- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
5 അടി നാലിഞ്ച് പൊക്കമുള്ള കഷണ്ടിക്കാരൻ, വയസ്സ് 66; പത്താംക്ലാസ് പോലും പാസായില്ലെങ്കിലും നാല് കൊല്ലത്തിനിടെ നടത്തിയത് 25 വിവാഹ തട്ടിപ്പുകൾ; രമേശിന്റെ വിവാഹ തട്ടിപ്പിൽ കുടുങ്ങിയവരിൽ ഏറെയും ഡോക്ടർമാർ; പത്ത് സംസ്ഥാനങ്ങളിൽ ഭാര്യമാരുള്ള രമേശിന്റെ തട്ടിപ്പ് കേരളത്തിലും
ഭുവനേശ്വർ: ഇന്ത്യയെ ഞെട്ടിച്ച വിവാഹ തട്ടിപ്പുവീരനായി മാറുകയാണ് രമേശ് കുമാർ സ്വെയ്ൻ. അറുപത്തിയാറുകാരനായ ഈ ഒഡീഷ സ്വദേശി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ നിന്നായി ഇരുപത്തിയഞ്ചിലേറെ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. 5 അടി നാലിഞ്ച് പൊക്കമുള്ള രമേഷ് സുപ്രീംകോടതി അഭിഭാഷകൻ, ഐഎഎസ് ഓഫീസർ, ചാർട്ടേഡ് അക്കൗണ്ടന്റ്, സൈനിക ഉദ്യോഗസ്ഥൻ എന്നിങ്ങനെ വിവിധ രൂപത്തിൽ എത്തിയാണ് വിവാഹം നടത്തിയത്. എന്നാൽ ശരിക്കും പത്താംക്ലാസ് പോലും പാസാകാത്ത രമേഷ് ഡോക്ടറായി പോലും അഭിനയിച്ച് വിവാഹം നടത്തിയിട്ടുണ്ട്.
പ്രതിയുടെ പൂർവ്വകാല ചരിത്രം സ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുന്ന അവസാനത്തെ ഭാര്യ മനസിലാക്കിയിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. രമേശ് കേരളത്തിലും തട്ടിപ്പു നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദിലും എറണാകുളത്തും തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
'1982 ലാണ് പ്രതി ആദ്യമായി വിവാഹം കഴിക്കുന്നത്. 2002 ൽ രണ്ടാം ഭാര്യയെയും വിവാഹം കഴിച്ചു. ഈ രണ്ട് വിവാഹങ്ങളിൽ പ്രതിക്ക് അഞ്ച് കുട്ടികളുമുണ്ട്. പിന്നീട് മാട്രിമോണിയൽ വെബ്സൈറ്റുകൾ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് മുൻ ഭാര്യമാരറിയാതെ മറ്റു സ്ത്രീകളെ ഇയാൾ വിവാഹം കഴിച്ചു'. ഭുവനേശ്വർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉമാശങ്കർ ദാഷ് പറഞ്ഞു. നിരവധി സ്ത്രീകളിൽ നിന്നായി ഇയാൾ പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. ഡോക്ടറാണെന്ന് പറഞ്ഞ് സത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്. ഇയാൾ വിവാഹം കഴിച്ചതാകട്ടെ, അഭിഭാഷകകരും ഫിസ്ഷ്യന്മാരും വിദ്യാ സമ്പന്നരുമായ സ്ത്രീകളെ.
വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച്് അവരിൽ നിന്ന് പണം തട്ടാൻ പ്രതി പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇയാളുടെ ആദ്യ രണ്ടു ഭാര്യമാർ ഒഡിഷയിൽ നിന്നുള്ളവരായിരുന്നു. 2018ൽ ന്യൂഡൽഹിയിൽ വെച്ച് കല്ല്യാണം കഴിച്ച സ്കൂൾ അദ്ധ്യാപികയെ പ്രതി ഭുവനേശ്വറിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും 11 എ.ടി.എം കാർഡുകളും നാല് ആധാർ കാർഡുകളും മറ്റു രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹൈദരാബാദിലും എറണാകുളത്തും തൊഴിൽരഹിതരായ യുവാക്കളെ കബളിപ്പിച്ചതിനും വായ്പാ തട്ടിപ്പിനും ഇയാൾ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ
മെയ് 2021 ൽ ഭുവനേശ്വറിലെയും, കട്ടക്കിലെയും പൊലീസ് കമ്മീഷ്ണർ ഓഫീസിൽ വന്ന കോൾ ആണ്, ഒരു 'ഇന്ത്യൻ കാസനിവോയ'യായി വിലസിയിരുന്ന രമേഷിന് പിടിവീഴാൻ ഇടയാക്കിയത്. ഡൽഹിയിൽ താമസമാക്കിയ ഒരു സ്കൂൾ ടീച്ചർ തന്റെ ഭർത്താവിന് മറ്റ് ചില വിവാഹ ബന്ധങ്ങൾ ഉണ്ടെന്നും തന്റെ 13 ലക്ഷം രൂപ തട്ടിയെടുത്തുമെന്നാണ് പരാതി. ഭുവനേശ്വറിലെ സ്ത്രീകളുടെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റ്രർ ചെയ്ത കേസ് ഡപ്യൂട്ടി കമ്മീഷ്ണർ ഉമശങ്കർ ദാസിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.
