കോട്ടയം: കോൺഗ്രസിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന ഗ്രൂപ്പ് വിഷയങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല എത്തുമ്പോൾ ചർച്ചയാകുന്നത് എ ഐ ഗ്രൂപ്പുകൾക്കിടയിലെ ഐക്യം. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു ഉമ്മൻ ചാണ്ടിക്ക് വേണ്ടി ചെന്നിത്തല വാദിച്ചത്. അച്ചടക്കത്തിന്റെ പരിധിയിൽ നിന്ന് എങ്ങനെ നേതൃത്വത്തെ വിമർശിക്കാമെന്ന് അണികൾക്ക് കാട്ടിക്കൊടുക്കുകയായിരുന്നു ചെന്നിത്തല. വിഡി സതീശനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ വിഡി സതീശന് പോലും അങ്ങനെ ആരോപിക്കാൻ അവസരം കൊടുക്കാത്ത വിധം ചെന്നിത്തല വാക്കുകളെ സൂക്ഷിച്ചു ഉപയോഗിച്ചു.

അധികാരം കിട്ടിയപ്പോൾ ധാർഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിച്ചില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ഈ വാക്കുകൾ വിഡി സതീശനെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിർദ്ദേശ പ്രകാരം ചെന്നിത്തലയെ സതീശൻ ഫോണിൽ വിളിച്ചിരുന്നു. ഇതും ചെന്നിത്തലയുടെ മനസ്സിലെ മുറിവുണക്കിയില്ലെന്നതിന് തെളിവാണ് കോട്ടയത്തെ പരോക്ഷ ആക്രമണം. എങ്ങനെയാണ് നേതൃത്വം പ്രവർത്തിക്കേണ്ടതെന്ന് വിശദീകരിക്കാനും ചെന്നിത്തല മറന്നില്ല. എല്ലാത്തിലും ഉപരി ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തിയാകും ഇനി നേതൃത്വത്തിനെതിരായ ആക്രമണമെന്ന സൂചനയും നൽകുന്നു.

പ്രധാന ശത്രുവായി വിഡി സതീശനെ മുന്നിൽ നിർത്താനാണ് എ-ഐ ഗ്രൂപ്പുകളുടെ നീക്കം. ഉമ്മൻ ചാണ്ടിയെ കുത്തി നോവിച്ച സതീശൻ എന്ന കാരണം പറഞ്ഞാകും ഇത്. കെപിസിസി അധ്യക്ഷൻ സുധാകരൻ നേതാക്കളെ പരസ്യമായി തള്ളി പറഞ്ഞിട്ടില്ല. കെസി വേണുഗോപാലിന് ഹൈക്കമാണ്ടിന്റെ പിന്തുണയുണ്ട്. അതുകൊണ്ട് കെസിയെ വിമർശിക്കുന്നതും പ്രതിസന്ധി കൂട്ടും. ഈ സാഹചര്യത്തിലാണ് വിഡിയെ ശത്രുവായി കണ്ട് ഗ്രൂപ്പുകളുടെ ഏകീകരണത്തിനുള്ള ശ്രമം. എല്ലാ പാർട്ടി വേദികളും ഇതിനുള്ള അവസരമാക്കി ചെന്നിത്തലയും ചാണ്ടിയും മാറ്റും. ഗ്രൂപ്പ് മാനേജർമാർ പരിധിവിട്ട പ്രതികരണങ്ങൾ നടത്തുകയുമില്ല. ഇതിന്റെ സൂചനകളാണ് കോട്ടയത്ത് ചെന്നിത്തല നൽകിയത്. നാട്ടകം സുരേഷ് എ ഗ്രൂപ്പുകാരനാണ്. എന്നിട്ടും കോട്ടയത്തെ സ്ഥാനമേൽക്കൽ ചടങ്ങിൽ ചെന്നിത്തല എത്തിയെന്നതും കൗതുകമാണ്.

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച് നിർത്തി. തന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് ഞാൻ പറയില്ല. താൻ ഈ പാർട്ടിയുടെ നാലണ മെമ്പർ മാത്രമാണ്. ഉമ്മൻ ചാണ്ടി അങ്ങനെയല്ല, അദ്ദേഹം എ.ഐ.സി.സി. വർക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻ ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ഒരുമിച്ചു നിൽക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോൾ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.

മുതിർന്ന നേതാവ് എന്ന് പറയുമ്പോൾ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഇപ്പോൾ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അതിനു മുൻകാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കിൽ എത്രപേർ കോൺഗ്രസിൽ ഉണ്ടാകും എന്ന് പറയാൻ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മൻ ചാണ്ടിയെ അവഗണിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ല- ചെന്നിത്തല പറഞ്ഞു. ഇതിനൊപ്പം കോൺഗ്രസിലെ വിഷയങ്ങളിലേക്കും ചെന്നിത്തല വരിൽ ചുണ്ടി. പ്രശനങ്ങളുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് തുറന്നു പറഞ്ഞു.

കോൺഗ്രസിൽ ചില പ്രശ്‌നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം ഞാനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി. പ്രസിഡന്റും ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തിരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനമാണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി. അധ്യക്ഷൻ കെ.സുധാകരൻ-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അച്ചുതണ്ട് രൂപം കൊണ്ടതിനു പിന്നാലെ കോൺഗ്രസിലെ പല ഗ്രൂപ്പ് സമവാക്യങ്ങളും മാറിമറിഞ്ഞിരുന്നു. ഇതിനെതിരെ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ചുനീങ്ങുമെന്ന സന്ദേശമാണ് ചെന്നിത്തല നൽകുന്നത്. നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെയാണ് ഉമ്മൻ ചാണ്ടിയും മുന്നോട്ട് വച്ചത്. ഇത് അട്ടിമറിച്ചാണ് വിഡി സതീശൻ പ്രതിപക്ഷ നേതാവായത്യ അതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷനുമായി.

സംഘടനാപരമായ കാര്യങ്ങൾ ഉമ്മൻ ചാണ്ടിയുടെ ആലോചിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും ചെന്നിത്തല പറയുന്നത് ഡിസിസി പ്രസിഡന്റുമാരുടെ നിയമന ഉത്തരവിലെ വിവാദത്തിന്റെ ചുവടു പിടിച്ചാണ്. കെപിസിസി ഭാരവാഹി പട്ടികയിലും ഗ്രൂപ്പിന് ഒപ്പമുള്ളവരെ തഴഞ്ഞാൽ അത് പൊട്ടിത്തെറിക്ക് വഴിവച്ചേക്കും.