- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമായണ മാസം ആരംഭിച്ചു; ഭക്തിരസ പ്രധാനമായ ഹൈന്ദവ ഗ്രന്ഥത്തെ വീണ്ടും മനസ്സിരുത്തി വായിക്കാം
കേരളം രാമായണ ശീലുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കർക്കിടക മാസക്കാലം ആരംഭിച്ചു. ആധുനിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ടിവി ചാനലുകളും, വർത്തമാന പത്രങ്ങളും, ഇന്റർനെറ്റും എല്ലാം പലതലത്തിൽ രാമായണത്തിന്റെ സ്വാധീനത്തിൽ വന്നിരിക്കുന്നു. രാമായണ അനുസന്ധാനത്തിലൂടെ ഹിന്ദുസംസ്‌കൃതിയുടെ അടിസ്ഥാനശിലകളെ ഓർമ്മിപ്പിക്കുകയും അവയെ കൂട
കേരളം രാമായണ ശീലുകൾ കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന കർക്കിടക മാസക്കാലം ആരംഭിച്ചു. ആധുനിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ ടിവി ചാനലുകളും, വർത്തമാന പത്രങ്ങളും, ഇന്റർനെറ്റും എല്ലാം പലതലത്തിൽ രാമായണത്തിന്റെ സ്വാധീനത്തിൽ വന്നിരിക്കുന്നു. രാമായണ അനുസന്ധാനത്തിലൂടെ ഹിന്ദുസംസ്‌കൃതിയുടെ അടിസ്ഥാനശിലകളെ ഓർമ്മിപ്പിക്കുകയും അവയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യാൻ ഹൈന്ദവ സാമൂഹ്യസംഘടനകൾ ഈയവസരത്തിൽ പരിശ്രമിക്കുന്നു.
രാമായണവും പുരാണങ്ങളുമെല്ലാം ജീർണിച്ച പിന്തിരിപ്പൻ വ്യവസ്ഥിതികളുടെ ശേഷിപ്പുകൾ മാത്രമാണെന്നും അവയെയൊക്കെ പിന്തള്ളിക്കൊണ്ട് സമൂഹം മുന്നേറുകയാണ് വേണ്ടതെന്നും ഇടതുപക്ഷചിന്തകരും യുക്തിവാദികളും വാദിക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ വളരെ ശക്തമായ പ്രചരണം തന്നെ ഈ ദിശയിലുണ്ടായിരുന്നു. ഇന്നിപ്പോൾ സോഷ്യൽ മീഡിയകളിൽ ഒക്കെയാണ് അത്തരം ചർച്ചകൾ സജീവമായി കാണുന്നത്.
രാമായണം സൃഷ്ടിക്കുന്ന സാമൂഹ്യാന്തരീക്ഷത്തിൽ വളർന്നുവരാൻ സാദ്ധ്യതയുള്ള ഹൈന്ദവ രാഷ്ട്രീയാവബോധത്തെ തടയിടാൻ ശ്രമിക്കുന്ന മറ്റു മതസംഘടനകളും അവയുടെ അനുയായികളും ഇപ്പോൾ സജീവമായി ഈ ചർച്ചകളിൽ പങ്കെടുക്കുന്നു എന്നതാണ് പുതുതായി കാണുന്ന ഒരു പ്രതിഭാസം. കാരണങ്ങൾ എന്തൊക്കെയായാലും മനുഷ്യരാശിയുടെ ആദിമകാവ്യമെന്ന് വിലയിരുത്തപ്പെടുന്ന രാമായണം നമ്മുടെ മനസ്സിൽ ഇന്നൊരു ചർച്ചാവിഷയമായി കൂടിയതോതിൽ കടന്നുവന്നുകൊണ്ടിരിക്കുന്നു എന്നത് നിസ്തർക്കമാണ്. വാദപ്രതിവാദങ്ങളിൽ സ്‌കോർ നേടാനായിട്ടാണെങ്കിലും തങ്ങളുടെ വീക്ഷണങ്ങൾക്കു പിൻബലമേകുന്ന പ്രസ്താവങ്ങളും വർണ്ണനകളും തേടിയെല്ലാ വിഭാഗക്കാരും ഇന്നിപ്പോൾ രാമായണ ശീലുകളിലൂടെ തപ്പിനടക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം പലയാവർത്തി വായിക്കാൻ അവസരം കൈവന്നിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ! ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ ചിന്തകൾ ഉണർന്നു വരുന്നു എന്നതാണ് എന്റെ അനുഭവം. അടച്ചാക്ഷേപിക്കാൻ മാത്രമായി അതിൽ ഗവേഷണം നടത്തുന്നവർക്കും സ്വയം മന:സ്സാക്ഷിക്കുത്തുണ്ടാവാതെ അതു ചെയ്യാൻ കഴിയില്ല. എത്ര നിശിതമായ വിമർശനങ്ങൾക്കും ചില മറുവശങ്ങൾ കാണിച്ചു കൊടുക്കുന്ന ഒരു തുറന്ന സമീപനമാണ് ഹിന്ദുപുരാണങ്ങളുടെ ഒരു സവിശേഷത എന്നെനിക്കു തോന്നുന്നു.
