തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാൻ വ്യക്തമായ ഗൂഢാലോചന നടന്നതായി തിരിച്ചറിഞ്ഞ് എ-ഐ ഗ്രൂപ്പുകൾ. കെസി വേണുഗോപാലാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ഗ്രൂപ്പുകൾ വിലയിരുത്തുന്നു. രമേശ് ചെന്നിത്തലയ്ക്ക് മാന്യമായി സ്ഥാനമൊഴിയാൻ കെസി അവസരം നൽകിയില്ല. ചെന്നിത്തലയ്ക്ക് ഇനി അധികാരമൊന്നും ഉണ്ടാകില്ലെന്ന സന്ദേശം നൽകി ഐ ഗ്രൂപ്പിലെ നേതാവാകാനാണ് കെസിയുടെ ശ്രമം. ഇതിന വേണ്ടിയാണ് ചെന്നിത്തലയെ അപമാനിച്ചതെന്ന് ഉമ്മൻ ചാണ്ടിയും തിരിച്ചറിയുന്നു.

ഹൈക്കമാണ്ട് പ്രതിനിധികൾ നേതാവിനെ തെരഞ്ഞെടുക്കാൻ എത്തിയപ്പോൾ ആദ്യം സംസാരിച്ചത് ചെന്നിത്തലയോടായിരുന്നു. നേതൃമാറ്റം വേണമോ എന്നും മറ്റെന്തെങ്കിലും പദ്ധതികൾ ഹൈക്കമാണ്ടിനുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒന്നും ഇല്ലെന്നും എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രമാകും മാനദണ്ഡമെന്നും അവർ അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും നൽകിയ സന്ദേശം അതായിരുന്നു. ഇതോടെ എംഎൽഎമാരിൽ ഭൂരിപക്ഷമുള്ള ചെന്നിത്തല സ്വാഭാവികമായി പ്രതിപക്ഷ നേതാവാകുമെന്നും കരുതി. ഹൈക്കമാണ്ട് പ്രതിനിധികൾക്ക് കിട്ടിയ സന്ദേശവും അതു തന്നെയായിരുന്നു. ഇതോടെ ഗൂഢാലോചന തുടങ്ങി.

ഭൂരിപക്ഷ പിന്തുണ ചെന്നിത്തലയ്ക്ക് എതിരാണെന്ന് വരുത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാട് വളരെ കൃത്യമായി പൊതുസമൂഹത്തിൽ എത്തിയതിനാൽ ഇത് നടക്കാതെ പോയി. ഇതോടെ കെസി ജോസഫിനെ കെപിസിസി പ്രസിഡന്റാക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുവെന്ന പ്രചരണം എത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ കെ സുധാകരൻ അനുകൂലികൾ പോലും ചെന്നിത്തലയ്ക്ക് എതിരായി. നിരന്തരം സൈബർ ആക്രമണങ്ങൾ നടന്നു. ഉമ്മൻ ചാണ്ടിയേയും ആക്ഷേപിച്ചു. എന്നാൽ കെസി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള ചിന്ത ഒരു ഘട്ടത്തിലും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയിരുന്നില്ലെന്നതാണ് വസ്തുത.

അണികളുടെ വികാരം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും എതിരാണെന്ന സന്ദേശം ഹൈക്കമാണ്ടിൽ സോഷ്യൽ മീഡിയയിലൂടെ എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. എങ്ങനേയും വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുക. ഇതിലൂടെ ഹൈക്കമാണ്ടിൽ തനിക്കുള്ള സ്വാധീനം തെളിയിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ശ്രമം. ഇതിന് വേണ്ടി ചെന്നിത്തലയ്‌ക്കൊപ്പമുള്ളവരെ തന്ത്രത്തിലൂടെ കൂടെ കൂട്ടുകയായിരുന്നു കെസി. ഇതു മനസ്സിലാക്കിയാണ് ചെന്നിത്തലയ്ക്ക് ഉമ്മൻ ചാണ്ടി പന്തുണ നൽകിയത്. എന്നാൽ എല്ലാം സമർത്ഥമായി ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് കെസി അട്ടിമറിച്ചു.

