തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ സംഘത്തിന് പിന്നിൽ വൻ സൃംഖലയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനോടപ്പം തന്നെ ചുംബന സമരം പെൺവാണിഭത്തിന് മറയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതിന് സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സൈബർ പൊലീസ് ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ 12 പേരെ അറസ്റ്റ് ചെയ്തത്.

ചുംബന സമരത്തിലൂടെ പ്രശസ്തരായ രഹാൽ പശുപാലൻ, രശ്മി ആർ നായർ എന്നിവരുൾപ്പെടെയാണ് പൊലീസ് പിടിയിലായത്. ഇവർക്കു പുറമെ കാസർക്കോട് സ്വദേശി അബ്ദുൾ ഖാദർ, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആശിഖ്, ബെംഗളൂർ സ്വദേശി ലിനീഷ് മാത്യു എന്നിവരാണ് പെൺവാണിഭ സംഘത്തിലെ മുഖ്യകണ്ണികൾ. ഇവരെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിന് സമീപത്തു വച്ചാണ് പിടിയിലായത്. പ്രായപ്പൂർത്തിയാവാത്ത പെൺകുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്ന് ലിനീഷ് മാത്യു പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പദ്ധതിയെന്നു പറഞ്ഞ് പെൺകുട്ടികളെ ചതിയിൽ പെടുത്തുകയായിരുന്നവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഗ്രാമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ ഏജന്റ്മാരാണെന്ന് പ്രചരണം നടത്തിയാണ് ഇവർ ഇരകളെ കണ്ടെത്തിയത്. ക്യൂക്കർ അടക്കമുള്ള തൊഴിൽ വെബ്‌സൈറ്റ് വഴിയാണ് പ്രചരണം നടത്തിയത്. ഇതിൽ പേര് രജിസ്റ്റർ ചെയ്യുന്നവരെ വലയിലാക്കുന്നതായിരുന്നു രീതി. രാഹുൽ പശുപാലനാണ് എല്ലാത്തിനും നേതൃത്വം നൽകുന്നതെന്നാണ് പൊലീസ് പറയുന്നത്.

ചതിയിൽപ്പെട്ട പെൺകുട്ടികളെ ലിനീഷ് മാത്യുവാണ് കൊച്ചിയിലെത്തിച്ച് രാഹുലിന് കൈമാറുന്നത്. ചതിയിൽപെട്ട പെൺകുട്ടികളെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടെ നിർത്തിയിരുന്നത്. മയക്കുമരുന്ന് നൽകിയാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്നും പലതവണ പീഡിപ്പിക്കപ്പെട്ടതായും പിടിയിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പൊലീസിന് മൊഴി നൽകി. മോഡലാക്കാമെന്ന് വാഗ്ദ്ദാനം നൽകിയാണ് യുവതികളെ സംഘം ആകർഷിച്ചിരുന്നത്. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയായിരുന്നു രശ്മിയും രാഹുൽ പശുപാലനും പെൺവാണിഭത്തിലേക്കിറങ്ങിയത്.

അതേസമയം, അച്ചായൻ, എറണാകുളം സ്വദേശിയായ ജോഷി എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംഘത്തെ വാഹനമിടിച്ച ശേഷം രക്ഷപ്പെട്ട രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു. മുബീന, വന്ദന എന്ന സ്ത്രീകളാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇതിനിടെ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രാഹുൽ പശുപാലന്റെയും രശ്മി ആർ നായരുടേയും ആറ് വയസുകാരനായ മകനെ വിട്ടുകിട്ടാൻ രശ്മിയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ സമീപിച്ചു. എന്നാൽ മജിസ്‌ട്രേറ്റ് കുട്ടികളെ വിട്ടു നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. രശ്മിയും രാഹുലും പൊലീസ് പിടിയിലാകുമ്പോൾ ഇവർക്കൊപ്പം ആറ് വയസുള്ള ആൺകുട്ടിയും ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയായിരുന്നു.