ഉദാഹരണത്തിന് ശ്രീരാമൻ ബ്രാഹ്മണരുടെ അഥവാ സവർണ്ണരുടെ മാത്രം ദൈവവും രാമായണം സവർണ്ണ മേധാവിത്തത്തെ അരക്കിട്ടുറപ്പിക്കാൻ രചിക്കപ്പെട്ട ഗ്രന്ഥവുമാണെന്നതാണ് വളരെ നാളായി കേട്ടുവരുന്ന ഒരു വാദം. പലപ്പോഴും ഇത്തരം വാദങ്ങളുടെ ഉറവിടം അന്വേഷിച്ചു പോയാൽ കണ്ടെത്തുന്നത് സത്യസന്ധമായതോ നേരിട്ടുള്ളതോ ആയ ഒരു വിലയിരുത്തലല്ല. പകരം രാഷ്ട്രീയ സാമൂഹ്യ ലാക്കുകളോടെ പണ്ടെങ്ങോ ആരൊക്കെയോ പടച്ചു വിട്ടിട്ടുള്ള പ്രചാരണാശയങ്ങളുടെ വെറും ആവർത്തനം മാത്രമാണ് അവയിൽ പലതും എന്നുകാണാം. കഴിഞ്ഞ കുറേ തലമുറകളായി ഉണ്ടായി വന്ന സംസ്‌കൃതഭാഷയുടെ അപ്രാപ്യതയും, മാതൃഭാഷ തന്നെ ശരിക്ക് കൈകാര്യം ചെയ്യാൻ ഇന്നത്തെ തലമുറയ്ക്ക് കഴിയാത്ത സ്ഥിതിയുമെല്ലാം ഇത്തരം വാദങ്ങൾ ചോദ്യം ചെയ്യപ്പെടാത്ത ഒരു നില കൈവരിക്കാൻ ഇടയാക്കി.
ജീവിതത്തിരക്കുകൾക്കിടയിൽ ഇത്തരം കാര്യങ്ങൾ നേരിട്ട് പഠിച്ചു പരിശോധിക്കാനുള്ള അവസരക്കുറവും സ്വന്തം അഭിപ്രായ രൂപീകരണത്തിന് മറ്റുള്ളവരുടെ വിധികളെ സ്വീകരിക്കേണ്ടി വരുന്ന ഈ സ്ഥിതിവിശേഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. എങ്കിലും ഇപ്പോൾ കുറെയൊരു വ്യത്യാസം ഉണ്ടായി വരുന്നു എന്നു തോന്നുന്നു. ആധുനിക സാങ്കേതികവിദ്യകൾ നൽകുന്ന സൗകര്യങ്ങൾ രാമായണത്തെ പോലുള്ള പൗരാണിക ഗ്രന്ഥങ്ങളെ അതിന്റെ പൂർണ്ണ രൂപത്തിൽ കോർപറേറ്റ് ഓഫീസുകളിലെ കമ്പ്യൂട്ടറുകളിൽ വരെ എത്തിച്ചിരിക്കുന്നു. വായിക്കാൻ പറ്റുന്നവർക്ക് വായിക്കാം. കേൾക്കാൻ സമയമുള്ളവർക്ക് കേട്ടു മനസ്സിലാക്കാം.
