ന്യൂഡൽഹി: രണ്ട് എംപിമാർ ഒരു മാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ്. ഇന്നലെ ബിജെപി എംപി രാം സ്വരൂപ് ശർമ (62) ഔദ്യോഗിക വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നു ഡൽഹി പൊലീസ് അറിയിച്ചു. രാവിലെ വിളിച്ചിട്ടു തുറക്കാതിരുന്നപ്പോൾ സഹായിയാണ് പൊലീസിനെ അറിയിച്ചത്.

ഹിമാചൽപ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് രാം സ്വരൂപ്. കഴിഞ്ഞ ഏതാനും മാസങ്ങളായി അസുഖബാധിതനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ലോക്‌സഭ ഒരു മണി വരെ നിർത്തിവച്ചു. ബിജെപി പാർലമെന്ററി യോഗവും മാറ്റിവച്ചു.ഒരു മാസം മുൻപ് ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള സ്വതന്ത്ര അംഗം മോഹൻ ദേൽക്കറെ മുംബൈയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടിരുന്നു. ഇതിന് പിന്നിലെ കാരണവും വ്യക്തമല്ല.

വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടർന്ന് ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ശർമയുടെ പഴ്സണൽ അസിസ്റ്റന്റ് വിവരം ഡൽഹി പൊലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം, ബലംപ്രയോഗിച്ചു വാതിൽ തുറന്നപ്പോൾ ശർമയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ വിധിയെഴുതി. വസതിയിൽനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടത്തിനുശേഷം മരണകാരണത്തെക്കുറിച്ചു വ്യക്തമാക്കാമെന്നും പൊലീസ് അറിയിച്ചു.

ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽനിന്ന് 2014, 2019 വർഷങ്ങളിൽ വിജയിച്ച ശർമ ഏതാനും മാസങ്ങളായി അസ്വസ്ഥനായിരുന്നതായി റിപ്പോർട്ടുണ്ട്. ഒരുമാസത്തെ ഇടവേളയിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ എംപിയാണു ശർമ എന്നതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഈ രണ്ട് മരണങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

1958ൽ ജനിച്ച രാം സ്വരൂപ് ശർമ രണ്ട് വട്ടം ബിജെപിയെ പ്രതിനീധീകരിച്ചു ലോക്‌സഭയിലെത്തിയിട്ടുണ്ട്. 2014 മുതൽ മണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ഇദ്ദേഹം. വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഇദ്ദേഹം. ഭാര്യയും മൂന്ന് മക്കളുമാണ് ഇദ്ദേഹത്തിനുള്ളത്. മോഹൻ ദേൽക്കറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ഒരു മാസത്തിനു ശേഷമാണ് പുതിയ സംഭവം.

ഗുജറാത്തിയിൽ എഴുതിയ നാലുപേജോളം വരുന്ന ആത്മഹത്യാക്കുറിപ്പും ഇദ്ദേഹത്തിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. മുതിർന്ന നേതാക്കളടക്കം നിരവധി പേരുടെ പേരുകൾ ഇദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.