തിരുവനന്തപുരം: സിനിമാ കഥയേയും വെല്ലുന്ന പ്രണയ കഥയ്ക്കാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ക്ലൈമാക്‌സ് വീണത്. അതും അവർ ആഗ്രഹിച്ചതു പോലെ വീട്ടുകാരുടെ അനുഗ്രഹാശ്ശിസുകളോടെ. മതത്തിന്റെയും ജാതിയുടെയും പേരിൽ വീട്ടുകാർ എതിർത്തപ്പോൾ ഇരുവരും തങ്ങളുടെ പ്രണയം പൂവണിയാൻ കാത്തിരുന്നതാകട്ടെ 20 വർഷവും. ഒടുവിൽ നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം വിവാഹവും.

തിരുവനന്തപുരം സ്വദേശി അമ്പതുകാരനായ രാമദാസൻ പോറ്റിയുടെയും 44 കാരി പത്തനംതിട്ട സ്വദേശിനി രജനിയുടേയും 20 വർഷക്കാലത്തെ കാത്തിരുപ്പാണ് ഇതോടെ അവസാനിച്ചത്. നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിമാരാണ് ഇരുവരും. ആരുടെയും മനസ്സിൽ തൊടുന്ന ഇരുവരുടെയും പ്രണയകഥയറിഞ്ഞ് ഇരുവരെയും ഒന്നിപ്പിച്ചതും വിവാഹത്തിന് പ്രേരിപ്പിച്ചതും സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു.

1996ൽ നിയമസഭയിൽ ജോലി കിട്ടി വരുമ്പോഴാണ് ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിടുന്നത്. നിയമസഭാ സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റുമാരായി ജോലിക്ക് കയറിയ ഇരുവർക്കും അക്കൗണ്ട്സ് വിഭാഗത്തിലായിരുന്നു നിയമനം. ഏറെ താമസിയാതെ ഇരുവർക്കുമിടയിൽ പ്രണയം വന്നെത്തി. ഇരുവർക്കും ഒരേ ജോലിയും സമ്പാദ്യവും ഒക്കെ ഉണ്ടായിട്ടും അവിടെ വില്ലനായത് പതിവു പോലെ ജാതിയും മതവും ഒക്കെയായിരുന്നു.

ജാതി പറഞ്ഞ് വീട്ടുകാർ രംഗത്തു വന്നു. ഇരുവരുടെയും സ്‌നേഹത്തിന്റെ ആഴം അറിഞ്ഞ സഹപ്രവർത്തകരും സുഹൃത്തുക്കളുമെല്ലാം വിവാഹത്തിന് നിർബ്ബന്ധിച്ചെങ്കിലും സ്വപ്നങ്ങൾ പങ്കുവെച്ച് അവർ കാത്തിരുന്നു. അങ്ങിനെ വർഷങ്ങൾ കടന്നു പോയെങ്കിലും ഇരുവരുടെയും മനസ്സിലെ സ്‌നേഹം തെല്ലും കുറഞ്ഞില്ല. ഒടുവിൽ സ്പീക്കർ മുൻകൈ എടുത്തപ്പോൾ ഇരുവരും വിവാഹ ജീവിത്തതിലേക്കും കടന്നു.

പടിഞ്ഞാറേക്കോട്ട ശ്രീപത്മം ഓഡിറ്റോറിയത്തിലെ വിവാഹവേദിയിലേക്ക് തീമഞ്ഞ നിറത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളും പിച്ചിപ്പൂവും അണിഞ്ഞ് രജനിയും ക്രീംകളർ ഷർട്ടും മുണ്ടുമണിഞ്ഞ് രാമദാസൻ പോറ്റിയും എത്തിയപ്പോൾ അവരുടെ നിശബ്ദ പ്രണയത്തിന് പിന്തുണയുമായി ഇക്കാലമത്രയും കാത്തിരുന്നവർ ആഹ്ലാദിച്ചു. ഹൃദയം തുളുമ്പുന്ന ചിരിയുമായി വധൂവരന്മാർ എല്ലാവരെയും വരവേറ്റു. കടയ്ക്കൽ കുമ്മിൾ പുത്തന്മഠത്തിൽ പരേതരായ എൻ. ശങ്കരൻ പോറ്രിയുടേയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസൻ പോറ്റി. സഹോദരങ്ങൾ അഞ്ച് പേരും കുടുംബ ജീവിതം നയിക്കുന്നു.

പത്തനംതിട്ട ചിറ്റാർ സ്വദേശിനിയാണ് രജനി. വി. രാമന്റെയും രത്‌നമ്മാളുടെയും മകൾ. രണ്ട് പതിറ്റാണ്ട് പ്രണയത്തിൽ ഉറച്ച് നിന്ന മകളെ രാമദാസൻ പോറ്റിയെ ഏൽപ്പിച്ച നിമിഷം ആ അച്ഛന് നിർവൃതിയുടേതായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ഷണൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവർ വധൂവരന്മാർക്ക് ആശംസകളുമായി എത്തിയിരുന്നു.