തിരുവനന്തപുരം: ബാർക്കോഴ കേസിൽ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളേ അല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. ബാർക്കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ച് അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചത്.

നേരത്തെ ബിജു രമേശിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: '164 പ്രകാരം മൊഴി നൽകുന്നതിന്റെ തലേദിവസം മുതൽ എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ഗൺമാനാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോൾ മറ്റൊരു സുഹൃത്തിന്റെ ഫോണിൽ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ച് സംസാരിച്ചു.

എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു. തിരുത്തൽവാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എന്റെ വാഹനമാണ് ഉപയോഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞപ്പോൾ ആണ് ഞാൻ രഹസ്യമൊഴിയിൽ അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം അഭ്യന്തരമന്ത്രിയാണെന്നും ബിജു രമേശ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറരുതെന്ന് തന്നോട് അഭ്യർത്ഥിച്ചത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ്. ഇപ്പോൾ അവർ തന്നെ കേസിൽ നിന്ന് പിന്മാറുകയാണെന്ന് ബിജു ആരോപിച്ചിരുന്നു. കെ. എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതിന് ശേഷമാണ് ബാർകോഴ കേസ് അവസാനിച്ചത്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. വിജിലൻസിന് മൊഴി കൊടുത്താൽ നാളെ കേസ് ഒത്തു തീർപ്പാക്കില്ലെന്ന് ഉറപ്പുണ്ടോ എന്നും ബിജു രമേശ് മാധ്യമങ്ങളോട് ചോദിച്ചു. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തുവരികയുള്ളൂവെന്നും ബിജു രമേശ് പറഞ്ഞു.