കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് പദവി ദുരുപയോഗം ചെയ്യലാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്യാജ ആരോപണങ്ങൾ ഉയർത്തുകയും അന്വേഷണപ്രഹസനം നടത്തുകയും ചെയ്യുന്ന കേന്ദ്രഅന്വേഷണ ഏജൻസിയെക്കുറിച്ച് പ്രധാനമന്ത്രിക്കു പരാതി നൽകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദം എന്നത് ഭരണഘടനാ സ്ഥാപനമാണ്. വഴിവിട്ട നീക്കം നടക്കുമ്പോൾ നടപടിയെടുക്കേണ്ടത് അവരിൽ അർപ്പിതമായ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കേണ്ടത് സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും വികാരത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇവിടെ അതല്ല ചെയ്യുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗപ്പെടുത്തുകയാണ്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും സ്വർണക്കടത്ത് കേസിലെ അന്വേഷണം മുന്നോട്ടുപോകണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്തു കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. വസ്തുതാപരമായും നിയമപരമായും അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹം. ഇതാണ് കേരളത്തിലെ പൊതുവികാരം എന്നിരിക്കെയാണ്, അതിനെതിരായി സംസ്ഥാന മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് താൻ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണ്- ചെന്നിത്തല വിമർശിച്ചു.

കത്തയക്കുന്ന നടപടി തെറ്റായ കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ വികാരമല്ല കത്തയക്കലിലൂടെ പ്രതിഫലിക്കുന്നത്. സ്വർണക്കടത്ത് കേസിലെ യഥാർഥ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അനുബന്ധമായി നടന്ന കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെടണം. പൊതുവികാരം അതായിരിക്കെ, ഇപ്പോൾ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത് പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു നീക്കമാണെന്നും ചെന്നിത്തല പറഞ്ഞു.

പതിവില്ലാത്ത നിലയിൽ പൊട്ടിത്തെറിച്ചാണ് ഇന്നലെ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികൾക്കെതിരെ സംസാരിച്ചത്. എന്നാൽ ഈ കേന്ദ്ര ഏജൻസികളെ എല്ലാം നിയന്ത്രിക്കുന്ന നരേന്ദ്ര മോദിക്കെതിരായി ഒരു അക്ഷരം പറഞ്ഞില്ല. അമിത് ഷായ്ക്ക് എതിരായി ഒരു അക്ഷരം പറഞ്ഞില്ല. നരേന്ദ്ര മോദിയും അമിത് ഷായും അല്ലേ യഥാർഥ വില്ലന്മാർ. അവരെ പറ്റി എന്തുകൊണ്ടുപറഞ്ഞില്ല. അവരെ പറ്റി ഒരക്ഷരം പറയാതെ അവരെ വിട്ടുകളയുകയല്ലേ ചെയ്തത്. പ്രതിപക്ഷ നേതാവായ തന്നെ പുലഭ്യം പറഞ്ഞതിന്റെ ഒരു ശതമാനം എങ്കിലും നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ പറയാൻ എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും ചെന്നിത്തല ആരാഞ്ഞു.