അദ്ധ്യാത്മ രാമായണം തുറന്നു വായിക്കുന്ന എന്റെ മനസ്സിൽ ആദ്യം കടന്നുവരുന്നത് ഇതെഴുതിയ തുഞ്ചത്തെഴുത്തച്ഛന്റെ ചിത്രമാണ്. മലയാളത്തിന്റെ പിതാവ് എന്നു കൊണ്ടാടപ്പെടുന്ന ഈ മഹാപുരുഷൻ സാമൂഹ്യവ്യവസ്ഥയിൽ ശൂദ്രൻ എന്ന് നിശ്ചയിക്കപ്പെട്ട ഒരു സമുദായത്തിലെ അംഗമായിരുന്നു എന്ന കാര്യം രാമായണത്തെ സവർണ്ണ സാഹിത്യമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നവരോ അതേറ്റു പാടി നടക്കുന്ന അഭിനവ ചിന്തകന്മാരോ ശ്രദ്ധിച്ചിട്ടുണ്ടോ? വേദാധികാരം ഇല്ലാത്ത (അന്നത്തെ സാമൂഹ്യ വ്യവസ്ഥയനുസരിച്ച്) താൻ ശ്രീരാമകഥ പാടാൻ തുടങ്ങുകയാണ് എന്ന പ്രസ്താവത്തോടെയാണ് എഴുത്തച്ഛൻ രാമായണം ആരംഭിക്കുന്നത് !
പിന്നീട് വാൽമീകിയായി മാറിയ രത്‌നാകരൻ എന്ന ഒരു വനവാസിയുടെ കൃതിയാണ് ആദിമ രാമായണം തന്നെ. രാഷ്ട്രീയ ലാക്കോടെയുള്ള ദുഷ്പ്രചാരണവും അതിന്റെ അന്ധമായ അനുസന്ധാനവും നമ്മെ സത്യത്തിൽ നിന്ന് എത്രമാത്രം അകറ്റിക്കൊണ്ട് പോകുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഒരുദാഹരണമാണിത്. ഇത്തരം ഒരു 'അധ:കൃത'സാഹിത്യം ആയിരക്കണക്കിന് വർഷങ്ങളായി ഒരു രാഷ്ട്രത്തിലെ ജനതയുടെ ജീവിതപ്രവാഹത്തിൽ മുഴുവനായി അലിഞ്ഞു ചേർന്ന് എല്ലാ മണ്ഡലങ്ങളേയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു നിസ്സാരകാര്യമാണോ? ഇതിനെ സവർണ്ണസാഹിത്യം എന്നുവിളിക്കുന്നതിൽ പരം അസത്യം മറ്റെന്തുണ്ട്? ആയിരക്കണക്കിന് ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും രംഗവേദികളിലും ഈ സാഹിത്യം പുനഃപാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. പുനരാവിഷ്‌ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. എണ്ണമറ്റ മഹാപുരുഷന്മാർ ഈ വരികളിലൂടെ തങ്ങളുടെ ജീവിതലക്ഷ്യം കണ്ടെത്തി ധന്യരായി.
അദ്ധ്യാത്മരാമായണത്തിൽ അങ്ങോളമിങ്ങോളം ഈശ്വരാവതാരമായ രാമനെ പറ്റിയുള്ള സ്തുതികൾ കാണാം. ഇവയിൽ ഏതെങ്കിലും ഒന്നെങ്കിലും വായിക്കുന്നവർക്ക് കിട്ടുന്നത് ഈശ്വരൻ എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ അത്യന്ത മധുരമായ ഒരു ചിത്രമാണ്. സൃഷ്ടിയിൽ നിന്നന്യമായി നിന്നുകൊണ്ട് ഒരു ചെങ്കോലും പിടിച്ച് ഭരണം നടത്തുകയും, തന്റെ സൃഷ്ടിയിൽ നിന്ന് നിരുപാധികമായ വിധേയത്വം ആവശ്യപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു ഏകാധിപതിയായ ദൈവത്തിന്റെ ചിത്രത്തിൽ നിന്ന് എത്രയോ വ്യത്യസ്തമായി എല്ലാറ്റിലും സമമായും, സ്‌നേഹ സ്വരൂപമായും, മധുര സ്വരൂപമായും വർത്തിക്കുന്ന നമ്മുടെ ഏറ്റവും അടുത്തു നിൽക്കുന്ന ഒരു ഗുരുവും സ്‌നേഹിതനും രക്ഷിതാവും വഴികാട്ടിയും ഒക്കെയായ ഈശ്വരനെ രാമായണത്തിൽ കാണാം. രാമായണം വായിക്കുന്ന