- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയും ഭക്തിയും ഉറപ്പിക്കുന്നു: മറുനാടൻ വായനക്കാർക്കായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ റംസാൻ സന്ദേശം
വിശുദ്ധ റമളാൻ ആഗതമായി. മുസ്ലിംകൾ ഏറ്റവും പവിത്രതയോടെ കാണുന്ന മാസം. സ്രഷ്ടാവായ അല്ലാഹുവുമായി അടുക്കാൻ ഉത്തമമായ സന്ദർഭം. കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ ഈ മാസത്തെ വരവേൽക്കാൻ. കഴിഞ്ഞ രണ്ടുമാസവും പ്രാർത്ഥനകളിൽ നിത്യമായി തേടുകയായിരുന്നു, റമളാനിന്റെ ദിനരാത്രങ്ങളിലേക്ക് അടുപ്പിക്കാനും, വ്രതവും നിസ്‌കാരവും രാത്രിയുള്ള പ്രത്യേക പ്രാർത്ഥനകളും ഖുർആൻ പാരായണവുമെല്ലാം നടത്തി ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാനും. ആലോചിച്ചു നോക്കൂ. എത്ര ഭാഗ്യവാന്മാരാണ് നമ്മൾ. റമളാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാർത്ഥനകൾ , ധാരാളം റമളാനിനെ ജീവിതത്തിൽ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമളാനുകൾ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പിൽ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേർത്തുവെക്കാനുള്ള എത്രയോ അവസരങ്ങൾ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകൾ. അതുകൊണ്ടു റമളാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനിൽ മ
വിശുദ്ധ റമളാൻ ആഗതമായി. മുസ്ലിംകൾ ഏറ്റവും പവിത്രതയോടെ കാണുന്ന മാസം. സ്രഷ്ടാവായ അല്ലാഹുവുമായി അടുക്കാൻ ഉത്തമമായ സന്ദർഭം. കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ ഈ മാസത്തെ വരവേൽക്കാൻ. കഴിഞ്ഞ രണ്ടുമാസവും പ്രാർത്ഥനകളിൽ നിത്യമായി തേടുകയായിരുന്നു, റമളാനിന്റെ ദിനരാത്രങ്ങളിലേക്ക് അടുപ്പിക്കാനും, വ്രതവും നിസ്‌കാരവും രാത്രിയുള്ള പ്രത്യേക പ്രാർത്ഥനകളും ഖുർആൻ പാരായണവുമെല്ലാം നടത്തി ആത്മശുദ്ധീകരണത്തിന്റെ ധന്യതയിലേക്കുയരാനും.
ആലോചിച്ചു നോക്കൂ. എത്ര ഭാഗ്യവാന്മാരാണ് നമ്മൾ. റമളാനിനെ വീണ്ടും സ്വീകരിക്കാനുള്ള ആയുസ്സ് അല്ലാഹു കനിഞ്ഞേകി തന്നിരിക്കുന്നു. പല മഹാന്മാരുടെയും പ്രാർത്ഥനകൾ , ധാരാളം റമളാനിനെ ജീവിതത്തിൽ അഭിമുഖീകരിക്കാനുള്ള ഭാഗ്യം തേടിയായിരുന്നു. അനേകം റമളാനുകൾ ലഭിക്കുന്ന വിശ്വാസിക്ക് മുമ്പിൽ പുണ്യങ്ങളുടെ വസന്തം ജീവിതത്തിലേക്ക് ചേർത്തുവെക്കാനുള്ള എത്രയോ അവസരങ്ങൾ ആണല്ലോ ലഭിക്കുന്നത്. പാരത്രിക ജീവിതത്തെ സമ്പന്നവും സുഖകരവും ആക്കാനുള്ള എത്രയെത്ര രാവുകൾ. അതുകൊണ്ടു റമളാനിലെ ഓരോ നിമിഷവും ഉപയോഗപ്പെടുത്തണം. നാഥനിൽ മനസ്സും ശരീരവും സമർപ്പിക്കണം.
