കോഴിക്കോട്: കാപ്പാടു മാസപ്പിറവി കണ്ടു. നാളെ റമദാൻ ഒന്ന്. വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ.

മാസപ്പിറവി കണ്ടതായി പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പാളയം ഇമാം വി പി സുഹൈൽ മൗലവിയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും അറിയിച്ചു.

വൈകാരിക വിക്ഷോഭങ്ങളെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ആരാധനയാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഹിജ്‌റ രണ്ടാം വർഷമാണ് നോമ്പ് നിർബന്ധമാക്കപ്പെട്ടത്. ജനങ്ങൾക്ക് മാർഗദർശനമായ വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതും റമദാനിലാണ്.

ആ മാസത്തിൽ ജീവിച്ചിരിക്കുന്നവർ വ്രതമനുഷ്ഠിക്കൽ നിർബന്ധമാണെന്ന് അല്ലാഹു കൽപിക്കുന്നതായാണു വിശ്വാസം. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിയുന്നതിലൂടെ പട്ടിണി എന്തെന്ന് തിരിച്ചറിയുന്നു. ഇത് സഹജീവികളോട് സഹാനുഭൂതിയുണ്ടാക്കും. തെറ്റുകളിൽനിന്ന് വിട്ടുനിൽക്കാനും സൽകർമങ്ങൾ ചെയ്യാനും പ്രേരണ നൽകുമെന്നാണ് വിശ്വാസികൾ കരുതുന്നത്.

ദുർവിചാരങ്ങളെ നിയന്ത്രണവിധേയമാക്കുന്ന വ്രതാനുഷ്ഠാനം പുതിയൊരു ജീവിത ശീലമാണു സമ്മാനിക്കുന്നത്. പകൽ ഉപവാസവും രാത്രി ഉപാസനയുമായി റമദാനെ ഭക്തിപൂർണമാക്കും. ഈ മാസത്തിൽ ദീർഘ നേരം നമസ്‌കരിച്ചും ഖുർആൻ പാരായണത്തിലും അനുബന്ധ കർമങ്ങളിലും ഏർപ്പെട്ടും കൂടുതൽ സമയം പള്ളികളിൽ കഴിയുന്നതിലാണ് വിശ്വാസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.