ആർക്കും അതിൽ തെളിയുന്ന ഈശ്വരനോട് ഭയമല്ല ഉളവാകുന്നത്, മറിച്ച് മനുഷ്യമനസ്സിന് കണ്ടെത്താവുന്ന ഏറ്റവും മനോഹരമായ വികാരങ്ങളാണ്. സർവ്വശക്തനും, ഏകനും, പരിപൂർണ്ണനും ഒക്കെയായ ഈശ്വരൻ ഇവിടെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ മാധുര്യത്തിന്റെ പരകോടിയിലേക്കുയർത്താൻ ഒരു മനുഷ്യവേഷം കെട്ടി ലീലയാടുന്നു. സച്ചിദാനന്ദസത്തയെ മകനായും, ജ്യേഷ്ഠനായും, സഖാവായും, ഭർത്താവായും, സ്വാമിയായും, ഗുരുവായും, ഭഗവാനായും ഒക്കെ കണ്ടുകൊണ്ട് ആ ലീലയിൽ പങ്കുപറ്റി ആനന്ദിക്കാൻ തന്റെ സൃഷ്ടങ്ങളെ അനുഗ്രഹിക്കുന്ന കാരുണ്യമൂർത്തിയെ നാമിവിടെ കാണുന്നു. പതിതയായി ശാപമോക്ഷം പ്രതീക്ഷിച്ചു ശിലയായി കഴിയുന്ന അഹല്യയെ വണങ്ങിയതിനു ശേഷമാണ് ശ്രീരാമൻ തന്റെ പാദസ്പർശനം കൊടുക്കുന്നത്. അഭയം തേടുന്ന ഭക്തയായ മുനിപത്‌നിയെ ആദ്യം വണങ്ങി ആദരിക്കുന്ന ഈശ്വരൻ! മനുഷ്യർ തമ്മിലുള്ള സാമൂഹ്യ ബന്ധങ്ങൾക്കും കുലീനമായ ഇടപെടലിനും സ്വയം മാതൃക കാട്ടുന്ന ഈശ്വരൻ! മറ്റേത് വിശ്വാസ സംഹിതയിലുണ്ട് ഈശ്വരനെക്കുറിച്ച് ഇത്ര മഹത്തായ, മാതൃകാപരമായ ഒരു സങ്കൽപ്പം? ഈശ്വരൻ എന്നത് സൃഷ്ടിയിൽ നിന്നന്യമായി മറ്റെവിടെയോ മറഞ്ഞിരിക്കുന്ന ഒരു സത്വമല്ല, മറിച്ച് സൃഷ്ടിയിൽ ആകമാനം ഉൾച്ചേർന്നിരിക്കുന്ന ചൈതന്യം തന്നെയാണെന്നും അവൻ തന്നെയാണ് ഓരോ ജീവന്റെയുള്ളിലും 'ഞാൻ !' എന്ന ഭാവത്തോടെ പ്രത്യക്ഷമായി ലീലയാടുന്നതെന്നും ഉള്ള മഹാസത്യത്തെ രാമായണം നിരന്തരമായി ഓർമ്മിപ്പിക്കുന്നു. ബാലകാണ്ഡത്തിലെ അഹല്യാ സ്തുതിയിൽ കാണുന്ന ഈശ്വരസങ്കൽപ്പമിതാ:-
പുരുഷൻ പുരാതനൻ കേവലസ്സ്വയംജ്യോതി
സകല ചരാചര ഗുരുകാരുണ്യമൂർത്തി
.........
ജഗദാശ്രയം ഭവാൻ ജഗത്തായതും ഭവാൻ
ജഗതാമാദി ഭൂതനായതും ഭവാനല്ലോ
.........
പുറത്തുമകത്തുമെല്ലാടവുമൊക്കെ നിറ
ഞ്ഞിരിക്കുന്നതു നിത്യം നിന്തിരുവടിയല്ലോ
ശുദ്ധനദ്വയൻ സമൻ നിത്യൻ നിർമ്മലനേകൻ
ബുദ്ധനവ്യക്തൻ ശാന്തനസംഗൻ നിരാകാരൻ
സത്വാദിഗുണത്രയയുക്തയാം ശക്തിയുക്തൻ
സത്വങ്ങളുള്ളിൽ വാഴും ജീവാത്മാവായ നാഥൻ
..........
അദ്വൈതവും ഭക്തിയോഗവും സൃഷ്ടി-സ്ഥിതി-സംഹാര തത്വവും ഒക്കെ രാമായണത്തിലെ അനവധി സ്തുതികളിലൂടെ ഇങ്ങനെ കടന്നു വരുന്നു. ഈ ഈശ്വരസങ്കൽപ്പം മനുഷ്യനെ ശാന്തനും സ്വസ്ഥനും ദയാലുവുമാക്കി മാറ്റാൻ പര്യാപ്തമാണ്. ഇത്തരം ആത്യന്തികവും നിരുപാധികവുമായ സമദർശനം ഉയർത്തിപ്പിടിക്കുന്ന രാമായണം ചൂഷണത്തിനും വിഭാഗീയതയ്ക്കും വളം വയ്ക്കുന്നതാണെന്ന ചില കേന്ദ്രങ്ങളുടെ പ്രചരണം കുറച്ചെങ്കിലും ചെലവാകുന്നത് അനുവാചകർ ഇത്തരം ഗ്രന്ഥങ്ങളെ നേരിട്ട് സമീപിക്കാൻ ശ്രമിക്കാത്തതു കൊണ്ടാണ്. ആ അലസതയാണ് ദുഷ്പ്രചാരണം ചെയ്യുന്നവർക്ക് പ്രചോദനമേകുന്നത്.
