റായ്പൂർ: സർക്കാർ ആശുപത്രി ഉപയോഗിക്കുന്നില്ല എന്ന് വേണ്ട അവിടെത്തന്നെയാവാം മരുമകളുടെ പ്രസവം, പക്ഷേ ആശുപത്രിയുടെ ആ നിലയിലെ എല്ലാവരും ഒന്ന് പോവണം, കഴിഞ്ഞ ദിവസം നടന്ന റായ്പൂരിലെസംഭവ വികാസം വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായ രമൺ സിങ് തന്റെ മരുമകളുടെ പ്രസവത്തിനായി തെരഞ്ഞെടുത്തത് റായ്പൂരിലെ ഭീം റാവു അംബേദ്ക്കർ സ്മാരക ആശുപത്രി ആയിരുന്നു. മുഖ്യമന്ത്രിയുടെ മരുമകളുടെ പ്രസവത്തിനായി ബുദ്ധിമുട്ടിയത് സർക്കാർ ആശുപത്രിയിലെ സാധാരണക്കാരായ ജനങ്ങളുമായിരുന്നു.

മരുമകൾക്ക് പ്രത്യേക പരിഗണന കിട്ടാൻ മറ്റുള്ള പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിക്കുകയാണ് ബിജെപിയുടെ മുഖ്യമന്ത്രിയായ രമൺ സിങ് ചെയ്തത്. മരുമകളെ പാർപ്പിക്കാൻ പ്രത്യേക മുറി ഏർപ്പാടാക്കിയ രമൺസിങ് തന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക വേണ്ടി മറ്റു മൂന്ന് മുറികൾ കൂടി ദുരുപയോഗം ചെയ്തതോടെ രണ്ടാം നിലയിൽ കിടന്ന മുഴുവൻ രോഗികളെയും താഴത്തെ നിലയിലേക്ക് മാറ്റുകയും ചെയ്തു.

ശനിയാഴ്ച പേരക്കുട്ടിയെ കാണാൻ മന്ത്രി ആശുപത്രി സന്ദർശിച്ചു.ഈ സമയത്ത് മന്ത്രിയുടെ സുരക്ഷയ്ക്കായി ആശുപത്രിയിൽ അമ്പതോളം പൊലീസുകാർക്ക് ഇടം ഒരുക്കേണ്ട ചുമതലയാണ് ആശുപത്രിക്ക് വന്നത്. ഇതോടെ രണ്ടാം നിലയിൽ കിടന്ന രോഗികളെയെല്ലാം രണ്ടാം നിലയിൽ നിന്ന് മാറ്റേണ്ട അവസ്ഥയാണ് വന്നത്.

ഇതോടെ താഴെ ഉള്ള നിലയിൽ പ്രസവിച്ച സ്ത്രീകളും നിറ ഗർഭിണികളടക്കം പലരും ഒരു കട്ടിലിൽ രണ്ട് പേർ എന്ന രീതിയിൽ കിടക്കേണ്ട അവസ്ഥയാണ് വന്നത്. ഇത് അവിടെയുള്ള സാധാരണക്കാരെ ആകെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത. മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം അപ്പോൾ തന്നെ ഉയർന്ന് വന്നിരുന്നു.

പിന്നീട് സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങ് ചെയ്ത നടപടി വൻ വിവാദമാകുകയായിരുന്നു, ആശുപത്രി മുഴുവൻ കന്റോൺമെന്റാക്കി മാറ്റിയെന്നാണ് കോൺഗ്രസ് ആരോപിച്ചത്. അധികാരത്തിൽ എത്തിച്ചവരെ മുഖ്യമന്ത്രി അപമാനിക്കുകയായിരുന്നു എന്നാണ് കോൺഗ്രസ് വക്താവ് വികാഷ് തിവാരി പറഞ്ഞത്.

ന്യായീകരണത്തൊഴിലാളികൾ അവിടെയും എത്തി, മുഖ്യമന്ത്രിയുടെ എളിമയെ ഊന്നിപ്പറഞ്ഞാണ് സർക്കാർ വൃത്തങ്ങൾ പ്രതിരോധിച്ചത്. ഒട്ടേറെ സൗകര്യങ്ങളുള്ള അനേകം സ്വകാര്യ ആശുപത്രികൾ ഉണ്ടായിട്ടും മുഖ്യമന്ത്രി മരുമകളുടെ ചികിത്സാർത്ഥം അംബേദ്ക്കർ ആശുപത്രി പോലെയുള്ള ഒരു സർക്കാർ സ്ഥാപനം തെരഞ്ഞെടുത്തത് അഭിമാനകരമാണ് എന്നായിരുന്നു ആരോഗ്യമന്ത്രി പ്രതികരിച്ചത്.