തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പ്രതിച്ഛായ നഷ്ടമായെന്നും ഭൂരിപക്ഷ വോട്ടുകൾ മുന്നണിയിൽ നിന്നും അകന്നെന്നും കാണിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആഭ്യന്തരമന്ത്രി അയച്ച കത്താണ് ഇപ്പോൾ കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയം. നേതൃമാറ്റം ലക്ഷ്യമിട്ട് ചെന്നിത്തല നടത്തുന്ന നീക്കങ്ങളിലെ അവസാനത്തേതായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വ്യാജകത്താണെന്നും താനിങ്ങനെ കത്തയച്ചിട്ടില്ലെന്ന് ചെന്നിത്തല ആവർക്കുമ്പോഴും ഇതേചുറ്റിപ്പറ്റി കോൺഗ്രസ് രാഷ്ട്രീയത്തിൽ വിവാദം കൊഴുക്കുകയാണ്.

ബാർ കോഴയിലും സോളാറിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ഒരോ നീക്കങ്ങൾക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂവെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവരുടെ പക്ഷം. എങ്ങനേയും ഭരണത്തലപ്പത്ത് എത്താനുള്ള ശ്രമമാണ് ചെന്നിത്തലയുടേത്. കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന ധാരണയെ ഹൈക്കമാണ്ടിനെ സ്വാധീനിച്ച് തിരുത്തി ഹരിപ്പാട് മത്സരിച്ചതും മുഖ്യമന്ത്രി പദത്തോടുള്ള ആഗ്രഹമാണ്. ഐ ഗ്രൂപ്പുകാരെ ഒരുമിപ്പിച്ച് വിശാല ഐ ഗ്രൂപ്പുണ്ടാക്കിയ ചെന്നിത്തലയുടെ രാഷ്ട്രീയ നീക്കങ്ങളെ കരുതലോടെയാണ് കോൺഗ്രസിലെ എ വിഭാഗം കാണുന്നത്. എന്നാൽ തന്ത്രജ്ഞനായ ഉമ്മൻ ചാണ്ടിക്ക് മുന്നിൽ അടവൊന്നും നടക്കുന്നില്ല. കെപിസിസി അധ്യക്ഷൻ വി എം സൂധീരനും ഉമ്മൻ ചാണ്ടി പക്ഷത്ത് ആയതിനാൽ കൂടിയാണ് ഇത്.

അടുത്തിടെയുണ്ടായ രണ്ട് നീക്കങ്ങൾ ചെന്നിത്തലയുടെ മുഖ്യമന്ത്രി പദമോഹത്തിന് തെളിവായി കാണുന്നു. സോളാർ കമ്മീഷൻ ജസ്റ്റീസ് ജി ശിവരാജനെ വിമർശിച്ചതാണ് ഇതിലൊന്ന്. സോളാറിൽ ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട് പോയത് വേണ്ടത്ര വീണ്ടുവിചാരമില്ലെന്ന് ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി. ഇത്തരം ജ്യൂഡീഷൽ കമ്മീഷനുകളെ സാധാരണ സർക്കാരിന്റെ ഭാഗത്തുള്ള ആരും വിമർശിക്കാറില്ല. ഈ കീഴ് വഴക്കമാണ് തെറ്റിക്കപ്പെട്ടത്. വ്യക്തമായി ലക്ഷ്യത്തോടെയാണ് ചെന്നിത്തല ഇത് ചെയ്തതെന്നതാണ് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. സോളാർ കമ്മീഷനെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ കേസിൽ മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ഉണ്ടാക്കുകയാണ്രേത ലക്ഷ്യമിട്ടത്. ബിജു രാധാകൃഷ്ണന്റെ സിഡി തേടിയുള്ള യാത്ര പൊളിഞ്ഞപ്പോൾ സന്തോഷിച്ചത് എ ഗ്രൂപ്പുകാരാണ്. ഇതുപോലെയാണ് മുഖ്യമന്ത്രിക്ക് എതിരായ സോളാർ ആക്ഷേപമെന്ന് വാദിക്കാനായിരുന്നു ശ്രമം. എന്നാൽ കമ്മീഷനെ പ്രകോപിപ്പിച്ചതോടെ ഈ മുൻതൂക്കം നഷ്ടമായി.