പുരാണങ്ങളിൽ കാണുന്ന ഈശ്വരാവതാരങ്ങൾ കേവലം അധർമ്മികളെ കൊന്നൊടുക്കാൻ വരുന്ന വീരനായകന്മാരല്ല. അവരിൽ പലരേയും ഈശ്വരൻ കൊല്ലുകയല്ല സംഹരിക്കുകയാണ് ചെയ്യുന്നത്. സംഹാരം എന്നാൽ പൂർണ്ണമായ തിരിച്ചെടുക്കൽ എന്നർത്ഥം. അവരിലെ കർമ്മബന്ധം ഒടുങ്ങിക്കഴിഞ്ഞവർക്ക് ഭഗവാന്റെ കൈകൊണ്ടുള്ള മരണം മോക്ഷത്തിലേക്കുള്ള വഴിയാണ്. അതിദുർലഭമായ പരമാനുഗ്രഹമാണ് അവർക്ക് ലഭിക്കുന്നത്! സാധാരണ നിലയ്ക്ക് നീണ്ട തപസ്സും മറ്റ് ആദ്ധ്യാത്മിക സാധനകളും കൊണ്ട് നേടിയെടുക്കേണ്ടുന്ന ഒന്നാണ് മോക്ഷപദം. ഈശ്വരന്റെ അവതാരം അധാർമ്മികൾക്കു പോലും പരമപുരുഷാർഥ പ്രാപ്തിക്കുള്ള അവസരമായി തീരുന്നു. പുരാണങ്ങളിലെ അവതാരങ്ങൾ കോപവും പരാക്രമവും ഒക്കെ കാട്ടുന്നതായി വർണ്ണിക്കുന്ന എണ്ണമറ്റ സംഭവങ്ങളിൽ ഒടുവിൽ അജ്ഞതയും മദവും കൊണ്ടു മത്തുപിടിച്ച ദുഷ്ടന്മാർ അഹങ്കാരം നഷ്ടപ്പെട്ട് പൂർണ്ണമായി അടിപറഞ്ഞു കഴിയുമ്പോൾ ഭഗവാൻ പുഞ്ചിരിതൂകി പ്രസന്നവദനനായി അനുഗ്രഹിക്കുന്നതും കാണാം. ഈശ്വരന്റെ കോപവും ശാപവും താഡനവും എല്ലാം അവിടുന്ന് ആവിഷ്‌ക്കരിച്ചിരിക്കുന്ന ഈ പ്രപഞ്ചനാടകത്തിലെ വെറും ലീലകൾ മാത്രമാണ് എന്നു നാം ഒടുവിൽ കണ്ടെത്തുന്നു. ആത്യന്തികമായി അസൂയാലുവും പ്രതികാരദാഹിയും അധികാരപ്രമത്തനുമായ ഒരീശ്വരസങ്കൽപ്പം ഹിന്ദുധർമ്മത്തിന് അന്യമാണ്.
ജാതിയെയും പദവിയെയും സാമ്പത്തിനെയും ഒക്കെ ചൊല്ലിയുള്ള മിഥ്യാഭിമാനം എത്ര അർഥശൂന്യമാണെന്ന് ഈ വരികളിലൂടെ എഴുത്തച്ഛൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
ബ്രാഹ്മണോഹം നരേന്ദ്രോഹമാഡ്യോഹമെ
ന്നാമ്രേഡിതം കലർന്നിടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടലാം (ലക്ഷ്മണോപദേശം)
നിർലജ്ജമായി പ്രചരിപ്പിക്കാറുള്ള മറ്റൊരു നുണയാണ് ഭാരതമെങ്ങും വൈഷ്ണവരും ശൈവരും തമ്മിൽ കീരിയും പാമ്പും പോലെ ശത്രുതയിലായിരുന്നു എന്നുള്ളത്. ഇവർ തമ്മിൽ നിരന്തരം സംഘട്ടനങ്ങൾ നടന്നിരുന്നുവത്രേ. ഇതെവിടെയാണ് രേഖപ്പെടുത്തി വച്ചിരിക്കുന്നത് ? ഏത് ആധികാരിക ഗ്രന്ഥത്തിൽ നിന്നാണ് ഇതിനുള്ള തെളിവുകൾ അവർക്ക് കിട്ടിയത് ? നമ്മുടെ പുരാണേതിഹാസങ്ങളെ കേവലം അജ്ഞത കൊണ്ടോ രാഷ്ട്രീയ മതസ്ഥാപിതതാൽപ്പര്യങ്ങൾ കൊണ്ടോ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിച്ച കള്ളക്കഥകളിൽ പെട്ട ഒന്നാണ് ഇതും.
