തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ ഗവേഷണ ഏജൻസിയായ പോപ്പുലേഷൻ ഹെൽത്ത് റിസർച്ചിന് നൽകിയെന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വ്യക്തികളുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് ഭരണഘടന പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

‘ജനങ്ങളുടെ അറിവില്ലാതെ, യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യൻ ഭാരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ നിയമങ്ങളെ എല്ലാം കാറ്റിൽ പറത്തി കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ കനേഡിയൻ കമ്പനിക്ക് വിറ്റ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

10 ലക്ഷം പേരുടെ വിവരങ്ങൾ പിഎച്ച്ആർഐ കമ്പനിക്കു നൽകിയതിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിവരങ്ങൾ ശേഖരിക്കുന്നതിനായി കമ്പനി കോടികളാണ് മുടക്കിയത് എന്ന വിവരം ഈ പദ്ധതിയുടെ മറവിൽ വൻ അഴിമതി നടന്നു എന്നതിന്റെ തെളിവാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ, സംസ്ഥാനത്തെ ജനങ്ങളെ ഇരുട്ടിൽ നിർത്തിയാണ് ഡേറ്റ കച്ചവടം എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.