മഹോബ: നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം വിരുദ്ധമാണോ എന്നതാണ് കേരളത്തിലെ തർക്കം. വിദ്യാഭ്യാസമന്ത്രി പോലും ഇതിനെ മതവിരുദ്ധമായി കാണുന്നു. അബ്ദുറബ്ബിനെ തിരുത്താൻ സാക്ഷാൽ മമ്മൂട്ടി എത്തിയിട്ടും വഴങ്ങുന്നില്ല. അത്തരക്കാർക്ക് വായിക്കാനാണ് ഈ വാർത്ത. ഒന്നിനേയും തള്ളലല്ല, എല്ലാത്തിനേയും ഉൾക്കൊള്ളാനാണ് മതങ്ങൾ പഠിപ്പിക്കുന്നത്. അതിന്റെ നേർ ചിത്രമാണ് ഉത്തർപ്രദേശിലെ കൊച്ചു ഗ്രാമം വരച്ചു കാണിക്കുന്നത്.

ഉത്തർപ്രദേശിലെ മഹോബ ഗ്രാമത്തിൽ ഒരു സംഘം ഹിന്ദുക്കൾ മുസ്‌ലിംകൾക്കൊപ്പം റമസാൻ വ്രതമെടുക്കുന്നു. മുൻനിശ്ചയിച്ചപ്രകാരം 21 ഹിന്ദുക്കൾ അടക്കം 70 പേരാണ് ഇവിടെ നോമ്പെടുക്കുന്നത്. ബുന്ദേലി സമാജ് കോർഡിനേറ്റർ താരാ പഠ്കറിന്റെ നേതൃത്വത്തിലാണ് ഇത്. സമാജത്തിന്റെ പ്രസിഡന്റ് ഹാജി പാവേശ് മുഹമ്മദാണ്. യോഗദിനാചരണത്തിന്റെ പേരിൽ രാജ്യത്തു പലയിടത്തും വിവാദം കത്തിക്കേറുമ്പോൾ കൂട്ടായ്മയുടെ സന്ദേശം നൽകുകയാണ് ഗ്രാമീണരുടെ ലക്ഷ്യം.

മഹോബയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്) സ്ഥാപിക്കാനുള്ള ആവശ്യമായി ഒരുമിച്ചു മുന്നോട്ടുപോകുന്നതിനിടെയാണ് ഹിന്ദു-മുസ്‌ലിം സാഹോദര്യം എന്ന ആശയം ഇതിനൊപ്പം ഉയർത്താൻ തീരുമാനിച്ചത്. ആശുപത്രി ആവശ്യപ്പെട്ടു രാജ്യത്തെ 18 ഭാഷകളിലെഴുതിയ ഒരുലക്ഷം കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഇതിൽ ഹിന്ദുക്കൾ ഉർദുവിലും മുസ്‌ലിംകൾ സംസ്‌കൃതത്തിലും എഴുതിയ കത്തുകളുമുണ്ട്.

വർഗ്ഗീയ കലാപങ്ങൾ കൊണ്ട് കുപ്രസിദ്ധമായ ഉത്തർപ്രദേശിലാണ് ഈ അപൂർവ്വ മാതൃകയും. അതുകൊണ്ട് കൂടിയാണ് ഈ മത സാഹോദര്യം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഒത്തരുമയിലൂടെ എന്തു നേടാമെന്ന സന്ദേശം തന്നെയാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.