സരിതയേയും മറ്റും കമ്മീഷൻ വിസ്തരിക്കുമ്പോൾ കർക്കശമായ നിലപാടാണ് എടുത്തത്. സിഡി തെളിവെടുക്കൽ പൊളിക്കാൻ ഗൂഢ ശ്രമമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വാക്കുകൾക്ക് കൂടുതൽ ബലം പകരുന്നതായി കമ്മീഷന്റെ വിശദീകരണങ്ങളും. ഇതിന് വേണ്ടി മനപ്പൂർവ്വമാണ് കമ്മീഷനെ ചെന്നിത്തല വിമർശിച്ചത്. അനവസരിത്തിലുള്ള ഇത്തരം വിമർശനങ്ങൾ എന്തിനാണെന്നാണ് ചോദ്യം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽവിയിൽ ഹൈക്കമാണ്ടിന് അയച്ച കത്തും ഇതിന് തെളിവാണ്. എല്ലാ കുറ്റവും മുഖ്യമന്ത്രിക്കും സുധീരനും. സർക്കാർ അഴിമതിയിൽ മുങ്ങിയെന്നും പറയുന്നു. ഇതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണെന്നും എ വിഭാഗം പറയുന്നു. ഇതിന് കരുത്ത് പകരുന്നതാണ് സ്പീക്കർ ശക്തനെതിരെ നിയമസഭയിൽ നടത്തിയ വിമർശനങ്ങൾ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആവശ്യം പരിഗണിച്ചാണ് ബിൽ അവതരണ ചർച്ച സ്പീക്കർ നേരത്തെയാക്കാൻ ശ്രമിച്ചത്. എന്നിട്ടും ചെന്നിത്തല കാര്യങ്ങൾ വഷളാക്കി.

ബിൽ അവതരണ ചർച്ച പൂർത്തിയായാൽ മാത്രമേ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിയെ കാണാൻ പോവാൻ കഴിയൂ. ആർ ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭാ നടപടിക്രമം മൂലം വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ അത് വലിയ വിവാദമാകുമായിരുന്നു. മോദിയെ മനപ്പൂർവ്വം ഉമ്മൻ ചാണ്ടി ഒഴിവാക്കിയെന്നും വികസനത്തേക്കാൾ രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിക്കുള്ളതെന്നും പ്രചരണമെത്തും. ദേശീയ തലത്തിൽ പോലും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബഹിഷ്‌കരിച്ചത് വാർത്തയാകും. നിയമസഭാ സമ്മേളനവും ബിൽ അവതരണവുമെല്ലാം അറിഞ്ഞിട്ടും പ്രധാനമന്ത്രിയെ നാണംകെടുത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചെന്ന വിവാദം ഉയരും. ഇത് മോദിയെ പ്രതീക്ഷയോടെ കാണുന്ന ഭൂരിപക്ഷ സമുദായത്തെ ഉമ്മൻ ചാണ്ടിക്ക് എതിരാക്കും. ഇതിനുള്ള നാടകമാണ് നിയമസഭയിൽ ചെന്നിത്തല നടത്തിയത്. അതുകൊണ്ട് കൂടിയാണ് സ്പീക്കർ കടുത്ത നിലപാട് എടുത്തത്.

ദോശ ചുടുന്നത് പോലെ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന ചെന്നിത്തലയുടെ പരാമർശത്തിൽ സ്പീക്കർ ബഹിഷ്‌കരണം നടത്തിയത് മുഖ്യമന്ത്രിയുടെ കൂടെ അറിവോടെയാണെന്നാണ് സൂചന. ചെന്നിത്തല വിളിച്ച് ഖേദപ്രകടനം നടന്ന ശേഷം സഭയിൽ എത്തിയാൽ മതിയെന്ന നിലപാട് എ ഗ്രൂപ്പും എടുത്തു. ഇതാണ് നടപ്പിലായത്. ഇതിനൊപ്പം ചെന്നിത്തലയുടെ ഇരട്ടമുഖം കോൺഗ്രസ് ഹൈക്കമാണ്ടിനെ അറിയിക്കാനും കഴിഞ്ഞു. അനാവശ്യവിവാദമുണ്ടാക്കിയതിനെതിരെ ഹൈക്കമാണ്ടിൽ സ്പീക്കറോട് അടുത്ത വൃത്തങ്ങൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിലെ സംഘടനാ വിഷയങ്ങളിൽ കോൺഗ്രസ് ഹൈക്കമാണ്ട് ഇടപെടുന്നത്. ഫലത്തിൽ മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ നീക്കങ്ങൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നുവെന്നാണ് കോൺഗ്രസിൽ നിന്നുള്ള വിലയിരുത്തൽ. എകെ ആന്റണിയുടെ നിലപാടാണ് ഇക്കാര്യത്തിൽ ചെന്നിത്തലയ്ക്ക് കൂടുതൽ തിരിച്ചടിയാകുന്നത്.

