ആലപ്പുഴ: അപർണയുടെ പരിശീലകൻ ഔസേഫ് എവിടെ? അരുമശിഷ്യ ജീവൻ വെടിഞ്ഞിട്ടും ഒരുനോക്കു കാണാൻ എത്താതിരുന്നതെന്തേ? വീട്ടിൽ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെങ്കിലും ഔസേഫ് വരേണ്ടതല്ലേ... റൂം മേറ്റായിരുന്ന ടിറ്റി എത്തിയില്ല, ചിപ്പി എന്തുകൊണ്ടുവന്നില്ല, ഇവർക്കും പരിശീലകരുടെ റോളായിരുന്നില്ലേ? ഒരു കുടുംബത്തിന്റെ അത്താണിയാകേണ്ട മകൾ നഷ്ടപ്പെട്ട അമ്മയുടെ ചോദ്യങ്ങൾക്കു മുമ്പിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കം നിശബ്ദമിരുന്നു. മുൻ പരിശീലകൻ മാത്യു വീട്ടിലെത്തി ഞങ്ങളെ ആശ്വസിപ്പിച്ചിരുന്നുവെന്നു കൂട്ടിച്ചേർത്ത അമ്മ ഗീതയോടു മറുപടി പറയാൻ മന്ത്രിക്കോ ഒപ്പം കൂടിയ ജനപ്രതിനിധികൾക്കോ വാക്കുകളില്ലാതായി.

തന്റെ നടുവിനു തുഴകൊണ്ടടിച്ച് പരിക്കേൽപ്പിച്ചെന്ന് അപർണ പരാതി പറഞ്ഞ പരിശീലകനാണ് ഔസേപ്പ് . പൊലീസിന്റെ നീക്കങ്ങളിൽ തനിക്ക് സംശയമുള്ളതായി അപർണയുടെ അമ്മ ഗീത ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. അവശനിലയിലായ കുഞ്ഞിനെ കാണാൻ എത്തിയ തന്നെ വനിതാപൊലീസുകാരി തള്ളിമാറ്റിയെന്ന് ഗീത പറഞ്ഞു. തന്റെ കുട്ടി പറഞ്ഞ അവസാന മൊഴികൾ പൊലീസ് രേഖപ്പെടുത്തുമോയെന്ന സംശയമായിരുന്നു ഗീതയ്ക്ക്. അതുകൊണ്ടുതന്നെ മൊഴിയുടെ പകർപ്പ് തനിക്ക് കാണണമെന്ന് ഗീത മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം ആശുപത്രിയധികൃതർ തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ചികിൽസ മാറ്റി വിദഗ്ധ ചികിൽസയ്ക്ക് തയ്യാറാണെന്നറിയിച്ചിട്ടും കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ഗീത പറഞ്ഞു. സായി അധികൃതരുടെ ഭാഗത്തും കനത്ത വിഴ്‌ച്ചയുണ്ടെന്നാണ് ഗീത ആരോപിച്ചത്. ഉച്ച കഴിഞ്ഞു മൂന്നുമണിക്കു നടന്ന സംഭവം വൈകി എട്ടുമണിക്കാണ് വീട്ടുകാരെ അറിയിക്കുന്നതും കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നതും. കുട്ടികളിൽ അസ്വസ്ഥത കണ്ടപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞേനെയെന്നാണ് ഗീത പറയുന്നത്.

അതുപോലതന്നെ സീനിയർ താരം ടിറ്റിയുടെ മുറിയിൽ തന്റെ കുഞ്ഞിനെ കിടത്തരുതെന്ന് ഗീത സായികേന്ദ്രത്തിൽ എത്തി അറിയിച്ചിരുന്നു. എന്നാൽ വാർഡൻ രാഗിണി ഇതു ചെവിക്കൊണ്ടില്ല. പിന്നീട് കഴിഞ്ഞദിവസം ഗീത മകളെ കാണാൻ കേന്ദ്രത്തിൽ എത്തിയപ്പോൾ ടിറ്റിയുടെ മുറിയിൽത്തന്നെയാണ് അപർണയെ താമസിപ്പിച്ചിരുന്നത്. 18 ദിവസം മാത്രമാണ് ഇത്തരത്തിൽ അപർണയ്ക്ക് ടിറ്റിയുടെ മുറിയിൽ കഴിയേണ്ടിവന്നുള്ളൂ, അതോടെ അപർണ മരണത്തിലേക്ക് കയറിപ്പോയി...മന്ത്രിക്കുമുമ്പിൽ അപർണയുടെ അമ്മ കരഞ്ഞുകൊണ്ടു പറഞ്ഞു. ഏതായാലും ആഭ്യന്തര മന്ത്രിയുടെ ഉറപ്പിലും വിശ്വാസമില്ലാതെ ദുഃഖം കടിച്ചമർത്തി കഴിയുകയാണ് ഈ കുടുംബം.