ഐ ഗ്രൂപ്പിന്റെ നേതാവായി തനിക്ക് മാറാൻ ചെന്നിത്തലയെ അപമാനിച്ച് ഇറക്കി വടണമെന്ന് കെസി മനസ്സിൽ കണക്കു കൂട്ടിയിരുന്നു. ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നിയമനങ്ങളുമായി ബന്ധപ്പെട്ട അകൽച്ച ഇതോടെ പുതിയ തലത്തിലെത്തി. ഐ ഗ്രൂപ്പിലെ നേതാക്കളിൽ കൂടുതലും ചെന്നിത്തലയ്‌ക്കൊപ്പമാണ്. എന്നാൽ എംഎൽഎമാരിൽ ബഹുഭൂരിഭാഗത്തേയും കൂടെ കൂട്ടാനാണ് കെസിയുടെ നീക്കം. കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് അകറ്റാനും സമാന കളികൾ നടക്കാൻ ഇടയുണ്ടെന്ന് ചെന്നിത്തല പോലും കണക്കുകൂട്ടുന്നു.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി ഇപ്പോഴും ചെന്നിത്തലയെ കളിയാക്കുന്നു. എത്രമാത്രം ഈ പ്രതിപക്ഷ നേതാവിനെ പിണറായി ഭയന്നിരുന്നു എന്നതിന് തെളിവാണ് ഇതെന്നും കോൺഗ്രസിലെ മുതിർന്ന നേതാവ് മറുനാടനോട് പറഞ്ഞു. സർക്കാരിനെ ചെന്നിത്തല തീർത്തും പ്രതിരോധത്തിലാക്കി. എന്നാൽ സംഘടനാ പ്രശ്‌നങ്ങൾ കാരണം അതൊന്നും ജനങ്ങളിൽ എത്തിയില്ലെന്നാണ് ഉമ്മൻ ചാണ്ടി പക്ഷത്തിന്റേയും വിലയിരുത്തൽ. അതുകൊണ്ട് തന്നെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് കറിവേപ്പില പോലെ പുറത്താക്കിയത് ശരിയായില്ലെന്നതാണ് ഇവരുടെ നിലപാട്.

സതീശൻ ഒത്തുതീർപ്പിന്റെ പ്രതിപക്ഷ നേതാവാകുമോ എന്ന ആശങ്ക കോൺഗ്രസിലെ വലിയൊരു വിഭാഗത്തിനുണ്ട്. അതുകൊണ്ടു തന്നെ ഭരണത്തിനെതിരെ അതിശക്തമായ നിലപാട് എ-ഐ ഗ്രൂപ്പുകൾ തുടരും. വിഡി സതീശനും ഉമ്മൻ ചാണ്ടിയും ഇന്നലെ സംസാരിച്ചിരുന്നു. ഇന്ന് രാവിലെ ചെന്നിത്തലയുമായും ആശയ വിനിമയം നടത്തി. സംഭവിച്ച നാടകങ്ങളിൽ തനിക്കുള്ള അതൃപ്തി സതീശനോടും ചെന്നിത്തല അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും ചെന്നിത്തല വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനിടെ ഡൽഹിയിലേക്ക് ചെന്നിത്തലയുടെ പ്രവർത്തന കേന്ദ്രം മാറുമെന്നും സൂചനയുണ്ട്.

അതിനിടെ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണയ്ക്കാനും തെറ്റുകളെ തുറന്നു എതിർത്തുകൊണ്ട് തിരുത്തിക്കാനും കഴിയുന്ന ഒരു ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സതീശന് മുന്നോട്ടു പോകാൻ കഴിയുമെന്നും വേണുഗോപാൽ പ്രതികരിച്ചിട്ടുണ്ട്. ജനങ്ങളും പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്ന രീതിയിലുള്ള കാലഘട്ടത്തിനനുസരിച്ചുള്ള തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത് എന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നതെന്നും കെസി പറയുന്നു. പരാജയം സംബന്ധിച്ചുള്ള കാര്യങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ അശോക് ചവാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കോൺഗ്രസ് അധ്യക്ഷ നിർദ്ദേശിച്ചിരിക്കുന്നത്. സംഘടനാ കാര്യങ്ങളിൽ ആ റിപ്പോർട്ട് അനുസരിച്ചു എല്ലാവരുമായും കൂടിയാലോചിച്ചു എന്ത് നടപടി സ്വീകരിക്കണമെന്നാണ് തീരുമാനിക്കും.

ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ നിരീക്ഷകർ, ഇന്ത്യയിലെ തന്നെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ മല്ലികാർജുൻ ഖാർഗെയും വൈദ്യലിംഗവും എം എൽ എ മാരുമായും മറ്റു നേതാക്കളുമായും ബന്ധപെട്ടു അഭിപ്രായം തേടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ ഹൈക്കമാൻഡിനു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് എല്ലാവരുമായും ചർച്ച ചെയ്തുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. പാർട്ടിയിലെ എല്ലാവരും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായെങ്കിലും പാർട്ടി താഴെത്തട്ടിൽ വളരെ ശക്തമാണ്. പ്രവർത്തകർ ആഗ്രഹിക്കുന്നത് കാലഘട്ടത്തിനനസരിച്ചു ഒരു നല്ല നേതൃത്വം വന്നു പാർട്ടിയെ ഒറ്റകെട്ടായി മുന്നോട്ടു നയിക്കുകയെന്നതാണ്. ഇതിൽ എല്ലാവരും വ്യക്തിതാല്പര്യങ്ങൾക്കതീതമായി ഒറ്റകെട്ടായി ആ തീരുമാനത്തിനൊപ്പമാണ് നിന്നത്. അതാണ് കോൺഗ്രസിന്റെ സ്വഭാവമെന്നും വേണുഗോപാൽ പറയുന്നു.