ഹിജ്‌റ വർഷപ്രകാരം ഒൻപതാമത്തെ മാസമായ റമദാന് അറബിമാസമായ ശ്അബ്‌നിന്റെയും ശവ്വാലിന്റെയും ഇടയിലായി വരുന്നു.

അന്ധകാരത്തിൽപ്പെട്ടുഴലുന്ന ഭൂമിയിലെ മനുഷ്യർക്ക് അറിവിലേയ്ക്കുള്ള പ്രകാശമായി പ്രപഞ്ചനാഥൻ പരിശുദ്ധ ഖുർ ആൻ അവതരിപ്പിച്ച മാസമാണ് റമദാൻ. ഖുർ ആൻ പാരായണം റമദാൻ മാസത്തിലെ പുണ്യകർമ്മങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ ഈ മാസത്തിൽ ഇസ്ലാമിന്റെ പഞ്ചസ്തൂപങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം കൊണ്ട് അല്ലാഹു ഏറ്റവും പവിത്രവും പരിശുദ്ധവുമാക്കി മാറ്റി. ഈ പുണ്യനാളുകളിൽ ചെയ്യുന്ന ദാനധർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും പുണ്യപ്രവർത്തികൾക്കും കൂടുതൽ ഫലം ലഭിക്കുന്നതിനാൽ വിശ്വാസികൾ എല്ലാ സൽക്കർമങ്ങളും അധികമായി ചെയ്യുവാൻ ശ്രമിക്കുന്നു.

ജനങ്ങൾക്കു മാർഗ്ഗദർശനമായി നേർവഴി കാട്ടി സത്യവും അസത്യവും വേർതിരിച്ചു കൊടുക്കുന്നതിന് പര്യപ്തമായ വിശുദ്ധ ഖുർ ആൻ അവതരിക്കപ്പെട്ട റമദാനു പത്തു ദിവസങ്ങളടങ്ങുന്ന മൂന്നു ഭാഗങ്ങളാണ് ഈ പുണ്യമാസത്തിൽ വ്രതാനുഷ്ഠാനത്തിനായുള്ളത്.

ആദ്യത്തെ പത്തു ദിവസം റഹ്മ (ദൈവകൃപ) അടുത്ത പത്തുദിവസത്തെ മശ്ഫിറ (പാപമോചനം) അവസാനത്തെ പത്തുദിവസത്തെ നിജാദ് (നരകമുക്തി) എന്നു അറിയപ്പെടുന്നു.

വ്രതാനുഷ്ഠാനത്തിന്റെ അവസാനത്തെ പത്തുദിവസങ്ങൾ വളരെയധികം പവിത്രമാക്കപ്പെട്ടതും 1000 മാസത്തെക്കാൾ പുണ്യകരവുമാകുന്നു. സൂര്യോദയം മുതൽ സൂര്യാസ്തമനം വരെ അന്നപാനീയങ്ങളുപേക്ഷിച്ച് പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചും പ്രപഞ്ചനാഥനായ അള്ളാഹുവിന്റെ സ്മരണയിൽ മാത്രം മുഴുകി പ്രാർത്ഥനയോടുകൂടി കഴിയുക എന്നത് ഈ മാസത്തിന്റെ മാത്രം പ്രത്യേകയാണ്. സത്പ്രവർത്തികൾ ചെയ്തും നല്ല വാക്കുകൾ സംസാരിക്കുകയും തർക്കങ്ങളിൽ ഇടപെടാതിരിക്കുകയും ചെയ്യുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.

റമദാനിൽ നാം സ്വയം നോമ്പുതുറക്കുന്നതിനെക്കാൾ പുണ്യം ലഭിക്കുന്നതു മറ്റൊരു വിശ്വാസിയെകൊണ്ട് നോമ്പു തുറപ്പിക്കുന്നതാണ് സമൂഹ നോമ്പുതുറ പരസ്പരം സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതും ഒന്നിച്ചിരുന്നു നോമ്പു തുറക്കുന്നതിലൂടെ അല്ലാഹുവിന്റെ മുന്നിൽ നാമെല്ലാം തുല്യരാണെന്ന തത്വം സ്വയം ബോധ്യപ്പെടാനും റമദാൻ വേദിയൊരുക്കുന്നു. റമദാൻ നോമ്പ് അവസാനിക്കുന്നത് ഫിത്വർസക്കാത്ത് എന്ന ദാനധർമ്മത്തോടെയാണ് പെരുനാൾ ദിനത്തിൽ ആരും പട്ടിണി കിടക്കാതെ എല്ലാവരും സുഭിഷമായി ഭക്ഷണം കഴിക്കണം എന്നതാണ് പ്രമാണം.

അതിനായി പെരുനാൾ ദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ മാറ്റിവച്ച് ബാക്കിയുള്ളതിൽ നിന്നും നിർബന്ധമായും ഫിത്വർ സക്കാത്ത് നിർവഹിക്കണം. നോമ്പിലെ തെറ്റുകുറ്റങ്ങൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ് സക്കാത്ത്. പെരുന്നാളിനും മുമ്പായി ഈ ദാനം അർഹിക്കുന്ന വീടുകളിലെത്തിച്ചു കൊടുക്കണം. ശവ്വാൽ മാസത്തിലെ ആദ്യ ദിവസം വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ഈദുൽഫിത്തർ എന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു.

പുണ്യങ്ങൾ പൂക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകൾ വ്രതശുദ്ധിയോടെ, ആത്മശുദ്ധിയോടെ ലോകജനതയുടെ സമാധാനത്തിനും ക്ഷേമഐശ്വര്യങ്ങൾക്കും കാരുണ്യക്കടലായ അള്ളാഹുവിന്റെ അനുഗ്രഹം എല്ലാ വിശ്വാസികൾക്കും ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.