ന്യൂഡൽഹി: ഉപ്പുതൊട്ട് കർപ്പൂരം വരെ എന്ന ചൊല്ലിനെപ്പോലും അപ്രസക്തമാക്കിക്കൊണ്ട് മുന്നേറുകയാണ് പതഞ്ജലിയും ബാബ രാംദേവും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽനിന്നൊഴിയുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡായി പതഞ്ജലി മാറുമെന്നുറപ്പാണ്. ദിവസംപ്രതി പുതിയ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുന്ന പതഞ്ജലിയുടെ വ്യവസായ സാമ്രാജ്യം ഏറ്റവുമൊടുവിൽ കൈവെച്ചിരിക്കുന്നത് റെസ്റ്റോറന്റ് രംഗത്താണ്.

നൂറുശതമാനം വെജിറ്റേറിയൻ റെസ്‌റ്റോറന്റായ പോസ്റ്റിക്കിന് ഛണ്ഡിഗഢിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. വൈകാതെ ഇന്ത്യയിലെ വൻനഗരങ്ങളില്ലൊം പതഞ്ജലി റെസ്റ്റോറന്റുകൾ ഇടംപിടിക്കും. സിരഖ്പുരിൽ ആരംഭിച്ച റെസ്റ്റോറന്റിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. രാംദേവിന്റെയും കമ്പനി സിഇഒ ബാൽകൃഷ്ണയുടെയും ചിത്രങ്ങളടങ്ങിയതാണ് റെസ്റ്റോറന്റിലെ മെനു കാർഡുകൾ. ഭിത്തിയിലും ഇവരുടെ ചിത്രങ്ങളുണ്ട്

ഉപഭോക്താക്കൾക്ക് അത്യാവശ്യം വേണ്ട ഹെൽത്ത് ടിപ്പുകളും മെനു കാർഡിൽ ലഭ്യമാണ്. ഉപഭോക്താക്കളുടെ ആരോഗ്യത്തെ മുൻനിർത്തിയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. റീട്ടെയിൽരംഗത്തെ വൻവിജയത്തിന്റെ ചുവടുപിടിച്ചാണ് പതഞ്ജലി പുതിയ പുതിയ ബിസിനസ് രംഗങ്ങളിലേക്ക് കടക്കുന്നത്. റീട്ടെയിൽ രംഗത്ത് പല മൾട്ടിനാഷണൽ ബ്രാൻഡുകളെയും ഇതിനകം പുറന്തള്ളാൻ പതഞ്ജലിക്കായിട്ടുണ്ട്.

കോൾഗേറ്റ്, നെസ്‌ലെ തുടങ്ങിയ ബ്രാൻഡുകളെ പിന്തള്ളിയ പതഞ്ജലി, 150 ശതമാനത്തോളം വളർച്ചയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൈവരിച്ചത്. 2016-17 സാമ്പത്തിക വർഷത്തിൽ പതിനായിരം കോടി രൂപയുടെ ആദായമാണ് രാംദേവ് കണക്കുകൂട്ടിയിരുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 2000 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനം, തൊട്ടടുത്ത വർഷം 5000 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഹിന്ദുസ്ഥാൻ യുണിലിവറിനെ മറികടന്ന് ഇന്ത്യയിലെ ഒന്നാം നമ്പർ ബ്രാൻഡാവുകയാണ് രാംദേവിന്റെ ലക്ഷ്യം.