- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പോസ്റ്റർ ആവശ്യമില്ല; അമ്പത് വർഷമായി ജനങ്ങളുടെ മനസിൽ പതിഞ്ഞ മുഖമാണ് അദ്ദേഹത്തിന്റേത്; രമേഷ് പിഷാരടി
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് നടൻ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പോസ്റ്റർ പോലും ആവശ്യമില്ലെന്ന് പിഷാരടി കൺവെൻഷനിൽ പറഞ്ഞു. പത്രിക സമർപ്പണത്തിന് പിന്നാലെ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരിക്കുകയാണ്.
'കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റർ വച്ചാലും, പുതുപ്പള്ളിയിൽ അദ്ദേഹത്തിന്റെ ഒരു പോസ്റ്റർ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വർഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസിൽ മറയാത്ത രീതിയിൽ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.' രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുമ്പ് നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാൻ ഉമ്മൻ ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതിൽ നിന്നും ഉമ്മൻ ചാണ്ടി പിൻവാങ്ങുകയായിരുന്നു. തുടർന്ന് പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
അതേസമയം തന്റെ സുഹൃത്തും സിനിമ നടനുമായി ധർമ്മജന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായ ധർമ്മജൻ ബാലുശ്ശേരി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കെ എം സച്ചിൻ ദേവാണ് ബാലുശ്ശേരിയിൽ നിന്ന് മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥി. ബാലുശ്ശേരിയിൽ നിന്ന് മത്സരിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് ധർമ്മജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷൻ കടലുണ്ടിയാണ് നിലവിലെ എംഎൽഎ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷൻ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷൻ കടലുണ്ടി തന്നെയാണ് വിജയിച്ചത്. ബാലുശേരിയിൽ ധർമ്മജൻ അല്ല, മോഹൻലാൽ വന്ന് മത്സരിച്ചാലും എൽ.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷൻ കടലുണ്ടി പ്രതികരിച്ചിരുന്നു. എങ്കിലും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് ധർമ്മജൻ.