- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വോട്ടർ പട്ടിക അട്ടിമറിക്ക് പിന്നിൽ സിപിഎം'; 'വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ട് ചെയ്യരുത്'; ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും'; ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; സിപിഎം പറഞ്ഞിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല
വടകര: സംസ്ഥാനത്ത് കള്ളവോട്ടമായി ബന്ധപ്പെട്ട വോട്ടർ പട്ടിക അട്ടിമറിക്ക് പിന്നിൽ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരം വോട്ടുകൾ നീക്കം ചെയ്യണം. ഇരട്ട വോട്ടുകാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും ചെന്നിത്തല വടകരയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
'വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ട് ചെയ്യരുത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്ത് ചെയ്യാമെന്ന് നിയമ വിദഗ്ദരുമായി ആലോചിക്കുകയാണ്. ഇങ്ങനെ വോട്ട് ചേർത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കണം. സർവീസ് സംഘടനകളെ ഉപയേഗിച്ച് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്'. ഇങ്ങനെ വോട്ട് ചേർത്തവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ അവർക്കെതിരെയും നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഗുരുവായൂരിലും തലശേരിയിലും ബിജെപി വോട്ട് വേണ്ടെന്നു പറയില്ലെന്നും ചെന്നിത്തല പറഞ്ഞു. വോട്ടു വേണ്ടെന്ന് രാഷ്ട്രീയ പാർട്ടികളൊന്നും പറയില്ല. ബിജെപി വോട്ടുവേണ്ടെന്ന് സിപിഎം പറഞ്ഞിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് അഴിമതി നടത്തുകയാണ്. എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കൊടുക്കേണ്ട അരി പിടിച്ചുവച്ചു, തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇപ്പോഴാണ് വിതരണം ചെയ്യുന്നത്. വിഷുവിന് വിതരണം ചെയ്യേണ്ട കിറ്റ് വളരെ നേരത്തെയാക്കി ഏപ്രിൽ 6ന് മുൻപ് വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഓണത്തിന് കൃത്യസമയത്തു കിറ്റ് വിതരണം ചെയ്തിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കണക്കിലെടുത്തു വിഷുവിന് വളരെ മുൻപുതന്നെ കിറ്റ് കൊടുക്കുന്നു. ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുകയാണ്. ഇവയെല്ലാം തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് മേൽക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾ ആണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകും.
രണ്ട് മാസത്തെ പെൻഷൻ നേരത്തെ കൊടുക്കുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കോൺഗ്രസിൽ നിന്ന് നേതാക്കൾ പോകുന്നത് ഗൗരവമായി കാണുന്നില്ല . വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എറിയുമെന്നും അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