- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സതീശാ, കൺഗ്രാജുലേഷൻസ് മറ്റന്നാൾ നിയമസഭയിൽ കാണാം'; വി ഡി സതീശനെ ഫോണിൽ അഭിനന്ദിച്ച് തീരുമാനം അംഗീകരിച്ച് രമേശ് ചെന്നിത്തല; തീരുമാനത്തെ സ്വാഗതം ചെയ്തു കോൺഗ്രസ് നേതാക്കളുടെ ഘടകകക്ഷികളും; ആവേശത്തോടെ യുവനേതാക്കളും വൈകിയെങ്കിലും തീരുമാനം തെറ്റിയില്ലെന്ന് സൈബർ കോൺഗ്രസുകാരും
തിരുവനന്തപുരം: നിയമസഭാ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് നേതാക്കൾ. രണ്ട് തലമുറകൾ തമ്മിലുള്ള വടംവലിയിൽ നേട്ടമുണ്ടാക്കിയാണ് സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തുന്നത്. ചെന്നിത്തല- ചാണ്ടി ദ്വയത്തിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. അതേസമയം കോൺഗ്രസ് അണികളെ സംബന്ധിച്ചിടത്തോളം ആശ്വാസം നിറഞ്ഞ തീരുമാനമായി സതീശന്റെ സ്ഥാനലബ്ദി. അതേസമയം പദവിയിൽ തുടരാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ ചെന്നിത്തലയ്ക്ക് അത് രാഷ്ട്രീയമായ കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു.
നിശാക്കിടയിലും ചെന്നിത്തല വിഡി സതീശനെ അഭിനന്ദനം അറിയിച്ചു. നിയമസഭാ പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ അംഗീകരിച്ച കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പ്രസ്താവനയിലൂടെ അറിയിച്ചു.
'കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കാൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ വി.ഡി സതീശനെ തിരഞ്ഞെടുത്തു. വി.ഡി സതീശനെ അഭിനന്ദിക്കുന്നു.' ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ തന്നെ വിളിച്ച വി.ഡി സതീശനെ അഭിനന്ദിക്കുകയും തിങ്കളാഴ്ച സഭയിൽ കാണാമെന്ന് ചെന്നിത്തല അറിയിക്കുകയും ചെയ്തു. കോൺഗ്രസിലെയും യു.ഡി.എഫിലെയും മിക്ക നേതാക്കളും തീരുമാനം സ്വാഗതം ചെയ്തു.
ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പാർട്ടി താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിച്ചെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് ഗുണപരമായ സമൂലമാറ്റത്തിന് വി.ഡി സതീശനെ തിരഞ്ഞെടുത്തതിലൂടെ തുടക്കമാകട്ടെയെന്ന് വി എം സുധീരൻ ആശംസിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ,പി.ജെ കുര്യൻ, കെ.മുരളീധരൻ എന്നിങ്ങനെ കോൺഗ്രസ് നേതാക്കളും പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് മുതലായവരെല്ലാം തീരുമാനത്തെ സ്വാഗതം ചെയ്തു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. താനും പാർട്ടിയും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടേണ്ടത് എല്ലാ മതേതര പാർട്ടികളുടേയും ആവശ്യമാണ്. സിപിഎമ്മിനും കോൺഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണ്. കേരളം കഴിഞ്ഞാൽ അഡ്രസില്ലാത്ത അവസ്ഥയിലാണ് സിപിഎം. കേരളമല്ലല്ലോ ഇന്ത്യയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച രമേശ് ചെന്നിത്തലയ്ക്ക് അഭിന്ദനവുമായി കോൺഗ്രസിലെ യുവനേതാക്കളും രംഗത്തെത്തി. സതീശന്റെ സ്ഥാനലബ്ധിയിൽ നിരവധി യുവ നേതാക്കൾ ആവേശഭരിതരാണ്. കഠിനാദ്ധ്വാനം ചെയ്യാം, ജനങ്ങൾക്കൊപ്പം നിൽക്കാം, പുതു തലമുറ വഴി വിളക്കുകളാകണമെന്നാണ് ഷാഫി പറമ്പിൽ വിഡി സതീശന് ആശംസ നൽകിയുള്ള ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നത്.
മികച്ച പാർലമെന്ററി പ്രവർത്തനം,ആഴത്തിലുള്ള പഠനം,ആത്മാർത്ഥമായ ഇടപെടൽ, ജനകീയനായ ജനപ്രതിനിധിയെന്നാണ് വിടി ബൽറാം വിഡി സതീശനെ വിശേഷിപ്പിച്ചത്. എല്ലാ പിന്തുണയും എന്നാണ് ടി സിദ്ദിഖ് വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് കുറിച്ചത്. സമരസപ്പെടലുകൾ ഇല്ലാതെ സമരസമര സാഗരം തീർക്കാൻ വിഡി സതീശനെന്നാണ് യുവ കോൺഗ്രസ് നേതാവ് വി എസ് ജോയ് കുറിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ഡൽഹി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
എന്നാൽ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ശക്തമാക്കുന്ന ഉമ്മൻ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്റണി രാഹുലിനോടും സോണിയയോടും പറഞ്ഞുവെന്നാണ് സൂചന. എന്നാൽ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാഹുലിന്റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചുവെന്ന് തിരുവനന്തപുരം ബ്യൂറോയും റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയിൽ തന്നെ വേണമെന്നും, ആദർശവും ആവേശവും കൊണ്ടുമാത്രം പാർട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനോട് പറഞ്ഞത്.
ഇന്നലെ സതീശനെ അനുകൂലിക്കുന്ന നേതാക്കൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചിരുന്നു. ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞതായാണ് സൂചന. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചർച്ചയിൽ രാഹുലും സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