- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂറിന്റെ കൊലപാതക അന്വേഷണത്തിൽ ദുരൂഹത; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പാർട്ടി ബന്ധുവെന്ന് ചെന്നിത്തല; തെളിവു നശിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല; യഥാർത്ഥ കൊലയാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ്
കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നെന്ന് യുഡിഎഫ് നേതാക്കളുടെ ആരോപണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളുമാണ് ഈ ആരോപണം ഉന്നയിച്ചു രംഗത്തുവന്നത്. അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിനെ ഏർപ്പിച്ചതിൽ ദുരൂഹതയുണ്ട്. പാർട്ടിയുമായി ബന്ധമുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തെളിവുകൾ നശിപ്പിക്കാനുള്ള ഈ ശ്രമം യുഡിഎഫ് അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ യുഡിഎഫ് നേതാക്കൾക്കൊപ്പം മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഈ അന്വേഷണം അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ഏൽപ്പിച്ചിരിക്കുന്നത്. അതിനെ നിന്നുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി..
കുടുംബത്തിനോ യുഡിഎഫിനോ ഈ അന്വേഷണത്തിൽ വിശ്വാസമില്ല. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിട്ടുള്ളത്. എന്തീനാണീ പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നത്. മാർക്സിസ്റ്റ് പാർട്ടി എന്ത് നേടി ഇതിലൂടെ. ആ വാപ്പയുടേയും കണ്ണുനീരും കുടുംബത്തിന്റെ വേദനയും കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല. മൻസൂറിന്റെ കൊലപാതകികളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരേയും കൂടുതൽ വേദനിപ്പിക്കുന്നു.
യഥാർത്ഥ കൊലയാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിലവിലെ അന്വേഷണംകൊണ്ട് അതിന് സാധ്യമാകുമെന്ന് കരുതുന്നില്ല. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേസമയം മൺസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് ജീവനൊടുക്കിയതിനു പിന്നിൽ പൊലിസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ചു സിപിഎമ്മും രംഗത്തുണ്ട്. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലാണ്. പാനൂർ പുല്ലൂക്കര ഓച്ചിറക്കൽ പീടികക്കു സമീപം കൂലോത്ത് രതീഷിനെ(28)യാണ് കോഴിക്കോട് ജില്ലയിലെ വളയത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പ്രഥമവിവര റിപ്പോർട്ട് പ്രകാരം കേസിലെ രണ്ടാം പ്രതിയാണ്. വളയം കല്ലുനിരയിലെ ബന്ധുവീട്ടിനു സമീപത്തെ കശുമാവിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാർ ആസൂത്രിതമായി കേസിൽപ്പെടുത്തകയായിരുന്നുവെന്നും സിപിഎം ആരോപിക്കുന്നു. കള്ളക്കേസിൽകുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകർന്ന യുവാവിനെ ബുധനാഴ്ച മുതൽ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാർ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുള്ളതായി പാർട്ടി പത്രം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