ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിഎ പിന്തുണയോടെ മത്സരിച്ച രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി. ഏഴുലക്ഷത്തിൽപരം ഇലക്ടറൽ വോട്ടുനേടിയാണ് കോവിന്ദ് വിജയത്തിലേക്ക് എത്തിയത്. ആകെ പത്തുലക്ഷത്തിൽപ്പരം വോട്ടുകളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉള്ളത്. ചൊവ്വാഴ്ച അദ്ദേഹം ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. അന്തിമ വോട്ട് ഇപ്രകാരം: കോവിന്ദ് - 7,02,644 മീരാകുമാർ: 3,67,314

വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങിയ രാംനാഥ് കോവിന്ദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും ബിജെപിയുടെ അണികളും ആഹ്‌ളാദപ്രകടനം തുടങ്ങി. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷം പൊടിപൊടിക്കുന്നത്.

ഗുജറാത്തിലും ഗോവയിലും കോൺഗ്രസ്സിന് വോട്ടുചോർച്ചയുണ്ടായതോടെ കൂടുതൽ മികവുമായാണ് കോവിന്ദ് വിജയത്തിലേക്ക് മുന്നേറിയത്. 11 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ വമ്പൻ ലീഡാണ് കോവിന്ദിന് ലഭിച്ചത്. ലോക്സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വോട്ടുകൾ എണ്ണി തീർന്നപ്പോൾ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാർ 2,04,594 വോട്ടുകളും നേടിയിരുന്നു. കോവിന്ദിന് 2,74,991 വോട്ടുകളുടെ ലീഡായിരുന്നു അപ്പോഴേ. അന്തിമ ഘട്ടത്തിലേക്ക് വോട്ടെണ്ണൽ എത്തിയപ്പോൾ ഏഴുലക്ഷത്തിൽപ്പരം വോട്ടു നേടി കോവിന്ദ് വിജയം ഉറപ്പിച്ചു. എതിർ സ്ഥാനാർത്ഥി മീരാകുമാറിന് മൂന്നുലക്ഷത്തിൽപ്പരം വോട്ടുകളാണ് ലഭിച്ചത്.

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയാകുന്ന കോവിന്ദ് കെആർ നാരായണനു ശേഷം പ്രഥമ പൗരന്റെ പദത്തിൽ എത്തുന്ന ദളിത് സ്ഥാനാർത്ഥി കൂടിയാണ്. പാർലമെന്റിലെ ഇരുസഭകളിൽ നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകൾ നേടിയപ്പോൾ 1,59,300 വോട്ടുകളാണ് മീരാകുമാറിന് നേടാൻ സാധിച്ചത്. പാർലമെന്റിലെ 21 വോട്ടുകൾ അസാധുവായപ്പോൾ ഛത്തീസ്‌ഗണ്ഡിൽ മൂന്നും ഗോവയിൽ രണ്ടും വോട്ടുകൾ അസാധുവാക്കപ്പെട്ടു. ഗോവയിലും ഗുജറാത്തിലും വോട്ടുകൾ മറിഞ്ഞപ്പോൾ അത് എൻഡിഎ സ്ഥാനാർത്ഥിക്കാണ് ഗുണം ചെയ്തത്. 

സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ട് വിഹിതം ഇപ്രകാരം:

(സംസ്ഥാനം - രാംനാഥ് കോവിന്ദ് - മീരാകുമാർ എന്ന ക്രമത്തിൽ)

ആന്ധ്രാപ്രദേശ് - 27,189 - 0
അരുണാചൽ പ്രദേശ് - 448 - 24
അസം - 10,556 - 4060
ബീഹാർ - 22,460 - 18867
ഗോവ - 500 - 220
ഗുജറാത്ത് - 19,404 -7203
ഹരിയാന - 8176 - 1792
ഹിമാചൽ പ്രദേശ് - 1530 - 1087
ജമ്മു-കശ്മീർ - 4032 - 20160
ജാർഖണ്ഡ് - 8976 - 4576
ഛത്തീസ്‌ഗണ്ഡ് - 6708 - 4515

ആന്ധ്രപ്രദേശിൽ നിന്നുള്ള മുഴുവൻ വോട്ടും സ്വന്തമാക്കിയ എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദ് അരുണാചൽ പ്രദേശിൽ നിന്നുള്ള 94.9 ശതമാനം വോട്ടും, അസമിൽ നിന്നുള്ള 95.8 ളതമാനം വോട്ടും നേടി. എന്നാൽ ബീഹാറിൽ ആർജെഡി-കോൺഗ്രസ് കക്ഷികളുടെ പിന്തുണയോടെ 45.7 ശതമാനം വോട്ട് വിഹിതം മീരാകുമാർ നേടിയെടുത്തു. അക്ഷരമാല ക്രമത്തിലാണ് സംസ്ഥാനങ്ങളുടെ വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നത്. എൻഡിഎ കക്ഷികളുടെ വോട്ടുകൾ കൂടാതെ ജനതാദൾ യുണൈറ്റഡ്, ബിജു ജനതാദൾ എന്നിവരുടെ വോട്ടുകൾ കൂടി ലഭിക്കുമ്പോൾ രാംനാഥ് കോവിന്ദിന്റെ വോട്ട് വിഹിതം ഏഴ് ലക്ഷത്തിലേക്ക് കടക്കുമെന്നാണ് എൻഡിഎ നേതാക്കളുടെ പ്രതീക്ഷ.