തിരുവനന്തപുരം: പ്രളയ ദുരിതിശ്വാസത്തിലും, നവകേരള നിർമ്മാണത്തിലും സംസ്ഥാന സർക്കാർ പൂർണപരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ അടിത്തറ തകർത്ത മഹാപ്രളയം ഉണ്ടായിട്ട് 100 ദിവസം തികയുന്നു. ഓഗസ്റ്റ് 15, 16, 17 തീയതികളിലായിരുന്നു പ്രളയം.മുൻകരുതലുകൾ എടുക്കാതെ ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമായത്. 483 പേർ മരണമടഞ്ഞു. 14 പേരെ കാണാതായി. പതിനാലരലക്ഷംപേർ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 57,000 ഹെക്ടർ കൃഷി നശിച്ചു. ആകെ നഷ്ടം 40,000 കോടി രൂപ. ആഴത്തിലുള്ള നാശനഷ്ടമാണുണ്ടായത്. പ്രളയത്തിൽ മുങ്ങിയ വീടുകൾ വാസയോഗ്യമല്ലാതായിത്തീർന്നു.അന്ന് മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്യമുണ്ട്. കേരളത്തെ പുനർനിർമ്മിക്കുകയല്ല. പുതിയ ഒരു കേരളം സൃഷ്ടിക്കാൻ പോകുകയാണ് നമ്മൾ എന്ന്. പക്ഷേ നൂറു ദിവസം പിന്നിടുമ്പോഴും പുനർസൃഷ്ടിയെക്കുറിച്ച് രൂപരേഖ തയ്യാറാക്കാതെ നിൽക്കുകയാണ് സർക്കാർ. പുനർസൃഷ്ടി പോകട്ടെ, ദുരിതാശ്വാസ പ്രവർത്തനത്തിൽപ്പോലും സർക്കാർ എങ്ങും എത്തിയില്ല. ഈ പരാജയം മൂടിവയ്ക്കാനാണ് കേന്ദ്രത്തിൽ നിന്ന് തുക നൽകിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തിൽ നിന്ന് സംസ്ഥാനത്തെ കൈപിടിച്ചു കയറ്റുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

ആ പരാജയത്തിന്റെ ചിത്രം ഇങ്ങനെ.....

വീട് വൃത്തിയാക്കാൻ കിട്ടാതെ പോയ 10,000 രൂപ

ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ തന്നെ 10,000 രൂപ വീതം വീടുകൾ വൃത്തിയാക്കാനും ചെളി കഴുകിക്കളയാനും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.പക്ഷേ, 10,000 രൂപയും വാങ്ങി വീട്ടിലേക്ക് മടങ്ങുവാൻ ആർക്കും കഴിഞ്ഞില്ല. മാസങ്ങളെടുത്തു കുറേ പേർക്കെങ്കിലും 10,000 രൂപ കിട്ടാൻ. അതുതന്നെ സാങ്കേതികത്വത്തിന്റെ നൂലാമാലകളിൽ കുടുങ്ങി. 5.9 ലക്ഷംപേർക്ക് .മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്റെ സഹോദരൻ വി എസ്. പുരുഷോത്തമന്റെ ഭാര്യ സരോജിനിയുടെ കഥമാത്രം എടുത്താൽ മതി എത്രമാത്രം ശുഷ്‌കാന്തിയോടെയാണ് ഈ തുക വിതരണം ചെയ്തതെന്ന് അറിയാൻ. ആലപ്പുഴ പറവൂർ വില്ലേജ് ഓഫീസിലും കാനറാ ബാങ്കിലുമായി 5 തവണ അവർക്ക് കയറിയിറങ്ങേണ്ടിവന്നു. ഒടുവിൽ മാധ്യമങ്ങളിൽ വലിയ വാർത്ത ആയപ്പോഴാണ് കഴിഞ്ഞ ഒക്ടോബർ 8 ന് ഈ പണം അവർക്ക് കിട്ടിയത്.അതായത് രണ്ടു മാസം കഴിഞ്ഞ്.വീട്ടിൽനിന്ന് ചെളി കഴുകിക്കളഞ്ഞ് അകത്തുകടന്ന് താമസം തുടങ്ങാനുള്ള 10,000 രൂപയാണ് രണ്ടുമൂന്നും മാസം കഴിഞ്ഞ് കിട്ടുന്നത്.അത്രയ്ക്കാണ് സർക്കാരിന്റെ കാര്യക്ഷമത.വൻ പരാതിയാണ് 10,000 രൂപയുടെ വിതരണത്തിലുണ്ടായത്. സിപിഎം. പ്രാദേശിക നേതാക്കൾക്ക് താത്പര്യമുള്ളവർക്കാണ് തുക മിക്കവാറും കിട്ടിയത്. അർഹരായവർ തടയപ്പെട്ടു. വീട്ടിൽ വെള്ളം കയറാത്ത ഒരു മുൻ സിപിഎം. എംഎ‍ൽഎ.യ്ക്ക് പോലും കിട്ടി 10,000 രൂപ.

