തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, സ്പീക്കർ പി.ശ്രീമാകൃഷ്ണൻ, ധനമന്ത്രി തോമസ് ഐസക്ക് എന്നിവരുടെ ചികിൽസാ ചെലവ് വിവാദങ്ങൾ കേട്ട് ആരോപണശരങ്ങൾ ഉയർത്തയിരുന്ന പ്രതിപക്ഷത്തിനും കിട്ടി ഇന്ന് നല്ലൊരടി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചികിൽസാ ചെലവ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രതിപക്ഷ നേതാവ്ടിഎ, ഡിഎ, ടെലഫോൺ ബിൽ. മെഡിക്കൽ ആനുകൂല്യങ്ങൾ എന്നീ ഇനത്തിൽ കൈപ്പറ്റിയിരിക്കുന്നത് 14.5 ലക്ഷം രൂപ.

കെ.വി അബ്ദുൾ ഖാദർ എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിപക്ഷ നേതാവിന്റെ ചെലവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ടിഎ, ഡിഎ ഇനങ്ങളിൽ നാളിതുവരെ ചെന്നിത്തല 5, 56, 061 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. വിമാനയാത്രാ ചെലവിനായി 4, 12, 819 രൂപയും ടെലഫോൺ ബിൽ ഇനത്തിൽ 3, 91, 872 രൂപയും കൈപ്പറ്റിയിട്ടുണ്ട്. മെഡിക്കൽ ചെലവിനത്തിൽ 96, 269 രൂപമാത്രമെ ചെന്നിത്തല കൈപ്പറ്റിയിട്ടുള്ളൂ. മൊത്തം 14, 57,021 രൂപയാണ് ഇതുവരെ കൈപ്പറ്റിയിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ട് മുണ്ടുമുറുക്കിയുടുക്കണമെന്ന് ബജററിലൂടെ തന്നെ ആഹ്വാനം ചെയ്ത ധനമന്ത്രിയും ചെലവിന്റെ കാര്യത്തിൽ മോശമല്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവയ്ക്കായി ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ചെലവഴിച്ചത് 1.20 ലക്ഷം രൂപയെന്നു രേഖകൾ വ്യക്തമാക്കുന്നു.

ചെലവിൽ 80,000 രൂപയും താമസച്ചെലവായാണു കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുർവേദ ചികിൽസയ്ക്കിടെ 14 തോർത്തുകൾ വാങ്ങിയതിന്റെ തുകയും ഐസക് എഴുതിയെടുത്തിട്ടുണ്ട്.21,990 രൂപയാണ് മരുന്നിനായി ചെലവായത്. 79,200 രൂപയാണ് മുറിവാടക. ചികിത്സയിക്കിടെ 14 തോർത്തുകൾ വാങ്ങിയതിന് 195 രൂപ. തലയിണയ്ക്കായി 250 രൂപ.

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സർക്കാർ ചെലവിൽ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു.ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയ ഇനത്തിൽ പൊതു ഖജനാവിൽ നിന്നു 49,900 രൂപയാണു കൈപ്പറ്റിയത്. സ്പീക്കർ എന്ന നിലയിൽ 4.25 ലക്ഷം രൂപ ചികിൽസാച്ചെലവായും ശ്രീരാമകൃഷ്ണൻ എഴുതിയെടുത്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണു വാങ്ങിയത്.അതേസമയം ഡോക്ടർ നിർദ്ദേശിച്ചത് പ്രകാരമാണ് താൻ കണ്ണട വാങ്ങിയതെന്നും ലാളിത്യത്തെ തിരസ്‌കരിക്കുന്ന രീതി താൻ ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു സ്പീക്കറുടെ വിശദീകരണം.

നിയമസഭാ സാമാജികരുടെ ചികിൽസാ ചെലവുകൾക്ക് പരിധി നിശ്ചയിക്കാനും ഇൻഷൂറൻസ് ഏർപ്പെടുത്താനും ആറ് മാസം മുൻപ് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത്തരത്തിൽ സർക്കാരിന്റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു റിപ്പോർട്ട്. ഇതിനിടയിലാണ് കണ്ണടയ്ക്കും ചികിത്സയും എഴുതി വാങ്ങിയ കണക്കുകളുടെ നാണം കെടുത്തുന്ന പട്ടികകൾ പുറത്തുവന്നിരിക്കുന്നത്.