വൈഷ്ണവ സമ്പ്രദായത്തിലെ ഒരു പ്രധാന മൂർത്തിയാണല്ലോ രാമൻ. ഉത്തരേന്ത്യൻ ആര്യദൈവമാണെന്നും ആരോപണമുണ്ട്. അദ്ധ്യാത്മ രാമായണം രചിച്ചിരിക്കുന്നത് ഉമാമഹേശ്വര സംവാദ രൂപത്തിലാണ്. അതായത് ശ്രീപരമേശ്വരൻ പാർവതിക്ക് ശ്രീരാമന്റെ കഥ പറഞ്ഞു കൊടുക്കുന്നു ! മേൽപ്പറഞ്ഞ ശൈവ വൈഷ്ണവ സംഘർഷക്കാരുടെ ദൃഷ്ടിയിൽ രാമനെ അധിക്ഷേപിച്ചും താറടിച്ചും കാണിക്കാനും തങ്ങളുടെ മഹത്വത്തെ ഉദ്‌ഘോഷിക്കാനും ശിവനും ശൈവർക്കും കിട്ടിയ സുവർണ്ണാവസരം. എന്നിട്ടെന്തുണ്ടായി? രാമന്റെ അത്യന്ത മനോഹരമായ സ്തുതികളാണ് ശിവൻ വർണ്ണിക്കുന്ന ശ്രീരാമകഥയിൽ അങ്ങോളമിങ്ങോളം. പോരാഞ്ഞിട്ടോ താൻ തന്നെയാണ് രാമൻ എന്നുകൂടി വ്യക്തമായി ശിവൻ പറയുന്നു !
മുല്പാടു മഹേശനെത്തപസ്സുചെയ്തു സന്തോ
ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം,
ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല
ച്ഛേദനകുഠാരമായ് ഭവിക്ക ഭവാനിതി
പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല
മോർത്തരുൾചെയ്തു പരമേശ്വരനതുനേരം:
യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ.
രാക്ഷസദേഹന്മാരാം നിങ്ങളെ ഛേദിച്ചന്നു
മോക്ഷവും തന്നീടുവനില്ല സംശയമേതും.
എന്നരുൾചെയ്തു പരമേശ്വരനതുമൂലം
നിർണ്ണയം മഹാദേവനായതും രഘുപതി. (ഖരദൂഷണന്മാർക്കു മോക്ഷം)
അപ്പോൾ ഇത് ശൈവർക്കു മേൽ വൈഷ്ണവ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരു കൃതിയാണോ ? ക്ഷമിക്കൂ. ഒരൽപ്പം കൂടി മുന്നോട്ടു പോകൂ. ശ്രീപരമേശ്വരനെ പൂജിക്കുന്ന രാമനെ യുദ്ധകാണ്ഡത്തിൽ കാണാം. ഇതിന്റെയൊന്നും പേരിൽ ദൈവനിന്ദാ കുറ്റമാരോപിച്ച് വൈഷ്ണവരോ ശൈവരോ എഴുത്തച്ഛന്റെ കൈവെട്ടിയില്ല ! ചേരിതിരിഞ്ഞു ആക്രമിച്ചില്ല. പരസ്പരം ആരാധനാലയങ്ങൾ തല്ലിപ്പൊളിച്ചില്ല. മറിച്ച് ഈ രാമായണത്തെ കേരളത്തിലെ വൈഷ്ണവരും ശൈവരുമായ ആബാലവയോധികം ജനങ്ങളും ഒരുപോലെ നെഞ്ചേറ്റുകയാണുണ്ടായത്. 'മതവിദ്വേഷം കൊണ്ട് പരസ്പരം പോരടിച്ചു കൊണ്ടിരുന്നവർ !' എന്നത് വിദേശികൾ തുടക്കമിട്ടതും പിന്നീട് അവരെ പിൻപറ്റിക്കൊണ്ട് ഇടതു ബുദ്ധിജീവികൾ വ്യാപകമായി പ്രചരിപ്പിച്ചതുമായ രാഷ്ട്രീയനുണ മാത്രമാണ്. ഹിന്ദുധർമ്മ വിശ്വാസികൾക്ക് എഴുത്തച്ഛൻ പറഞ്ഞതിൽ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല എന്നതാണു വാസ്തവം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ധർമ്മ ശാസ്ത്രങ്ങളിൽ ഒട്ടനവധി തവണ ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്ന 'ഏകം സത്' എന്ന തത്വദർശനം ആവർത്തിക്കുക മാത്രമായിരുന്നു എഴുത്തച്ഛൻ ചെയ്തത്. അപ്പോൾ ആരുടെ മനസ്സിലാണ് യഥാർഥത്തിൽ വക്രത ? വിഭാഗീയത ? വീക്ഷണ വൈകല്യം?
