- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രത്യേക പൂജ നടത്തി ചൊവ്വാദോഷം മാറ്റുന്നതോടൊപ്പം സ്വർണനിധി വരെ എടുത്തു നൽകും; പത്ര പരസ്യം നൽകി ലക്ഷങ്ങളും സ്വർണവും തട്ടി മുങ്ങിയ സ്വാമിയെ പിടിക്കാൻ ചെന്നപ്പോൾ പിടിയിലായത് ഹോട്ടലിൽ ചീഫ് ഷെഫ്; പത്ര പരസ്യത്തിലൂടെ ആളുകളെ വലയിൽ വീഴ്‌ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത രമേശൻ സ്വാമിക്ക് സണ്ണിയെന്നും പേര്
മലപ്പുറം: പ്രത്യേക പൂജ നടത്തി ചൊവ്വാദോഷം മാറ്റുന്നതോടൊപ്പം സ്വർണനിധിവരെ എടുത്തുനൽകുമെന്ന പത്ര പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയ സ്വാമിയെ പിടിക്കാൻ ചെന്നപ്പോൾ പിടിയിലായത് ഹോട്ടലിൽ ചീഫ് ഷെഫ്.
പത്ര പരസ്യത്തിലൂടെ ആളുകളെ വലയിൽ വീഴ്‌ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. വയനാട്, ലക്കിടി അറമല സ്വദേശിയും രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൂപ്ലിക്കാട്ടിൽ രമേശി (36) നെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ കൊല്ലം പുനലൂർ കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
പ്രത്യേക പൂജ നടത്തി ജാതകത്തിലെ ചൊവ്വാദോഷം മാറ്റി വിവാഹത്തിലെ തടസങ്ങൾ നീക്കാമെന്നു പറഞ്ഞ് വണ്ടൂർ സ്വദേശിനിയായ യുവതിയിൽ നിന്നും വിവിധ ദിവസങ്ങളിലായി 1,10,000 രൂപ തട്ടിയ കേസിലാണ് മാസങ്ങൾക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലും പ്രതി സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബവുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാതെ മറ്റൊരു യുവതിയുമായി പ്രണയത്തിലായി കൊല്ലം പുനലൂരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രതി പൊലീസ് വലയിലായത്.
രണ്ടു വർഷം മുമ്പ് വയനാട്ടിൽ നിന്ന് പുനലൂരിലേക്ക് മുങ്ങിയ പ്രതി വയനാട്ടിലെ ബന്ധുക്കളുമായോ, സുഹൃത്തുക്കളുമായോ, ആദ്യ ഭാര്യയുമായോ ബന്ധം പുലർത്തിയിരുന്നില്ല. ഇതോടെ അന്വേഷണ സംഘത്തിന് ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇപ്പോൾ കൂടെ താമസിക്കുന്ന യുവതി പുനലൂർ സ്വദേശിയാണെന്നും ആദ്യ ബന്ധത്തിലുണ്ടായിരുന്ന കുട്ടികൾ വയനാട്ടിലെ സ്‌കൂളിലാണ് പഠിച്ചിരുന്നതെന്നും ഈ കുട്ടികൾ ഇപ്പോൾ പുനലൂരിലെ ഒരു സ്‌കൂളിൽ പഠിക്കുന്നുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് നടത്തിയ അനേഷണത്തിലാണ് പ്രതി ഒരു ഹോട്ടലിൽ ചീഫ് ഷെഫായി ജോലി ചെയ്തു വരികയാണെന്ന് കണ്ടത്തിയത്. ആഴ്ചകളോളം പല വേഷത്തിൽ നിരീക്ഷണം നടത്തിയ പൊലീസ് സംഘം ഒടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പിൽ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അതിനു പൂജ നടത്താനുമുള്ള ചെലവിലേക്ക് അഞ്ചു പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും, സമാന രീതിയിൽ മീനങ്ങാടി സ്വദേശിനിയായ യുവതിയിൽ നിന്നും എട്ടു പവന്റെ സ്വർണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളിൽ സമാന രീതിയിൽ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരിൽ വീടിനു ചുറ്റും ആഴത്തിൽ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തത് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ പ്രതിയുടെ പേരിൽ നിലവിലുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്