ദുബായ്: സുരക്ഷാ വലയങ്ങളിൽ ചുറ്റിപ്പൊതിഞ്ഞിരിക്കുന്നവരാണ് ഇന്ത്യയിലെ മന്ത്രിമാർ. എന്നാൽ, യുഎഇയിലെ മന്ത്രിമാർ അടക്കമുള്ളവർ പലപ്പോഴും ഇതിൽ നിന്നും വ്യത്യസ്തരാണ്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും ഏറെ പ്രാധാന്യം നൽകുന്ന യുഎഇയിൽ ഭരണത്തിലും സ്ത്രീപ്രാതിനിധ്യമുണ്ട്. കഴിവും കാര്യശേഷിയുമുള്ള വനിതാ മന്ത്രിമാർ ഏറെ ജനകീയരാണ് താനും ഇവിടെ.

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ചെയ്യുന്ന യുഎഇയിലെ യുവജന ക്ഷേമമന്ത്രിയായ ഷമ്മാ ബിൻത് സുഹൈൽ ഫാരിസ് അൽ മസറൂയിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ താരം. മന്ത്രിയെന്ന് ഭാവമില്ലാതെ സാധാരണക്കാരിയെ പോലെ അടുത്തു പെരുമാറിയാണ് ഈ വനിതാ മന്ത്രി ശ്രദ്ധേയയായത്. പുണ്യമാസമായ റമാദാനിൽ നോമ്പെടുക്കുമ്പോൾ വൈകുന്നേരെ വാഹനയാത്രക്കാർക്ക് നോമ്പു തുറക്കാനായാ ഇഫ്ത്താർ കിറ്റുകൾ നടുറോഡിൽ നിന്നും വിതരണ ചെയ്യുന്ന മന്ത്രിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ദുബായിയിൽ തിരക്കേറിയ റോഡിൽ നോമ്പുതുറ നേരത്താണ് തികച്ചു സാധാരണക്കാരിയെ പോലെ നിന്ന് ഷമ്മ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഷമ്മ നോമ്പു തുറക്കാനായി കിറ്റുകൾ വിതരണം ചെയ്തത്. ഷമ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. മന്ത്രിയുടെ ലാളിത്യത്തെ പുകഴ്‌ത്തി കൊണ്ടാണ് പലരും രംഗത്തെത്തിയത്. മന്ത്രിയായാൽ ഇങ്ങനെ വേണമെന്ന ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

മലയാളികൾ അടക്കമുള്ള നിരവധി പേരാണ് ഷമ്മയുടെ ചിത്രങ്ങളും വാർത്തയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോഴാണ് ഷമ്മ മന്ത്രിയായത്. 22കാരായായ ഷമ്മയാണ് യുഎഇ മന്ത്രിസഭയിലെ ബേബിയും. യുവജനകാര്യമാണ് ഈ ബിരുദാനന്തര ബിരുദധാരിയുടെ വകുപ്പ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പ്രകടനം കൊണ്ട് ഷമ്മ ശ്രദ്ധേയയായിരുന്നു.