- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണ്ണറുടെ വെളിപ്പെടുത്തലും മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന വാദവും പരിഗണിച്ചില്ല; മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ പുനഃപരിശോധന ഹർജി നൽകി ചെന്നിത്തല; സമഗ്രമായ അന്വേഷണം അനിവാര്യമെന്ന് പരാതിയിൽ
തിരുവനന്തപുരം: മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ച് കോൺഗ്രസിന്റെ നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെ ഉള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തന്റെ വാദവും ലോകായുക്ത അംഗീകരിച്ചില്ലെന്നും ചെന്നിത്തല പറയുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹർജി.
ചട്ടങ്ങൾ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയിൽ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്‌ക്കോ തർക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണെന്ന് ചെന്നിത്തല പറയുന്നു.
കണ്ണൂർ വി സി പുനർ നിയമനക്കേസിൽ മന്ത്രി ആർ ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകിയിരുന്നു. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്നാണ് ലോകായുക്ത വ്യക്തമാക്കിയത്. മന്ത്രി നൽകിയത് നിർദ്ദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നൽകുന്നത് നല്ലാതാകുമെന്ന് മാത്രമാണ്. ആ നിർദ്ദേശം ചാൻസലർ സ്വീകരിച്ചു.
ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദ്ദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നുമാണ് ലോകായുക്ത നിരീക്ഷിച്ചത്. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹർജി തള്ളിയായിരുന്നു ലോകായുക്തയുടെ നിരീക്ഷണങ്ങൾ.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായി ലോകായുക്തയിൽ നൽകിയ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി സിയെ പുനർ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിർദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദ്ദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.
എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ ഗവർണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിർദ്ദേശത്തിലേക്ക് എത്തിയതെന്നായിരുന്നു ഗവർണറുടെ വിശദീകരണം.
വിസിയുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ് ഈ സാഹചര്യത്തിലാണ് ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു അവശ്യപ്പെട്ട് ഹർജി നൽകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന പുതിയ പരാതി ഫയൽ ചെയ്തിട്ടും, അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും, വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് സമാനമാണെന്നും രമേശ് ചെന്നിത്തല പറയുന്നു.
അതേ സമയം പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടതിന്റെ ഇച്ഛാഭംഗം കൊണ്ടോ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കണമെന്ന ഇച്ഛകൊണ്ടോ ആയിരിക്കാം രമേശ് ചെന്നിത്തല തനിക്കെതിരെ പരാതിയുമായി രംഗത്തിറങ്ങിയതെന്നാണ് ലോകായുക്തയുടെ വിധിപ്രഖ്യാപനത്തിന് ശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞത്. പൊതുപ്രവർത്തനത്തിന്റെ സുദീർഘ പാരമ്പര്യമുള്ളവർ വിവാദങ്ങളുണ്ടാക്കാനും അതിന് പിന്നാലെ പോകാനുമല്ല ശ്രമിക്കേണ്ടത്. കാര്യങ്ങൾ ശരിയായി പഠിക്കാതെയും ഗ്രഹിക്കാതെയും വിവാദങ്ങൾ സൃഷ്ടിക്കാൻ പൊതുപ്രവർത്തകർ ഇറങ്ങരുതെന്നും അവർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