ലണ്ടൻ: അഞ്ചു മലയാളി വിദ്യാർത്ഥികൾ ചേർന്ന് മുൻ പരിചയമുള്ള വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന കേസിൽ മുഖ്യ പ്രതിക്ക് എട്ടു വർഷത്തെ ജയിൽ ശിക്ഷ. തികച്ചും അവിശ്വസനീയമായ വാർത്തയെന്നു യുകെ മലയാളികൾ കരുതുമെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിൽ ബ്രൈറ്റൻ ആൻഡ് ഹോവ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.

അതിനിടെ കൂട്ടു പ്രതികളെ മതിയായ തെളിവില്ലെന്ന കാരണത്താൽ വെറുതെ വിട്ടെങ്കിലും ഇക്കൂട്ടത്തിൽ ഒരാൾ കൂടി പൊലീസിന്റെ വലക്കണ്ണുകളിൽ ഉണ്ടെന്നു ബ്രിട്ടീഷ് മലയാളിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ റമീസ് അക്കര (28)യാണ് എട്ടു വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടത്, ഒപ്പം ആജീവനാന്ത വിലക്കും ഇയാൾ നേരിടേണ്ടി വരും.

സെൻട്രൽ ലങ്കാഷെയർ യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ എത്തിയ ഇയാൾ നിലവിൽ വിദ്യാർത്ഥിയാണോ എന്ന കാര്യത്തിൽ സർവകലാശാല അറിയിപ്പ് പുറത്തു വന്നിട്ടില്ല. കൂട്ട് പ്രതികളും ഇയാളും ഏറെക്കാലമായി ബ്രൈറ്റണിലും പരിസരത്തുമായി ജോലി ചെയ്യുന്നവരാണ് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാര്യമായ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. പൊലീസ് പ്രത്യേക സ്‌ക്വഡുകൾ രൂപീകരിച്ചു പഴുതടച്ച അന്വേഷണ ശേഷമാണു പീഡന വീരന്മാരെ പൊലീസ് സംഘത്തിന് നിയമ വഴിയിൽ എത്തിക്കാനായതും.

സംഭവം ആറു മാസം മുൻപ്, തെളിവുകൾ ശേഖരിച്ചപ്പോൾ അഞ്ചാംഗ സംഘത്തിൽ ഒരുത്തൻ മാത്രം കുറ്റവാളിയായി. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 നു അർധരാത്രിയോടെയാണ് മദ്യപിച്ച നിലയിൽ പെൺകുട്ടി റമീസിന്റെയും സംഘത്തിന്റെയും മുന്നിൽ വന്നുപെട്ടത്. താമസ സ്ഥലത്തും വച്ചും മുൻപരിചയം ഉണ്ടായിരുന്ന പെൺകുട്ടിയെ നോട്ടമിട്ടിരുന്ന റമീസ് തഞ്ചത്തിൽ പഞ്ചാര വാക്കുകൾ പറഞ്ഞു മുറിയിൽ എത്തിക്കുക ആയിരുന്നു.

കൂടെ ഉണ്ടായിവരുന്നവരും അവസരത്തിനൊപ്പം ലഭിച്ച സാഹചര്യം മുതലാക്കിയിരുന്നു. സംഘത്തിൽ മിക്കവർക്കും ഭാര്യയും കുട്ടികളും നാട്ടിൽ ഉള്ളവരുമാണ്. ആരും അറിയില്ല എന്ന അമിത ആത്മ വിശ്വാസമാണ് ഇത്തരം വൈകൃതങ്ങളിൽ ലക്ഷങ്ങൾ മുടക്കി പഠിക്കാൻ എത്തുന്ന ചെറുപ്പക്കാരെ എത്തിക്കുന്നതെന്നും വ്യക്തമാണ്.

ഒരാഴ്ചക്ക് ശേഷം അറസ്റ്റ്, നിരപരാധികളാണ് സഹായിക്കണമെന്ന് അപേക്ഷിച്ചു മലയാളികളെ തേടി ഫോൺവിളിയും

കാമകേളി പൂർത്തിയാക്കി സംഘം പെൺകുട്ടിയെ അർധരാത്രി വെളിയിൽ തള്ളിയെങ്കിലും കൃത്യം പുലർച്ചെ 2.40നോട് കൂടി പെൺകുട്ടി സ്വന്തം താമസ സ്ഥലത്തു എത്തുക ആയിരുന്നു എന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ലൈംഗിക പീഡനം നടന്നതായി പരാതി ലഭിച്ചതോടെ അഞ്ചു അംഗ സംഘത്തെ തിരക്കിയെത്തിയ പൊലീസിന് മുന്നിൽ പഞ്ചപാവങ്ങൾ ആയി അഭിനയിക്കാനും റമീസും കൂട്ടരും തയ്യാറായി.

ഇതോടെ തെളിവുകളുടെ അഭാവത്തിൽ പൊലീസ് ഇവരെ വെറുതെ വിടുകയും ചെയ്തു. ഈ ഘട്ടത്തിൽ മലയാളി അഭിഭാഷകർ അടക്കം ഉള്ളവരോട് പരിചയക്കാർ മുഖേനെ രക്ഷിക്കണം എന്ന വിലാപവുമായി റമീസും സംഘവും എത്തുകയും ചെയ്തു. എന്നാൽ ഒറ്റ കേൾവിയിൽ തന്നെ പീഡനം നടന്നതായി മനസിലാക്കിയ അഭിഭാഷകർ ഉള്ള കാര്യം ഉള്ള പോലെ പൊലീസിനോട് സമ്മതിക്കുന്നതാണ് യുകെയിൽ ശിക്ഷ ഇളവ് ലഭിക്കാൻ സഹായിക്കുക എന്നതും യുവാക്കളെ ബോധ്യപ്പെടുത്തുക ആയിരുന്നു.