രാമായണത്തെ പറ്റി കേൾക്കുന്നവർക്ക് അതിലെ പ്രധാന കഥാപാത്രങ്ങളായി കടന്നു വരുന്ന ഹനുമാനും ബാലിയും സുഗ്രീവനും ഉൾപ്പെടുന്ന വാനര പ്രമുഖന്മാരെയും വലിയ വാനര സൈന്യത്തേയും ഓർക്കാതിരിക്കാൻ കഴിയില്ല. ശ്രീരാമന്റെ ദാസന്മാരായി രാമായണത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ വാനരന്മാർ യഥാർഥത്തിൽ അക്കാലത്തെ നിരക്ഷരരും സാമൂഹ്യമായി അധ:കൃതരുമായിരുന്ന വനവാസികളായിരുന്നു എന്നാണ് ചില ബുദ്ധിജീവി നാട്യക്കാർ പ്രചരിപ്പിച്ച കണ്ടുപിടിത്തം. ഉത്തരേന്ത്യൻ ആര്യനായിരുന്ന രാമൻ തെക്കേ ഇന്ത്യൻ ദ്രാവിഡനായിരുന്ന രാവണനോട് ഏറ്റുമുട്ടാൻ കൂട്ടുപിടിച്ച താഴ്ന്ന ജാതിക്കാരായ വനവാസികൾ ! അവരെ മനുഷ്യരായിപ്പോലും കണക്കാക്കാൻ തയ്യാറാകാത്ത വിധം ഔദ്ധത്യമുണ്ടായിരുന്ന ആര്യസംസ്‌ക്കാരം അവരെ വാനരന്മാരായി ചിത്രീകരിക്കുകയായിരുന്നത്രെ ! ഇപ്പോൾ തകർന്നടിഞ്ഞു കഴിഞ്ഞിരിക്കുന്ന ആര്യദ്രാവിഡ വിവാദത്തിലേക്ക് തൽക്കാലം ഇവിടെ കടക്കുന്നില്ല. എന്നാൽ 'താഴ്ന്ന ജാതിക്കാരായ വനവാസികളെ ചിത്രീകരിക്കാൻ സവർണ്ണരും നാഗരികരും ആയ മേലാളന്മാർ ഉപയോഗിച്ച ഒരു ഇകഴ്‌ത്തൽ സങ്കല്പമാണ് വാനരസൈന്യം' എന്ന സിദ്ധാന്തം ചിലരെയെങ്കിലും ചിന്താക്കുഴപ്പത്തിലാക്കും. അങ്ങനെയെങ്കിൽ വീണ്ടും രാമായണ വരികളിലൂടെ ഒന്നു കണ്ണോടിക്കൂ. രാമായണത്തിന്റെ തുടക്കത്തിൽ രാക്ഷസന്മാരുടെ അക്രമത്തിൽ സഹികെട്ട് ഭൂഭാരം കുറയ്ക്കാനായി മഹാവിഷ്ണുവിനെ സമീപിക്കുന്ന ദേവന്മാരോട് മഹാവിഷ്ണു ഇങ്ങനെ അരുളിചെയ്യുന്നു:
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുല നാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ് വരു
മാദിതേയന്മാർ കപിവീരരായ് പിറക്കേണം
പിന്നീട് ദേവന്മാരെ ആശ്വസിപ്പിച്ചു കൊണ്ട് ബ്രഹ്മാവ് ഇതേകാര്യം ആവർത്തിച്ചു പറയുന്നു
'ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ് വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയിൽ
വാസവാദികളായ നിങ്ങളുമൊന്നുവേണം
വാസുദേവനെപ്പരിചരിച്ചു കൊൾവാനായി
ദാസഭാവേന ഭൂമിമണ്ഡലേ പിറക്കണം
മാനിയാം ദശാനനഭൃത്യന്മാരാകും യാതു
ധാനവീരന്മാരോടു യുദ്ധം ചെയ് വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങൾതോറും
വാനരപ്രവരന്മാരായേതും വൈകീടാതെ'