പതിരായ വാഗ്ദാനങ്ങൾ

പ്രളയം കഴിഞ്ഞപ്പോൾ വാഗ്ദാനങ്ങൾ വാരിക്കോരി നൽകാൻ മുഖ്യമന്ത്രിയും സർക്കാരും പിശുക്ക് കാണിച്ചില്ല. 30.8.2018 ലെ മന്ത്രിസഭായോഗം ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തി. അവ മിക്കവയും പതിരായിപ്പോയി.ചെറുകിട കച്ചവടക്കാർ പത്തുലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ നൽകാൻ തീരുമാനിച്ചു. ഒരു ബാങ്കും വായ്പ നൽകിയില്ല. പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് 1 ലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോഷ്യം ഉണ്ടാക്കുമെന്നും പറഞ്ഞു. അതുണ്ടായില്ല. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് അത് വാങ്ങാൻ കുടുംബശ്രീ വഴി ധനസഹായത്തിന് അപേക്ഷ നൽകിയവർ 1,42,107 പേർ. വായ്പ നൽകിയത് 38,441 പേർക്ക്. ആകെ നൽകിയ തുക 308.81 കോടി രൂപ. (നൽകേണ്ടിയിരുന്ന തുക 997.06 കോടി)

കൃഷി നാശം

പ്രളയംമൂലം സംസ്ഥാനത്ത് 56439 ഹെക്ടർ കൃഷി നശിച്ചു എന്നാണ് കണക്ക്. നഷ്ടം 1345 കോടി. 233.84 കോടി രൂപയുടെ കാർഷിക ഇടപെടൽ ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. കാര്യമായി ഒന്നും ഇതുവരെ നടന്നില്ല.കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് തീരുമാനുണ്ടായി. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കഴിഞ്ഞമാസം ഇറങ്ങിയെങ്കിലും നടപ്പായിട്ടില്ല. ബാങ്കുകൾ ഇപ്പോഴും ജപ്തി നോട്ടീസുകൾ അയയ്ക്കുന്നു. കർഷക ആത്മഹത്യകൾ വീണ്ടും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. പ്രളയം കാരണം കൃഷി നശിച്ച കർഷകർക്ക് വീണ്ടും കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിമാറി. കുട്ടനാട് മേഖലയിൽ 1.5 സെന്റീമീറ്റർ മുതൽ 17 സെന്റിമീറ്റർ വരെ എക്കൽ അടിഞ്ഞുകൂടിയതായി പഠനറിപ്പോർട്ട് വന്നു. കോൾ നിലങ്ങളിൽ അമ്ലത്വം കൂടിയതായും റിപ്പോർട്ട് ഉണ്ട്. ഇവയ്ക്കൊന്നും പരിഹാരവും ഉണ്ടായില്ല. 1773 കന്നുകാലികൾ ചത്തതായിട്ടാണ് കണക്ക്. 2075 കാലിത്തൊഴുത്തുകളും നശിച്ചു. നഷ്ടപരിഹാരം ഇപ്പോഴും ഫയലുകളിൽ കുരുങ്ങിക്കിടക്കുന്നു.