പക്ഷെ ഇതിനിടയിൽ വളരെ സമർത്ഥമായി തെളിവുകൾ ശേഖരിച്ച പ്രത്യേക പൊലീസ് സംഘങ്ങൾ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ഘട്ടത്തിൽ റെമീസിന്റെ ഡിഎൻഎ സാമ്പിൾ പീഡനത്തിൽ ഉൾപ്പെട്ടതിനു ശക്തമായ തെളിവായി മാറുക ആയിരുന്നു. ഒട്ടും വൈകാതെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാനും പൊലീസിനായി. മറ്റു പ്രതികൾക്കെതിരെ ആ ഘട്ടത്തിൽ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും കൂട്ടത്തിൽ ഒരാൾക്കു കൂടി ശിക്ഷ ലഭിക്കാൻ കഴിയും വിധം തെളിവുകൾ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.

കള്ള് കുടിച്ച പെണ്ണിനെ കണ്ടാൽ കാമവെറിയന്മാരാകുന്ന മലയാളികൾ

യുകെയിൽ എത്തി തുടങ്ങി രണ്ടാം, നാൾ തന്നെ തങ്ങളെ തന്നെ മറക്കുന്ന നിലയിലാണ് റെമീസിനെ പോലെയുള്ള വിദ്യാർത്ഥികൾ പെരുമാറുന്നത്. കള്ളു കുടിച്ചു കറങ്ങി നടക്കുന്ന ഒരു പെണ്കുട്ടിയെയോ യുവതിയെയോ കണ്ടാൽ എങ്ങനെ അവസരം മുതലാക്കാൻ കഴിയും എന്ന ചിന്തയാണ് നാട്ടിലും വീട്ടിലും ശുദ്ധ സംസ്‌കാര സമ്പന്നരായ മലയാളി ചെറുപ്പക്കാർക്ക്.

കാരണം യുകെയിൽ എത്തി ബലാത്സംഗ കേസിൽ അകപ്പെട്ട ഭൂരിഭാഗം യുവാക്കളും മദ്യപിച്ച നിലയിൽ മുന്നിൽ എത്തിയ യുവതികളെയാണ് ഇരകളാക്കിയത്. മദ്യ ലഹരിയിൽ യുവതികൾ ഒന്നും ഓർമ്മിക്കില്ല എന്ന മിഥ്യ ധാരണയിൽ ലൈംഗിക വേഴ്ച നടത്തുന്ന മലയാളി യുവാക്കൾ ബ്രിട്ടീഷ് പൊലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് തികച്ചും അജ്ഞരാണ് എന്നതാണ് ഓരോ സംഭവത്തിനും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യാൻ എത്തുന്ന പൊലീസ് രീതിയിൽ നിന്നും പൊതു സമൂഹത്തിനു ബോധ്യമാകുന്നത്.

നാട്ടിലെ കുടുംബത്തെ പോലും മറന്നുള്ള അർമാദിക്കൽ

യുകെയിൽ പഠിക്കാൻ എന്ന പേരിൽ തെമ്മാടിത്തം കാട്ടാൻ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുകെയിൽ മലയാളിയെന്ന നിലയിൽ വെളിയിൽ ഇറങ്ങിയാൽ ഒരു പക്ഷെ തദ്ദേശ വാസികളുടെ അക്രമം പോലും പ്രതീക്ഷിക്കാം എന്നാണ് ഇപ്പോൾ മലയാളി സമൂഹത്തിൽ പൊതുവെ ഉയരുന്ന പ്രതിഷേധ ശബ്ദം. കേരളത്തിലെ കെ റെയിൽ സംഭവത്തിൽ പോലും സംവാദ സദസ്സുകൾ നടത്താൻ തയ്യാറാകുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ വിദ്യാർത്ഥികളും യുകെയിൽ പുതുതായി എത്തുന്നവരും തെറ്റായ രീതിയിൽ ചെയുന്ന കാര്യങ്ങളോട് മുഖം തിരിച്ചു മൗനം പാലിക്കുന്നതിലും വിമർശം കടുക്കുകയാണ്.

കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ജയിലിൽ കയറിയ പത്തിലധികം പേരിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾ ആയിരുന്നെന്ന വസ്തുതയിൽ ഇവർക്കിടയിൽ അവബോധം വളർത്തേണ്ടത് അത്യവശ്യമായി മാറുകയാണ്. അടുത്തിടെ രണ്ടു മലയാളി വിദ്യാർത്ഥികളാണ് കൗമാരക്കാരായ പെൺകുട്ടികളോട് ലൈംഗിക ചുവയിൽ സംസാരിച്ചതിന് ബാലപീഡകർ എന്ന നിലയിൽ നിയമക്കെണിയിൽ കുരുക്കിയത്. ഇവരിൽ ഒരാൾ സ്വന്തം വീട് പോലും പണയപ്പെടുത്തിയാണ് യുകെയിൽ പഠിക്കാൻ എത്തിയത് എന്നതും ഇവരുടെയൊക്കെ നാട്ടിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക പീഡനത്തിനും കൂടുതൽ കാരണമായി മാറും എന്നതും തിരിച്ചറിയാതെ പോകുന്നതും വിദ്യാർത്ഥി വിസക്കാർ തന്നെയാണ്.