അതായത് രാമായണത്തിലെ വാനരന്മാർ മനുഷ്യരേക്കാൾ ഉയർന്നവരാണ്. ദേവന്മാരുടെ അവതാരങ്ങളായിട്ടാണ് അവരെ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. അവരിലെ പ്രമുഖനായ ശ്രീ ആഞ്ജനേയ സ്വാമി, ഭക്തിയുടേയും, ശക്തിയുടേയും, ബുദ്ധിയുടെയും, നയചാതുര്യത്തിന്റെയും ഒക്കെ ഉത്തമ ദൃഷ്ടാന്തമായിട്ടാണ് രാമായണത്തിൽ നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹം ഈശ്വരനാണ്. അനേകം ഭക്തരുടെ ഉപാസനാ മൂർത്തിയാണ്. ശ്രീരാമൈക്യം നേടിയ ബ്രഹ്മജ്ഞാനിയാണ്. എന്നാൽ മറ്റുള്ളവരെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിക്കുന്ന ഒരു സംസ്‌ക്കാരം വൈദേശികമായ ചില മതഗ്രന്ഥങ്ങളിൽ ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു വസ്തുത. ഒരുപക്ഷേ തങ്ങൾക്കു കൂടുതൽ പരിചയമുള്ള ഗ്രന്ഥങ്ങളിലെ ഈ ഒരു അധിക്ഷേപ രീതി അബോധതലത്തിൽ ഉണ്ടായിരുന്നതു കൊണ്ടാവാം ഭാരതീയ സങ്കൽപ്പങ്ങൾക്കു പിന്നിലും അതേ ചേതോവികാരം തേടാൻ പാശ്ചാത്യരായ ബുദ്ധിജീവികൾ തയ്യാറായത്. കഥയറിയാതെ ആട്ടം കാണുന്ന ഇന്നാട്ടിലെ ചില ബുദ്ധിജീവികളും ഇതെല്ലാം അതേപടി ഏറ്റുപാടി നടക്കുന്നു.
കേരളത്തിലെ അതിവേഗം മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയൊരു പക്ഷേ കാര്യങ്ങൾ നേരെ തിരിഞ്ഞുകൂടാ എന്നുമില്ല. ഒരിക്കൽ ബൂർഷ്വാസിയും, പിന്തിരിപ്പനും ഒക്കെയായി ചിത്രീകരിക്കപ്പെട്ടിരുന്ന പല ബിംബങ്ങളെയും കടമെടുത്ത് തങ്ങളുടെ പോസ്റ്റർ ഐക്കോണുകൾ ആക്കാൻ വിപ്ലവപാർട്ടികൾ മൽസരിക്കുന്ന കാഴ്ചയാണ് ഇന്നിപ്പോൾ കാണുന്നത്. ആർക്കറിയാം സാമൂഹ്യ പരിഷ്‌ക്കർത്താവായ രാമനെ എതിർക്കാൻ പുറപ്പെട്ട ബ്രഹ്മണ മേധാവിത്ത വാദിയായ പരശുരാമൻ യഥാർഥത്തിൽ പിന്തിരിഞ്ഞത് ചെങ്കൊടിയേന്തി രാമനെ അനുഗമിച്ചിരുന്ന സഖാക്കളെ കണ്ടിട്ടാണ് എന്ന്! വരെ നാളെ രാമായണത്തിൽ നിന്ന് ചിലർ കണ്ടെത്തിയേക്കാം !
വെൺകൊറ്റക്കുട തഴ വെഞ്ചാമരങ്ങളോടും
തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിത ധ്വജങ്ങളും
കുങ്കുമ മലയജ കസ്തൂരി ഗന്ധത്തോടും
നടന്നു വിരവോടു മൂന്നുയോജനവഴി
കടന്ന നേരം കണ്ടു ദുർനിമിത്തങ്ങളെല്ലാം (പരശുരാമ സമാഗമം)
ഏതായാലും അനുസന്ധാനം ചെയ്യുന്ന എല്ലാവർക്കും രാമായണത്തിൽ നിന്ന് ആനന്ദം ലഭിക്കും. അതിൽ യാതൊരു സംശയവുമില്ല.