തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച ലിത്വാനിയൻ യുവതി ലിഗയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മടിക്കുമ്പോഴും കേരളത്തിന്റെ ഖേദമറിയിച്ച് മാതൃകയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീആർ വെരി സോറി എന്നുപറഞ്ഞ് കേരളത്തിന്റെ ക്ഷമാപണം അദ്ദേഹം ഇല്ലീസിനെ അറിയിച്ചത്.

ഒരു വിദേശ വനിത കേരളത്തിലെത്തി ദുരൂഹസാഹചര്യത്തിൽ മരിക്കുകയും കുടുംബം പൊലീസിനെതിരേ രംഗത്തെത്തുകയും ചെയ്തിട്ടും അവരെ കാണാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് കാരണമാകുമ്പോഴാണ് ചെന്നിത്തല എത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽവച്ച് പൊതുപ്രവർത്തക അശ്വതിജ്വാലക്കൊപ്പമെത്തിയ ഇല്ലീസുമായി ചെന്നിത്തല അരമണിക്കൂറോളം സംസാരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂർ അനുമതിയെടുത്ത് കാണാൻ പോയിട്ടും സമ്മതിച്ചില്ലെന്ന് ഇല്ലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാദമാണ് ഇതോടെ പൊളിയുന്നത്.

പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ ഫോൺ നമ്പർ നൽകി എന്തു പ്രശ്നമുണ്ടെങ്കിലും വിളിക്കണമെന്നു പറഞ്ഞായിരുന്നു മടക്കം. നൂറുകണക്കിന് പേരാണ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് ലൈവിൽ അദ്ദേഹത്തിന് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തിയത്.