റിയാദ്: റമദാനു മുന്നോടിയായി സൽമാൻ രാജാവ് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. തടവിൽ കഴിയുന്നവരിൽ മോചനത്തിന് അർഹരായവരെ കണ്ടെത്താനുള്ള നടപടികൾ ഇതോടെ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

വിസാ നിയമ ലംഘനമടക്കമുള്ള വിവിധ കേസുകളിൽ പെട്ട് തടവിൽ കഴിയുന്ന നിരവധി മലയാളി തടവുകാർ പൊതുമാപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കും. അതേസമയം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ ഗുരുതര കുറ്റകൃത്യങ്ങളിൽപെട്ടവർ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സൗദി ജയിൽ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം വ്യാജ രേഖ ചമച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്നവരുടെ ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷമോ അതിൽ കുറവോ ആണെങ്കിൽ മോചനത്തിനു പരിഗണിക്കും.

റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ അടക്കപ്പെടുകയും ഇതുമായി ബന്ധപ്പെട്ട ദിയ ധനം നകിയവരെയും മോചിപ്പിക്കും. നിയമ ലംഘനങ്ങളുടെ പേരിൽ അഞ്ചു ലക്ഷം റിയാലിൽ കൂടാത്ത സംഖ്യ പിഴ ശിക്ഷ ലഭിച്ചവർക്ക് ഇത് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ അവർക്കും രാജാവിന്റെ ഇളവ് ലഭിക്കും.ഇളവ് ലഭിച്ചു ജയിൽ മോചിതരാകുന്ന വിദേശികളെ നാടുകടത്തുകയും ചെയ്യും.