സ്ഥാനമോഹങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഐ ഗ്രൂപ്പ് നടത്തുന്നത്. നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ കോൺഗ്രസ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീതിയുണ്ടായി. ഇതിനെയാണ് ഗ്രൂപ്പ് പോരുകൾ അട്ടിമറിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റേയും നിലപാട്. കോൺഗ്രസിന് ദേശീയ തലത്തിൽ നിലമെച്ചപ്പെടുത്താൻ കേരളത്തിലെ നിയമസഭാ വിജയം അനിവാര്യമാണ്. ഇതിനിടെയിൽ മുഖ്യമന്ത്രിയേയും സഹമന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തുന്നത്. ഇത് കോൺഗ്രസിന് ദോഷം ചെയ്യും. സോളാർ കമ്മീഷനെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിക്ക് എതിരെ പരമാർശം ഉണ്ടാക്കുന്നത് പാർട്ടിക്കാണ് ദോഷം. പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വിഭാഗീയതയെല്ലാം മാറ്റി വച്ച് സിപിഐ(എം) പ്രവർത്തിക്കുമ്പോൾ. വി എസ് അച്യൂതാനന്ദൻ പിണറായി വിജയന് നൽകുന്ന പരിഗണന പോലും ചെന്നത്തലയിൽ നിന്ന് ഉമ്മൻ ചാണ്ടിക്കുണ്ടാകുന്നില്ലെന്നാണ് പരാതി.

മുഖ്യമന്ത്രിയെ വിവാദത്തിൽ നിറച്ചു നിർത്താനുള്ള ചെന്നിത്തലയുടെ നീക്കം ഹൈക്കമാണ്ട് തടയണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇത് അംഗീകരിച്ചാണ് അടുത്തയാഴ്ചത്തെ ഡൽഹിയിലെ ചർച്ച. ആഭ്യന്തരമന്ത്രിക്ക് വ്യക്തമായ മാർഗ്ഗ നിർദ്ദേശം നൽകാൻ ഹൈക്കമാണ്ടിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. ബാർ കോഴയിലെ സംശയകരമായ ഐ ഗ്രൂപ്പിന്റെ ഇടപടൽ ഉമ്മൻ ചാണ്ടി കാര്യമായെടുത്തില്ല. ബിജു രമേശിനെ കൊണ്ട് കൈം മാണിയെ രാജിവയ്‌പ്പിച്ചതിന് പിന്നിൽ ചെന്നിത്തലയുടെ കൈ പകൽ പോലെ വ്യക്തമാണെന്ന് എ വിഭാഗം പറയുന്നു. വിശാല ഐ ഗ്രൂപ്പ് എന്ന സങ്കൽപ്പം കാട്ടി ചെന്നിത്തല എല്ലാവരേയും പറ്റിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും എ വിഭാഗം പറയുന്നു. കെ മുരളീധരനും കെ സുധാകരനും അടക്കമുള്ള നേതാക്കളൊന്നും ചെന്നിത്തലയെ അനുസരിക്കുന്നില്ലെന്നാണ് ഇവരുടെ പക്ഷം.

തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുകാരെ ബോധപൂർവ്വം തോൽപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. നായർ സമുദായത്തിന് മേൽകൈയുള്ളിടത്തെല്ലാം ബിജെപി നേട്ടമുണ്ടാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ വിജയിപ്പിക്കാൻ ഐ ഗ്രൂപ്പ് മന്ത്രിയായ ശിവകുമാർ ഇടപെടൽ നടത്തിയെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. തൃശൂരിലും ഇത് തന്നെയാണ് സംഭവിച്ചത്. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ചെന്നിത്തലയുടെ അറിവോടെ നടന്ന ഗൂഢാലോചനയാണിതെന്നാണ് എ പക്ഷം പറയുന്നത്. തദ്ദേശത്തിൽ കോൺഗ്രസ് ജയിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടി സ്വയം ഉയർന്നേനെ. ഇതിനെ അട്ടിമറിക്കാനുള്ള കള്ളക്കളിയായിരുന്നു തദ്ദേശത്തിലെ തോൽവി. ഇനിയും ഇത് തുടർന്നാൽ കോൺഗ്രസിന് നിയമസഭയിൽ സമ്പൂർണ്ണ പരാജയമാകും ഫലം.

തോറ്റാലും കുഴപ്പമില്ല ഉമ്മൻ ചാണ്ടിയെ തകർക്കാനാണ് നീക്കം. ഐ ഗ്രൂപ്പിലെ ഒരുവിഭാഗം നടത്തുന്ന സംഘടിത ശ്രമത്തെ ചെറുക്കാനാണ് എ പക്ഷത്തിന്റെ നീക്കം. ഈ ആരോപണങ്ങൾക്ക് വ്യക്തമായി മറുപടി പറയാൻ ഐ ഗ്രൂപ്പിന് കഴിയാത്തതും ശ്രദ്ധേയമാണ്.