മുസ്ലിംകളുടെ ജീവിതത്തിന്റെ അടിസ്ഥാനമായ ലക്ഷ്യം പാരത്രിക ലോകത്തെ വിജയമാണ്. ഈ ലോകത്തെ ജീവിതം കേവലവും അപരിമിതവും നിത്യമായ ലോകം വരാനുള്ളത് മരണാന്തരവുമാണ് എന്നാണു അഖണ്ഡിതമായ ഇസ്ലാമിക വിശ്വാസം. പരമവും കാലാതീതവുമായ ആ പരലോക ജീവിതം വിജയകരമാക്കണമെങ്കിൽ കൂടുതൽ അല്ലാഹുവും റസൂലുമായും അടുക്കണം. നാഥൻ കൽപ്പിച്ചത് പ്രവർത്തിക്കാനും നിരോധിച്ചത് ഉപേക്ഷിക്കാനും കഴിയണം.
റമളാൻ വിശ്വാസികളുടെ മനസ്സിൽ ആത്മീയതയുടേയും ഭക്തിയുടെയും സാന്നിധ്യം ഉറപ്പിച്ചു നിറുത്തുന്ന മാസമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റമളാൻ കാലത്ത് പോവാൻ കഴിഞ്ഞിട്ടുണ്ട്. മുസ്ലിംകളിൽ മുഴുവൻ സവിശേഷമായ മാറ്റം അവിടെങ്ങളിലെല്ലാം പ്രകടമാണ്. എല്ലാ സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിലും റമളാനിന്റെ സുകൃതങ്ങൾ കൊയ്‌തെടുക്കുവാനുള്ള പരിശ്രമത്തിലാണ് വിശ്വാസികൾ. ഈ ലോകത്തെ കേവല ജീവിത്തിനപ്പുറം കാര്യങ്ങളെ കാണുന്നവർക്ക് പരലോകം തന്നെയാണല്ലോ പ്രധാനം.
സ്വർഗ പ്രവേശമാണ് വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യം എന്ന് പറയാം.നരകത്തിൽ നിന്നുള്ള ഏല്ലാ അർത്ഥത്തിലുലുമുള്ള വിമോചനത്തിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ, മനുഷ്യനെ വഴി പിഴപ്പിക്കാൻ സദാ ശ്രമിക്കുന്നു പിശാച്.തിരുനബി(സ)യുടെ പ്രശസ്തമായ ഒരു ഹദീസ് ഇമാം മുസ്ലിം നിവേദനം ചെയ്തത് ഇങ്ങനെയാണ് : റമളാൻ കടന്നുവന്നാൽ കരുണയുടെ കവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾക്ക് താഴിടപ്പെടുകയും ചെയ്യും. പിശാചിനെ ബന്ധനത്തിലാക്കും.വിശ്വാസികൾ ആരാധനകളിലും സൽകർമ്മങ്ങളിലുമായി റമളാനെ സജീവമാക്കണം എന്നതിലേക്കുള്ള കൃത്യമായ സൂചകങ്ങൾ ഉണ്ട് ഈ വചനത്തിൽ.
കേവലം അന്നപാനീയങ്ങൾ ഉപേക്ഷിക്കുക എന്നത് മാത്രമല്ല റമളാനിന്റെ താൽപര്യം. അടിസ്ഥാനപരമായി മനുഷ്യരെ ഭക്തിയുള്ളവർ ആക്കിത്തീർക്കുകയാണ് ഈ മാസം.അല്ലാഹു ഖുർആനിൽ പഠിപ്പിച്ചതും അതാണല്ലോ. വിശ്വാസികളെ സംബോധന ചെയ്ത് 'നിങ്ങൾക്കും മുൻഗാമികൾക്കും വ്രതമനുഷ്ഠാനം നിർബന്ധമാക്കിയത് , നിങ്ങൾ ഭക്തിയുള്ളവരായിതീരാൻ വേണ്ടിയാണ്' എന്ന സൂക്തം റമളാനിന്റെ ആത്മസത്തയെ പ്രകാശിപ്പിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും ആസക്തികളിൽ നിന്നകലുക എന്നതാണ് മനുഷ്യൻ തഖ്വയുള്ളവർ ആയിത്തീരാൻ അടിസ്ഥാനപരമായി വേണ്ടത്. പൈശാചികമായ ചിന്തകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമുള്ള വിമോചനം എന്നും പറയാം.ശരീരത്തെ നിയന്ത്രണങ്ങൾക്കപ്പുറം സഞ്ചരിപ്പിക്കുന്നതിൽ വലിയ പങ്കു ഭക്ഷണത്തിനുണ്ട്. വയറു നിറഞ്ഞിരിക്കുമ്പോൾ അലസനുമാവും മനുഷ്യൻ. എന്നാൽ റമളാനിലെ വ്രതമനുഷ്ഠാനങ്ങളിലൂടെ അത്തരം ആലസ്യങ്ങളിൽ നിന്നും വൈകാരിക പ്രവണതകളിൽ നിന്നുമെല്ലാം ചിന്തകൾ മാറ്റി അല്ലാഹുവിലേക്ക് അടുക്കാൻ കഴിയണം വിശ്വാസികൾക്ക്. അപ്പോഴേ, നോമ്പിന്റെ ഫലം ലഭിക്കുകയുള്ളൂ.
