- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ കോവിഡ് വാക്സിന് മൂന്നു വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടി; വാക്സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കണം; ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്നു; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന്റെ ഭ്രാന്തൻ വാക്സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസർക്കാർ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഓക്സിജൻ കിട്ടാതെ രോഗികൾ മരിക്കുന്ന ദയനീയ അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ആപത്ഘട്ടത്തിൽ പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാന കടമ. ആ കടമ നിറവേറ്റാതെ ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ വാക്സിന് മൂന്നുതരം വില നിശ്ചയിച്ച നടപടിയെയും അദ്ദേഹം വിമർശിച്ചു. ഇത്തരത്തിൽ വാക്സിന് വിവിധ വില നിശ്ചയിക്കുന്നത് ഭ്രാന്തൻ നടപടിയാണ്. ഇത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന അതേ വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകുമ്പോൾ 400 രൂപയാകും. കേന്ദ്ര സർക്കാരിന് ഒരു വില. സംസ്ഥാന സർക്കാരിന് മറ്റൊരു വില. എന്തു തരം നയമാണിതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരായാലും ജനങ്ങളുടെ ഭരണകൂടങ്ങൾ തന്നെയല്ലേ? പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് രണ്ടു സർക്കാരുകളും പ്രവർത്തിക്കുന്നത്. അപ്പോൾ രണ്ടു സർക്കാരുകൾക്കുമിടയിൽ വിവേചനം ഉണ്ടാക്കുന്ന ഒരു നയമെങ്ങനെ കേന്ദ്രം ആവിഷ്ക്കരിച്ചു? ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് തന്നെ എതിരാണ്. ഇനി സ്വകാര്യ ആശുപത്രികൾക്കാണെങ്കിൽ അവയ്ക്ക് വില പിന്നീടും കൂടുകയാണ്. 600 രൂപയാണ് അവർക്കുള്ള വില. സ്വാഭാവികമായും മരുന്നു കമ്പനികൾ ഉല്പാദിപ്പിക്കുന്ന വാക്സിന്റെ നല്ലൊരു പങ്കും ഉയർന്ന വിലയ്ക്ക് സ്വകാര്യ മേഖലയിലേക്ക് വിൽക്കുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.
ഉൽപാദിപ്പിക്കുന്ന വാക്സിനിൽ എത്ര ശതമാനം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടില്ല. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമാകുമെന്ന് മാത്രമല്ല, അനാരോഗ്യകരമായ വടംവലിക്ക് സംസ്ഥാനങ്ങളെ എറിഞ്ഞു കൊടുക്കുന്ന അവസ്ഥയും ഉണ്ടാക്കും. കുറഞ്ഞ വിലയ്ക്ക് കേന്ദ്രത്തിന് ലഭിക്കുന്ന വാക്സിൻ നീതിപൂർവ്വവും വിവേചനരഹിതായമായും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടികളും ഉണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വാക്സിൻ വിതരണത്തെയും ദൗർലഭ്യത്തെയും കുറിച്ച് വ്യാപകമായ പരാതി ഉയർന്നപ്പോൾ ആ ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഒരു ജനാധിപത്യ സർക്കാരും ചെയ്യാൻ പാടില്ലാത്തതാണിത്. രാജ്യത്ത് കോവിഡ് ബാധ ഉണ്ടായിട്ട് ഒരു വർഷത്തിലേറെയായി. രണ്ടാം തരംഗമുണ്ടാകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതുമാണ്. എന്നിട്ടും ഓക്സിജൻ ഉൽപാദനം വർദ്ധിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിച്ചില്ല. ഇത് അക്ഷ്യന്തവ്യമായ തെറ്റാണ്. രോഗബാധ ഉണ്ടായാൽ ചികിത്സയ്ക്ക് എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. എന്തു കാരണത്താലും അത് നിഷേധിക്കപ്പെടാൻ പാടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