- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിപ്പാട് സ്വന്തം അമ്മയെ പോലെ; അവിടെ തന്നെ മത്സരിക്കും; അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം; മണ്ഡലം മാറുന്നുവെന്ന പ്രചരണം തള്ളി രമേശ് ചെന്നിത്തല; തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ തന്നെ താൻ മത്സരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കില്ല എന്ന ചില മാധ്യമങ്ങളിൽ വന്ന വാർത്തക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം എന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ചങ്ങനാശ്ശേരി, അരുവിക്കര, വട്ടിയൂർകാവ്, എന്നിങ്ങനെ പലയിടങ്ങളിൽ മത്സരിക്കുമെന്ന പ്രചാരണം നടത്തുന്നുണ്ട്. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപോലെയാണ് ഹരിപ്പാട്,' ചെന്നിത്തല പറഞ്ഞു. സിഎഫ് തോമസിന്റെ ചങ്ങനാശ്ശേരിയിൽ ചെന്നിത്തല മത്സരിച്ചേക്കുമെന്ന പ്രചരണങ്ങളുണ്ടായിരുന്നു. ഹരിപ്പാട് വിട്ട് ചെന്നിത്തല ചങ്ങനാശ്ശേരിക്ക് വരുമോ എന്ന ചർച്ചകളും ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൻ ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.
തൃപ്പെരുംതുറ പഞ്ചായത്തിൽ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയമായി എടുത്ത തീരുമാനത്തെ തുടർന്നാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജില്ലാതലത്തിൽ എടുത്ത തീരുമാനം ആണ്. ബിജപി അംഗം പ്രസിഡന്റ് ആകുന്നത് ആരോഗ്യകരമല്ല. അത് നാടിന് ഗുണം ചെയ്യില്ല. അതിനാലാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി അധികാരത്തിൽ വരാതിരിക്കുന്നതിന് വേണ്ടി കോൺഗ്രസ് വോട്ടുകൾ എൽഡിഎഫിന് നൽകിയത് രാഷ്ട്രീയ അധാർമ്മികതയാണെന്ന് ആരോപിച്ച് ചെന്നിത്തലയുടെ വീടിന് മുമ്പിൽ ബിജെപി ഉപവാസ സമരം ആരംഭിച്ചിരുന്നു. ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. ചെന്നിത്തല, മാന്നാർ, തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടുകൾ എൽഡിഎഫിന് നൽകിയിരുന്നു. ഇതോടെ ബിജെപിക്ക് അധികാരം ലഭിച്ചിരുന്നില്ല.
കോൺഗ്രസിന്റെ ഈ നടപടി രാഷ്ട്രീയ അധാർമ്മികതയാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ കേരളത്തിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല.
മറുനാടന് മലയാളി ബ്യൂറോ