തൃശൂർ: ചാവക്കാട്ട് സാമൂഹ്യവിരുദ്ധരുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പഞ്ചാരമുക്ക് സ്വദേശി പി.വി.രമേശ് (50) ആണ് മരിച്ചത്. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിനാണ് ഒരുസംഘം സാമൂഹ്യവിരുദ്ധർ ചേർന്ന് ഇദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കിയത്. തുടർന്ന് ചികിത്സയിലായിരുന്ന രമേശൻ ഉച്ചയ്ക്ക് 1.30 ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മകളോടൊപ്പം ബൈക്കിൽ വീട്ടിലേയ്ക്ക് വരികയായിരുന്ന രമേശനോട് പൂക്കുളം റോഡിൽ വച്ച് സാമൂഹ്യവിരുദ്ധർ മോശമായി പെരുമാറി. തുടർന്ന് മകളെ വീട്ടിൽ വിട്ട ശേഷം മടങ്ങിയെത്തി സാമൂഹ്യവിരുദ്ധരുടെ നടപടി ചോദ്യം ചെയ്തു. ഇതേതുടർന്ന് ഇവർ സംഘം ചേർന്ന് രമേശനെ മർദ്ദിച്ച് അവശനാക്കി. ഹൃദ്രോഗിയായിരുന്ന രമേശൻ കുഴഞ്ഞുവീണു. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പഞ്ചാരമുക്ക് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. ഇതുവഴി പോകുമ്പോൾ മകളെയാണ് അവിടെ ഇരുന്ന യുവാക്കൾ കളിപറഞ്ഞത്. രൂക്ഷമായ ഭാഷയിലാണ് കളിയാക്കിയത്. മുമ്പ് ഈ യുവാക്കൾ മകളെ കളി പറയുന്നത് പരാതിയായി രമേശിന്റെ മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് ചോദിക്കാൻ രമേശനെത്തിയത്. എന്നാൽ ചോദ്യം ചെയ്തതോടെ യുവാക്കൾ അക്രമാസക്തരായി. രമേശിനെ അതിക്രൂരമായി മർദ്ധിച്ചു. ഹൃദ് രോഗിയായിരുന്ന രമേശൻ കുഴഞ്ഞു വീഴുകയും ചെയ്തു.

രാത്രി എട്ടരയോടെ രമേശ് തറവാട്ടു വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മക്കളുമായി ബൈക്കിൽ പോവുകയായിരുന്നു. വഴിയിൽ വച്ച് മതിലിലിരുന്ന മൂന്നുപേർ ഇവരെ കൂവി പരിഹസിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയ ശേഷം ചോദിക്കാനായി പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രമേശ് വഴിയിൽ കിടക്കുന്നതായി വീട്ടിലേക്ക് ആരോ ഫോൺ ചെയ്തു പറയുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകനായിരുന്നു മരിച്ച രമേശൻ. പ്രദേശത്തെ സാമൂഹിക പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ നാല് വരെ കോൺഗ്രസ് ചാവക്കാട് ഹർത്താലിന് ആഹ്വാനം ചെയ്തു. വൻ പൊലീസ് സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. രമേശിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ യുവാക്കൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

അതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണത്തിൽ അന്തിമ തീരുമാനം പൊലീസ് എടുക്കൂ. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ കൊലക്കുറ്റം ചുമത്തൂവെന്നാണ് വിശദീകരണം. ഇതിനെ നാട്ടുകാരും ചോദ്യം ചെയ്യുന്നു. പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് ആക്ഷേപം. പ്രതികൾ പൊലീസ് പിടിച്ചെന്നും ഇവർ പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലയുടെ കാരണം അസുഖമാണെങ്കിൽ പ്രതികളെ രക്ഷിക്കാനാണിതെന്നും നാട്ടുകാർ പറയുന്നു.

അങ്ങനെ വന്നാലും പ്രതികളുടെ മർദ്ധനത്തിലെ മാനസിക സംഘർഷമാകും ഹൃദ്രോഗത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. അതുകൊണ്ട് തന്നെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ആവശ്യം.