പിന്നീട് ഇയാൾക്ക് പിന്നാലെയായി പൊലീസ് നിരന്തരം നമ്പർ മാറ്റിയിരുന്ന ഇയാളെ പിന്തുടർന്ന് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ പൊലീസ് എത്തി. എത്തിയിടത്തെല്ലാം ഇയാൾക്ക് ഭാര്യമാരുണ്ടെന്നും. അവർക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്നും പൊലീസ് മനസിലാക്കി. പലരിൽ നിന്നും ഇയാൾ പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലായി. ഗുവഹത്തിയിലും പാരദീപിലും ഇയാൾ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെയാണ് അവസാനം ഇയാൾ കൂടുതലായി താമസിച്ചത്. അവിടെയും ഭാര്യമാരുണ്ടായിരുന്നു.
ഒടുവിൽ ഭുവനേശ്വരിൽ എത്തിയപ്പോൾ കഴിഞ്ഞ ഫെബ്രുവരി 14ന് ഇയാൾ പൊലീസ് പിടിയിലായി. ഇവിടുത്തെ ശനി ക്ഷേത്രത്തിൽ എത്തിയതായിരുന്നു രമേഷ്. ഒരു മാട്രിമോണിയൽ സൈറ്റിലാണ് പരാതിക്കാരിയായ ടീച്ചർ രമേഷിന്റെ പ്രൊഫൈൽ കണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് ഇയാൾ എന്നാണ് പ്രൊഫൈൽ കാണിച്ചത്. താൽപ്പര്യം അറിയിച്ചതോടെ ആധാറും, പാൻകാർഡും അടക്കം കാണിച്ചു. നന്നായി ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും. താൻ ജോലി സംബന്ധമായി യാത്രയിലായിരിക്കും എന്ന് പറഞ്ഞ ഇയാൾ അതിന്റെ ചിത്രങ്ങളും ഇടയ്ക്കിടയ്ക്ക് ഭാര്യയെ കാണിക്കുമായിരുന്നു. 1956 ൽ ജനിച്ച രമേഷ് 1971 ലാണ് ജനിച്ചത് എന്ന് കാണിക്കുന്ന ജനന സർട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. 2018 ജൂലൈ 29നാണ് ഡൽഹി ആര്യസമാജത്തിൽ വച്ച് ഇയാൾ ഡൽഹി സ്വദേശിയായ ടീച്ചറെ വിവാഹം കഴിച്ചത്.
പിന്നീട് ഭുവനേശ്വറിൽ താമസമാക്കിയപ്പോഴാണ് ഇയാളുടെ പ്രവർത്തനങ്ങളിൽ ഡൽഹി സ്വദേശിയായ ടീച്ചർക്ക് സംശയം തോന്നിയത്. ഇതോടെ ഇയാൾ ഇവരെ അവഗണിക്കാൻ തുടങ്ങി. തനിക്ക് രക്ഷിതാക്കൾ ഇല്ലാത്തതിനാൽ കാര്യമായ അന്വേഷണം നടത്താതിനാലണ് കുരുക്കിൽ പെട്ടത് എന്ന് ഇവർ പറയുന്നു. അയാളുടെ പെരുമാറ്റവും കാണിച്ച രേഖകളും ഇ-മെയിൽ ഐഡി പോലും യഥാർത്ഥത്തിൽ ഉള്ളതാണെന്ന് വിശ്വസിച്ചു- പരാതിക്കാരി പറയുന്നു.
അതിനിടെ രമേഷിന്റെ ഫോണിൽ നിന്നും അയാൾ കെണിയിൽപ്പെടുത്തിയ സ്ത്രീകളുടെ നമ്പർ എടുത്ത് താൻ അവർക്ക് മുന്നറിയിപ്പ് നൽകിയതായി ഇവർ പറയുന്നു. ഡൽഹിയിൽ ജീവിക്കുന്ന വിധവയായ ഈ ടീച്ചറുടെ പരാതിയാണ് കേസ് വഴിത്തിരിവിലെത്തിച്ചത്. രമേഷ് ചന്ദ്ര സെയ്ൻ എന്ന് അറിയിപ്പെടുന്ന വിവാഹതട്ടിപ്പ് വീരൻ കേന്ദ്രപാറ ജില്ലയിലെ സിങ്ഹാലോ എന്ന ഗ്രാമത്തിൽ നിന്നാണ് വന്നത്. ഡോ. ബിജയശ്രീ രമേഷ് കുമാർ, ഡോ. ബിന്ദു പ്രകാശ് സെയ്ൻ ഇങ്ങനെ നിരവധിപ്പേരിൽ ഇയാൾ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം വിലകൂടിയ അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്ത് അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ സ്ത്രീകളെ വിവാഹ കെണിയിൽ പെടുത്തുന്നതും ഇയാളുടെ രീതിയായിരുന്നു.
2018ന് ശേഷം ഇയാൾ 25 വിവാഹങ്ങൾ കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധങ്ങൾ ഒന്നും നീണ്ടു നിൽക്കുന്നതല്ല. ഇപ്പോഴും ഒരേ രീതികളാണ് ഇയാൾ ഈ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇയാളുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ഇന്തോടിബറ്റൻ പൊലീസിലെ വനിത ഉദ്യോഗസ്ഥ മുതൽ സുപ്രീംകോടതി അഭിഭാഷക വരെ ഇയാളുടെ വിവാഹ കെണിയിൽ പെട്ടതിന്റെ അനുഭവം പൊലീസുമായി പങ്കുവച്ചെന്നാണ് വാർത്ത.
മറുനാടന് മലയാളി ബ്യൂറോ