാൻ സാധ്യതയുണ്ടായിരുന്നു.