റമളാനിന്റെ രാത്രികളിലും സജീവമാവണം വിശ്വാസികൾ.തറാവീഹ് ഇരുപത് റകഅത്ത് നിസ്‌കാരവും വിത്റും തഹജ്ജുദും എല്ലാം അനുഷ്ഠിച്ചു പ്രാർത്ഥനാനിരതമാവണം. റമളാനിലെ റസൂൽ(സ)-യുടെ ജീവിതം അപ്രകാരമായിരുന്നു. അവിടുത്തെ അനുചരരും പിൽക്കാലത്തു വന്ന ഇമാമുകളുമെല്ലാം കാണിച്ചുതന്ന മാതൃകയും അതാണ്.
അല്ലാഹുവുമായി അടുക്കാനുള്ള എല്ലാ വഴികളിലും ആത്മാർത്ഥമായി ഇടപഴകണം ഈ മാസത്തിൽ വിശ്വാസികൾ. വിശുദ്ധ ഖുർആൻ ധാരാളമായി പാരായണം ചെയ്യണം. പഠിക്കാൻ സമയം കണ്ടെത്തണം.ദാനധർമങ്ങളിൽ സജീവമാകണം. ഇപ്പോഴും, ദാരിദ്രരായ അനേകം പേരുണ്ട് നമ്മുടെയൊക്കെ നാടുകളിൽ. അയൽ സംസ്ഥാനങ്ങളിൽ ആവട്ടെ, മുസ്ലിംകളുടെ അവസ്ഥ പരമദയനീയമാണ്. അല്ലാഹു നൽകിയതിൽ നിന്ന് ദാനം ചെയ്യുമ്പോഴാണ് സമ്പത്തിൽ ബറകത് ഉണ്ടാവുക
ലോകത്തിന്റെ പല ഭാഗത്തും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി, കിടപ്പാടം തേടി അലയുകയാണ് നമ്മുടെ സഹോദരന്മാർ. അഭയാർത്ഥികളെന്ന ലേബലുകളിൽ പലർക്കും ഒരു നാട്ടിലും തങ്ങാനുള്ള പൗരത്വം പോലുമില്ല. എന്നിട്ടും പലരും പ്രതീക്ഷയിലാണ്. കഷ്ടപ്പാടുകളുടെ മധ്യത്തിലും റമളാനെ വരവേൽക്കുന്നു അവർ. പ്രയാസങ്ങളിൽ ക്ഷമിക്കുമ്പോൾ, പലരും ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ തുണയാണ്.
ഈ ലോകത്തിലെ സഹനങ്ങൾക്കു പാരത്രികജീവിതത്തിൽ പ്രതിഫലം കിട്ടുമെന്ന ഉറച്ച വിശ്വാസം. ഈ ശുഭപ്രതീക്ഷയാണ് മുസ്ലിംകളുടെ ജീവിതത്തെ ചലനാത്മകമാക്കുന്നത്. ഹൃദയത്തെ നിത്യവസന്തത്തിന്റെ മൂർദ്ധന്യതയിൽ നിറുത്തുന്നത്.റമളാൻ നൽകുന്നതും അവശേഷിപ്പിക്കുന്നതും അത്തരം ഒരു കരുത്താവണം. വിശ്വാസത്തിന്റെ ബലം. അല്ലാഹു റമളാനെ ഹൃദയപൂർവം സ്വീകരിച്ച, അല്ലാഹു നിർദ്ദേശിച്ച പോലെ വിനിയോഗിച്ച വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തട്ടെ.