വീട് വയ്ക്കൽ

പ്രളയത്തിൽ 954 പേരുടെ വീടുംസ്ഥലവും പൂർണ്ണമായും നശിച്ചു എന്നാണ് കണക്ക്. വീടുകൾ മാത്രം തകർന്നത് 16661. ഭാഗികമായി തകർന്നത് 2.21 ലക്ഷം. ഇവർക്ക് പുതിയ വീട് വയ്ക്കുവാൻ 4 ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിച്ചു. സ്വന്തമായി ഭൂമിയുള്ള വിഭാഗത്തിൽ ഇതുവരെ അപേക്ഷിച്ചത് 6537 പേർ.ആദ്യ ഗഡു നൽകിയത് 1656 പേർക്ക്. നൽകിയ തുക 16 കോടി രൂപ. (വളരെ ചെറിയൊരു ശതമാനത്തിനു മാത്രമേ പദ്ധതി പ്രയോജനപ്പെട്ടുള്ളു.)

നാശനഷ്ടത്തിന്റെ കണക്കുകളിൽ അവ്യക്തത

പ്രളയം കാരണം എത്ര കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തു ഉണ്ടായി എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് സർക്കാരിനു കഴിഞ്ഞിട്ടില്ല. കാർഷിക മേഖലയിലെ നഷ്ടത്തിന്റെ യഥാർത്ഥ മൂല്യം അനുസരിച്ചുള്ള കണക്കല്ല ശേഖരിച്ചത്. വീടുകളുടെയും മറ്റും കണക്കിന്റെ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു നൽകിയ മെമോറാണ്ടം അനുസരിച്ചുള്ള നഷ്ടം 40,000 കോടി.ലോക ബാങ്ക്, എ.ഡി.ബി. എന്നിവയുടെ കണക്ക് 31000 കോടി. പി.ഡി.എൻ.എ. (പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്സ്മെന്റ്) കണക്ക് 26996 കോടി.
ധനസമാഹരണം പാളി

1. കേന്ദ്രത്തിൽനിന്ന് സംസ്ഥാനം ചോദിച്ച നഷ്ടപരിഹാരം 5616 കോടി രൂപ. (കിട്ടിയത് 600 കോടി. ഇനിയെന്തെങ്കിലും തരുമെന്ന് സൂചനയുമില്ല)
2. കേന്ദ്രത്തിൽനിന്നുള്ള പ്രത്യേക ധനസഹായം - 5000 കോടി (അതും കിട്ടുമെന്ന് സൂചനയില്ല)
3. 10 ശതമാനം അഡീഷണൽ ജി.എസ്.ടി.ദേശീയ തലത്തിൽ - 2000കോടി (നടക്കാനിടയില്ല)
4. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജിഡിപിയുടെ 3 ശതമാനത്തിൽനിന്ന് 4.5 ശതമാനമായി ഉയർത്തുക വഴി - 15000 കോടി. (അതും നടന്നില്ല)
5. ലോക് ബാങ്ക് എഡിബി, നബാർഡ് വായ്പകൾ (അതും നടന്നില്ല)
6. സാലറി ചലഞ്ച് ലക്ഷ്യം 1300 കോടി
കിട്ടിയത് 459 കോടി
7. മന്ത്രിമാരുടെ വിദേശസന്ദർശനം (നടന്നില്ല)

ക്രൗഡ് ഹണ്ടിങ് (പരാജയം)

സംസ്ഥാന സർക്കാരിന്റെ കൈയിൽ ഇപ്പോൾ ഉള്ളത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - 2745.72 കോടി
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി - 988 കോടി
ആകെ 3633.72 കോടി

ഇത്രയും വച്ചാണ് സംസ്ഥാന സർക്കാരിന് കേരളത്തെ പുനർനിർമ്മിക്കേണ്ടത്. സംസ്ഥാനത്തിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത് സർക്കാർ ദയനീയമായി പരായപ്പെട്ടുവെന്നാണ് കാണിക്കുന്നത്. ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും അതിൽനിന്നും സംസ്ഥാനത്തെ കൈപിടിച്ച് ഉയർത്താൻ ഒന്നും കഴിയാത്ത ദയനീയാവസ്ഥയിലാണ് സംസ്ഥാന സർക്കാർ. വാചകമടിയല്ലാതെ കാര്യക്ഷമായി ഒന്നും ചെയ്യാൻ സർക്കാരിന് കഴിയുന്നില്ല.