സിപിഎമ്മിനെതിരായ അടിയന്തര പ്രമേയങ്ങൾ സ്പീക്കർ അംഗീകരിക്കുന്നില്ല; ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുകയാണ് സ്പീക്കറുടെ സ്ഥിരം പതിവ്; സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ല; വിമർശനവുമായി ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ വിമർശനം ആവർത്തിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനെ സ്പർശിക്കുന്ന തരത്തിലുള്ള ഏത് അടിയന്തര പ്രമേയം വന്നാലും തള്ളുക എന്നത് സ്പീക്കറുടെ സ്ഥിരം ശൈലിയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചതിൽ അപാകതയില്ലെന്ന് ഇപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പോളിങ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം സഭയിൽ അവതരിപ്പിക്കാൻ എംഎൽഎ, എൻ.എ.നെല്ലിക്കുന്ന് അനുസരിച്ച് നോട്ടീസ് നൽകിയപ്പോൾ അത് നിഷേധിച്ചു. കണ്ണുരിലെ മയ്യിൽ പഞ്ചായത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നോട്ടീസ് നൽകിയപ്പോൾ സിപിഎം. പ്രവർത്തകരുടെ കാര്യമായതുകൊണ്ട് അതും നിഷേധിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്പീക്കറെ ആ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ പ്രമേയത്തെ സാധൂകരിക്കുന്ന രണ്ട് നടപടികളാണ് ഈ സഭാകാലത്ത് ഉണ്ടായതെന്ന് ചെന്നിത്തല പറഞ്ഞു. റൂൾ 15 തങ്ങളുടെ മൗലികമായ അവകാശമാണെന്ന് പറഞ്ഞ ചെന്നിത്തല മയ്യിൽ സംഭവം ഉന്നയിക്കുന്നതിന് സ്പീക്കർ എന്തിനാണ് തടസം നിൽക്കുന്നതെന്നും ചോദിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 35 ഓളം രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നുവെന്നും ചെന്നിത്തല പറഞ്ഞു. കൃപേഷും ശരത് ലാലുമുൾപ്പെടെയുള്ള ചെറുപ്പക്കാരെ സിപിഎമ്മിന്റെ കൊലയാളികൾ അരിഞ്ഞുതള്ളിയിട്ടും രക്തദാഹം തീരാതെ കൊലവിളിയുമായി നടക്കന്നത് ഭരണത്തിന്റെ തണലുള്ളതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് ഡെസ്ക്