ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൈയേറിയെന്നു പരാതി. 'കരുതൽ-2015' ൽ കൈയിട്ട് രമേശ് ചെന്നിത്തല കേമനാകാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നലെ ആലപ്പുഴ ജനസമ്പർക്ക പരിപാടിയിൽ കണ്ടത്. ഇതോടൊപ്പം എ - ഐ വടംവലിയും. ജനങ്ങൾക്ക് നേരിട്ടു സഹായമെത്തിക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ മൂപ്പിലാൻ കളിയുണ്ടായത്. സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തല അദ്ധ്യക്ഷപ്രസംഗത്തിൽ, ലഭിച്ച പരാതികളെല്ലാം മുഖ്യമന്ത്രി എത്തുന്നതിനുമുമ്പേ താൻ പരിഹരിച്ചിരുന്നുവെന്ന് വിളിച്ചുപറയുണ്ടായിരുന്നു. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമമായ പി ആർ ഡിയിലൂടെ തന്റെ ഉശിരൻ പ്രസംഗം പ്രസിദ്ധീകരിപ്പിക്കുകയും ചെയ്തു.

ആകെ ലഭിച്ച 12,508 പരാതികളിൽ 90 ശതമാനം പരാതികളും തന്റെ സാന്നിദ്ധ്യത്തിൽ പരിഹരിച്ചെന്നാണ് ആഭ്യന്തര മന്ത്രി തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടത്. ജനസമ്പർക്കം തുടങ്ങിയപ്പോൾത്തന്നെ തന്റെ സാന്നിധ്യം മുഴച്ചുകാണാൻ രമേശ് ചെന്നിത്തല ഉദ്ഘാടന സമ്മേളനത്തിനുശേഷം വേദിയിൽനിന്നും മുഴുവൻ നേതാക്കളെയും ഇറക്കി വിട്ടു. ആദ്യം സ്വന്തം നിലയിൽ കൈയിലിരുന്ന മൈക്കിലൂടെ ചെറുതും വലുതുമായ നേതാക്കളോട് വേദി വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരും പോകാൻ തയാറായില്ല. ജനങ്ങളുടെ മുന്നിൽ ഷൈൻ ചെയ്യാനും നല്ലപിള്ള ചമയാനും കിട്ടുന്ന അവസരമെങ്ങനെ കളഞ്ഞുകുളിക്കും.

എന്നാൽ നേതാക്കളെ ഇറക്കിവിടാൻ ആഭ്യന്തര മന്ത്രി ഉടൻ തന്റെ അധികാരം പ്രയോഗിച്ചു. നേതാക്കളെ വേദിയിൽനിന്നും ഒഴിവാക്കാൻ ജില്ലാ പൊലീസ് മേധാവിയെ തന്നെ വിളിച്ചുവരുത്തി. ഹരിപ്പാടുകാരൻ കൂടിയ പൊലീസ് മേധാവിയാകട്ടെ ആഭ്യന്തര മന്ത്രിയുടെ വാക്കുകേട്ട് മറ്റു പൊലീസുകാരെ കൂട്ടി വേദിയിലെത്തി നേതാക്കളെ മുഴുവൻ ഇറക്കിവിട്ടു.

ഗത്യന്തരമില്ലാതെ നേതാക്കൾ ഇറങ്ങിപ്പോയതോടെ സ്വന്തമായി മേശയിട്ട് രമേശ് ചെന്നിത്തല ഐക്കാരോടൊപ്പം ചേർന്ന് ജനങ്ങളിൽനിന്നും പരാതികൾ നേരിട്ടു കൈപ്പറ്റി തുടങ്ങി. ഇതോടെ കഴിഞ്ഞ സമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിയുടെ വലം കൈയായി പ്രവർത്തിച്ച പി സി വിഷ്ണുനാഥ് എം എൽ എയ്ക്കും മുൻകേന്ദ്രസഹമന്ത്രിയും ഇപ്പോൾ ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാലിനും ഇടം ലഭിക്കാതെ പോയി. വേദിയിലിരുന്ന മുഖ്യമന്ത്രി അടക്കമുള്ളവർക്ക് ഇതു പിടിച്ചില്ലെങ്കിലും സംയമനം പാലിച്ച് പ്രതികരിക്കാതെ പിൻവാങ്ങി. രമേശിന്റെ മേശയ്ക്കു ചുറ്റും ആളും കൂടി. ഐഗ്രൂപ്പുകാർ അങ്ങോട്ടേയ്ക്ക് ആളെക്കൂട്ടാൻ വേണ്ട സഹായവും ചെയ്തു.

യു.ഡി.എഫ്. സർക്കാരിന്റെ മൂന്നാമത് ജനസമ്പർക്ക പരിപാടിയാണ് ജില്ലയിൽ നടന്നത്. ജില്ലയിൽ 8.27 കോടിയുടെ സഹായം വിതരണം ചെയ്തു. ജില്ലയ്ക്ക് 21 പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചു. ഏതായാലും ഐക്യം പറഞ്ഞുറപ്പിച്ച് കൈയടിച്ചു പിരിഞ്ഞ നേതാക്കൾ പൊതുവേദികളിൽപ്പോലും അവസരങ്ങൾ മുതലാക്കി പൊരുതുകയാണ്. ജില്ലയിലെ ചാർജുകാരൻ കൂടിയായ രമേശ് ചെന്നിത്തലയുടെ പ്രവൃത്തി വേദിയിലുണ്ടായിരുന്ന പല നേതാക്കൾക്കും ഇഷ്ടപ്പെട്ടില്ലെന്ന വിവരം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാൻ യുവനേതാക്കൾ തയ്യാറെടുക്കുകയാണ്.

രമേശിന്റെ താൻപ്രമാണിത്തം വച്ചുപൊറുപ്പിക്കില്ലെന്നാണ് യൂത്തന്മാർ പറയുന്നത്. ഏതായാലും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനസമ്പർക്കപരിപാടികൾ മുഖ്യമന്ത്രിയുടെ വൺമാൻ ഷോയായിരുന്നെങ്കിൽ തന്റെ തട്ടകം ഉൾപ്പെടുന്ന ആലപ്പുഴയിൽ നടന്ന ജനസമ്പർക്കത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണു രമേശ് ചെന്നിത്തല ശ്രമിച്ചത്.