തിരുവനന്തപുരം: സിപിഎം നേതാവ് എം വി ഗോവിന്ദന്റെ പ്രസ്താവന വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് പ്രയോജനപ്പെടുത്തി കള്ളവോട്ട് ചെയ്യാനുള്ള ആഹ്വാനമണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർപട്ടികയിൽ വ്യാപകമായി വ്യജവോട്ടർമാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തി ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പു വരുത്തണമെന്നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ നിർദ്ദേശം. അത് ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എം വിഗോവിന്ദന്റെ പ്രസ്താവന കള്ളവോട്ട് ചെയ്യുന്നതിനുള്ള ആഹ്വാനമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും വോട്ട് ചെയ്യുമെന്നും ഒരു തെരഞ്ഞെടുപ്പ് കമ്മീഷനും അത് തടയാനാവുകയില്ലെന്നുമായിരുന്നു തളിപ്പറന്പ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി കൂടിയായ എം.വി ഗോവിന്ദന്റെ പ്രസ്താവന.