കൊച്ചി: ദിലീപിന്റെ രാമലീല രാജ്യത്തെ 200 തീയേറ്ററുകളിൽ നാളെ പ്രദർശനത്തിനത്തുമ്പോൾ പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം. കേരളത്തിൽ 125 തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാൻ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. കർണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.

നാളത്തെ ആദ്യപ്രദർശനം എറണാകുളത്തെ സരിത തീയേറ്ററിൽ കുടുംബ സഹിതമെത്തി സിനിമ കാണുന്നതിനാണ് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ലക്ഷ്യമിട്ടിട്ടുള്ളത്. സിനിമ വിജയക്കുമെന്ന കാര്യത്തിൽ തനിക്ക് ഒരുശതമാനം പോലും സംശയമില്ലന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ചിത്രത്തിലെ നായകൻ ദിലീപ് ഇപ്പോൾ നേരിടുന്നത് വ്യക്തിപരമായ കാര്യങ്ങളാണ്. ഇതുമായി സിനിമക്ക് ബന്ധമില്ല. അഭിനേതാവ് എന്ന നിലയിൽ ദിലീപിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും രാമലീല-ടോമിച്ചൻ വ്യക്തമാക്കി.

ചിത്രത്തെ വരവേൽക്കാൻ ദിലീപ് ഫാൻസിനൊപ്പം മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങി പ്രമുഖ നടന്മാരുടെ ഫാൻസ് പ്രവർത്തകരും രംഗത്തുണ്ട്. റിലീസ് കേന്ദ്രങ്ങൾ കളർഫുൾ ആക്കാൻ ഫാൻസുകാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചുവരുന്നതായിട്ടാണ് അണിയറക്കാർ നൽകുന്ന വിവരം. മജ്ഞു വാര്യർ രാമലീല കാണാനെത്തുമോ എന്നകാര്യത്തിൽ തനിക്ക് മനസ്സറിവില്ലന്നാണ് ടോമിച്ചന്റെ വെളിപ്പെടുത്തൽ. മജ്ഞുവുമായി താൻ ഇക്കാര്യം സംസാരിച്ചിട്ടില്ല. സിനിമ കാണുന്നതോ കാണാതിരിക്കുന്നതോ ഒക്കെ അവരവരുടെ താൽപര്യമാണ്. അദ്ദേഹം വ്യക്തമാക്കി.

തീയേറ്ററുകളുടെ ലഭ്യതക്കുറവായിരുന്നു ഓണക്കാലത്ത് സിനമ റിലീസ് ചെയ്യാൻ പ്രധാന തടസ്സമായത്. ചിത്രം റിലീസിന് ഇപ്പോൾ സിനമാ മേഖലയിൽ നിന്നുള്ള സർവ്വ വിധ പിൻതുണയും ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ച് പ്രത്യേക പൂജകളോ വഴിപാടുകളോ നടത്തുന്നില്ല. സാധാരണ രീതിയിൽ ചിത്രം പുറത്തിറക്കുന്നതിലാണ് താൽപര്യം-ടോമിച്ചൻ പറഞ്ഞു. രാമലീലയെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ സിനിമലോകം അപ്പാടെ സന്നദ്ധമായതിന്റെ ശുഭപ്രതീക്ഷിലാണ് അണിയറക്കാർ ചിത്രത്തിന്റെ വൈഡ് റിലീസിന് ഒരുക്കങ്ങൾ തുടങ്ങിയത്.

നടൻ ജയിലിലായത് സിനമയെ കാര്യമായി ബാധിക്കില്ലന്നാണ് തല മുതിർന്ന സിനമ പ്രവർത്തകർ നിർമ്മാതാവ് അടക്കമുള്ളവരെ ധരിപ്പിച്ചിട്ടുള്ളത്. കൊച്ചിയിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുകൂടിയ പ്രമുഖ സംവിധായകരും നടി നടന്മാരും സാങ്കേതിക പ്രവർത്തകരുമുൾപ്പെടെയുള്ളവർ രാമലീല വിജയമാക്കുന്നതിന് കഴിയാവുന്നത് ചെയ്യണമെന്ന് ഉറച്ച നിലപാടില് സ്വീകരിച്ചിരുന്നു. ഓണക്കാല സിനിമകൾ ഒട്ടുമിക്കതും ക്ലച്ചുപിടിക്കാതെ പോയ സാഹചര്യത്തിൽ രാമലിലീലയെ ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ ലോകം കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പ് അർത്ഥവത്താവണമെങ്കിൽ സിനിമ ഓടണം. ഉത്സവ സീസൺ ലക്ഷ്യമിട്ട് തയ്യാറാക്കീയ ദിലീപ് ചിത്രങ്ങളെല്ലാം തന്നെ മോശമല്ലാത്ത കളക്ഷൻ നേടിയിരുന്നു.

ഓണം റിലീസിന് ലക്ഷ്യമിട്ട് തയ്യാറാക്കിയ സിനമ എന്ന നിലയിൽ രാമലീല ദിലീപിന്റെ മുൻചിത്രങ്ങൾ പോലെ തീറ്ററിൽ കാണികളെ പിടിച്ചിരുത്തുമെന്നുതന്നെയാണ് സിനിമ പ്രവർത്തകർ കരുതുന്നത്. പൃഥിരാജിന്റെ ആദം ജോണും നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒഴിവുകാലവും മാത്രമാണ് ഈ ഓണക്കാലത്ത് പേരിനെങ്കിലും കാണികൾ സ്വീകരിച്ച ചിത്രം. നിലവിൽ മലയാള സിനിമ ലോകം കടുത്ത പ്രതിസന്ധിയിലാണെന്നും തിയേറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും പരക്കെ പ്രചാരണമുണ്ട്.നടിയെ ആക്രമിച്ച കേസിൽ ദിലീപ് അഴിക്കുള്ളിലായതാണ് ഇതിന് കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഈ അവസ്ഥ മാറിയാൽ മാത്രമേ മലയാള സിനിമയ്ക്ക് പിടിച്ചുനിൽപ്പുള്ളുവെന്നും അതിന് പറ്റിയ വജ്രായുധമാണ് രാമലീല എന്നുള്ള തിരിച്ചറിവിലാണ് സിനിമമേഖലയിലെ മുൻനിരക്കാരടക്കമുള്ളമുള്ളവർ ചിത്രത്തിന്റെ റിലീസിന് അണഇയറപ്രവർത്തകർക്ക് ഉപാധികളില്ലാത്ത പിൻതുണ ലഭ്യമാക്കിയതെന്നും പറയപ്പെടുന്നു. കാണികളെ ആകർഷിക്കുന്ന തരത്തിലാണ് സിനിമ തയ്യാറാക്കിയരിക്കുന്നതെങ്കിൽ വിജയിക്കുമെന്നുമാണ് ഒരുപക്ഷത്തും കാലുകുത്താത്ത സിനിമക്കാരുടെ നിലപാട്.പലതവണ റിലീസ് മാറ്റിവച്ച ചിത്രം ഈ മാസം 28ന് തിയേറ്ററിലെത്തുമെന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഫേസ്‌ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

നവാഗതനായ അരുൺ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രയാഗ മാർട്ടിൻ ആണ് നായിക. ഒരു രാഷ്ട്രീയ നേതാവിന്റെ റോളിലാണ് ദിലീപ് എത്തുന്നത്.