- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയുക്ത ബിഷപ്പുമാർക്ക് റമ്പാൻ സ്ഥാനം നൽകി; പുതിയ റമ്പാൻ സ്ഥാനമേറ്റെടുത്തത് ആറ് വൈദികർ; ചടങ്ങുകൾ നടന്നത് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമ്മികത്വത്തിൽ
പരുമല : മലങ്കര ഓർത്തഡോക്‌സ് സഭയിലെ നിയുക്ത ബിഷപ്പുമാരായ 6 പേർക്കു പരുമല സെമിനാരിയിൽ നടന്ന ശുശ്രൂഷയിൽ റമ്പാൻ സ്ഥാനം നൽകി. ഫാ. ഏബ്രഹാം തോമസ് (ഏബ്രഹാം റമ്പാൻ), ഫാ. പി. സി. തോമസ് (തോമസ് റമ്പാൻ), ഫാ. വർഗീസ് ജോഷ്വ (ഗീവർഗീസ് റമ്പാൻ), ഫാ. വിനോദ് ജോർജ് (ഗീവർഗീസ് റമ്പാൻ), ഫാ. റെജി ഗീവർഗീസ് (ഗീവർഗീസ് റമ്പാൻ), ഫാ. സഖറിയാ നൈനാൻ (സഖറിയാ റമ്പാൻ) എന്നിവർക്കാണു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ നടന്ന ശുശ്രൂഷയിൽ റമ്പാൻ സ്ഥാനം നൽകിയത്. ബാവാ പുതിയ റമ്പാന്മാർക്കു തടിക്കുരിശുകൾ നൽകി.
കുർബാന മധ്യേ നടന്ന ശുശ്രൂഷയ്ക്കു കുര്യാക്കോസ് മാർ ക്ലീമീസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, അലക്‌സിയോസ് മാർ യൗസേബിയോസ് ഡോ.യൂഹാനോൻ മാർ തേവോദോറോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ സഹകാർമികരായിരുന്നു.
ബിഷപ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാനും ശുശ്രൂഷയിൽ പങ്കാളിയായി. കാതോലിക്കാ ബാവായും റമ്പാന്മാരും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തിയതോടെ അഞ്ചു മണിക്കൂർ നീണ്ട ശുശ്രൂഷകൾ സമാപിച്ചു.
കൊടിക്കുന്നിൽ സുരേഷ് എംപി, മാത്യു ടി. തോമസ് എംഎൽഎ, ജോസഫ് എം. പുതുശേരി, മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ സഭ വൈദിക ട്രസ്റ്റി എം.ഒ. ജോൺ, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ, സഭ വക്താവ് ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. ജൂലൈ 28ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലിലാണു ബിഷപ് സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