- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂവെന്ന തെരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തലിനെ വെല്ലുവിളിച്ച് ചെന്നിത്തല; ഇരട്ടവോട്ടുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം നാളെ പുറത്തുവിടും; മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി; വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട; ഇഎംസിസി ധാരണാപത്രം ഇനിയും റദ്ദാക്കിയില്ലെന്നും പ്രതിപക്ഷ നേതാവ്
ആലപ്പുഴ: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ അദ്ദേഹം തള്ളിക്കളഞ്ഞു. കമ്മിഷൻ പറയുന്നത് വാസ്തവത്തിൽ അതിശയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നാളെ പുറത്തുവിടും. താൻ പറയുന്നതാണോ അതോ തിരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നതാണോ ശരിയെന്ന് പൊതുജനങ്ങൾ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരട്ടവോട്ട് ചെറിയ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേർത്തിരിക്കുന്നത്. ഈ വ്യാജ വോട്ടർമാർ ഒരു കാരണവശാലും വോട്ടെടുപ്പിൽ പങ്കെടുക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഴക്കടൽ മത്സ്യക്കൊള്ളയ്ക്കായി സംസ്ഥാന സർക്കാർ ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
'റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. ഒരു മാസം കഴിഞ്ഞിട്ടും ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരം. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങൾ നിർമ്മിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇ.എം.സി.സി. സർക്കാരുമായി ഒപ്പിട്ട ഒറിജിനൽ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്', ചെന്നിത്തല പറഞ്ഞു. ധാരണാപത്രം ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ വേണ്ടിയാണ് ഒറിജിനൽ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി പറയുമ്പോൾ മാത്രമാണ് പിണറായിക്ക് ക്ഷൗര്യമുണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വനാളിതുവരെ കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോൾ ഇവിടെ വികസനം ഉണ്ടാകുമെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേന്ദ്രം കേരളത്തെ എപ്പോഴും അവഗണിക്കുകയായിരുന്നു. കണക്ക് പറഞ്ഞ് വാങ്ങാൻ സംസ്ഥാന സർക്കാറിനും ശേഷിയുണ്ടായിരുന്നില്ല. ലാവ്‌ലിൻ കേസ് നീട്ടിവെക്കുന്നതിൽ മാത്രമായിരുന്നു പിണറായിക്ക് ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു.
ജി.എസ്.ടിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാനായില്ല. എയിംസ് കൊണ്ടുവരാനായില്ല. റബർ പോലുള്ളവയുടെ വിലയിടിവിന് പരിഹാരമുണ്ടാക്കാൻ കേന്ദം ഒന്നും ചെയ്തില്ല. എന്നാൽ, മോദിയെ കുറിച്ച് പിണറായി ഒന്നും പറയുന്നത് കേട്ടില്ല. പിണറായിയും മോദിയും ഭായി-ഭായി കളിക്കുകയാണ്. ഏറ്റുവുമൊടുവിൽ സ്വർണകള്ളകടത്തു കേസ് ബിജെപിയുമായി ഒത്തു ചേർന്ന് മരവിപ്പിച്ചു. പകരം ബിജെപിക്ക് ഏതാനും സീറ്റുകൾ എന്നതാണ് ധാരണ. രാജ്യത്തെ കോൺഗ്രസ് സർക്കാറുകളെ അസ്ഥിരപ്പെടുത്തുന്ന ഇ.ഡി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണാധികാരികൾക്ക് നേരെ കണ്ണടക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്.
ശബരിമലയിലെ ആചാരങ്ങൾ ചവിട്ടിമെതിച്ചാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് ആരു വിശ്വസിക്കും. നിയമ നിർമ്മാണം നടത്തി പ്രധാനമന്ത്രിക്ക് ശബരിമലയെ സംരക്ഷിക്കാമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലക്കായി നിയമ നിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വോട്ടുകൾ ഞങ്ങൾക്ക് വേണ്ട. കോൺഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുക്കുന്നവർ ഞങ്ങൾക്ക് വോട്ടുചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സ്ഥലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികളെ തോൽപിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ് താവനയെകുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡീൽ സിപിഎമ്മും ബിജെപിയും തമ്മിലാണ്. സുരേഷ്‌ഗോപിയുടെ പ്രസ്താവന ഗൗരവമായി എടുക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