- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസിയുടെ മരണത്തിൽ മാതാവിനെയും ലക്ഷ്മി പ്രമോദിനെയും പൊലീസ് ചോദ്യം ചെയ്തു; ഹാരിഷിനെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിച്ചതിൽ മാതാവ് ആരിഫയ്ക്ക് മുഖ്യപങ്ക്; 10 ലക്ഷം രൂപ കടമുള്ളതിനാൽ മറ്റൊരു വിവാഹം കഴിക്കാൻ ഹാരീഷിനെ അനുവദിക്കണമെന്ന് റംസിയോട് ആരിഫ പരുഷമായി പറഞ്ഞു; വിവാഹം കഴിഞ്ഞാലും വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും വാഗ്ദാനം; റംസിയെ നിർബന്ധിപ്പിച്ച് അബോർഷൻ നടത്തിയത് ലക്ഷ്മിയുടെ ഗൂഢാലോചന; സീരിയൽ നടിയെ രക്ഷിച്ചെടുക്കാൻ ഉന്നത ഇടപെടലും
കൊല്ലം: യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയെയും വരന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ബാൽ നഗർ 155 ഹാരീഷ് മൻസിലിൽ ഹാരീഷി(26)ന്റെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദരന്റെ ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയുമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇവരുവരുടെയും ഫോൺ പൊലീസ് പരിശോധനയക്കായി കണ്ടെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ ബന്ധുക്കളുടെ ആരോപണങ്ങൾ നിഷേധിച്ചതായാണ് വിവരം.
ഇരവിപുരം വാഴക്കുട്ടത്തിൽ ചിറവിള പുത്തൻ വീട്ടിൽ റഹീമിന്റെ മകൾ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ആരിഫ ഹാരിഷുമായുള്ള ബന്ധത്തിൽ നിന്നും റംസിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവായി പുറത്ത് വന്ന ഫോൺ സംഭാഷണത്തിൽ എല്ലാം വ്യക്തമാണ്. 10 ലക്ഷത്തോളം രൂപ കടമുള്ളതിനാലാണ് മറ്റൊരു വിവാഹം കഴിക്കാൻ ഹാരിഷ് ശ്രമിക്കുന്നതെന്നും വീട്ടുകാരുടെ നിർദ്ദേശ പ്രകാരം മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നുമാണ് ആരിഫ റംസിയോട് പറഞ്ഞത്.
വിവാഹം കഴിഞ്ഞാലും ഹാരിഷിന്റെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാമെന്നും വിവാഹത്തിനായി കുടുംബ സമേതം സഹകരിക്കാമെന്നും ആരിഫ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് നടന്ന ഈ ഫോൺ സംഭാഷണം കൂടിയായപ്പോഴാണ് റംസി ഏറെ മാനസിക പ്രയാസത്തിലായത്. കൂടാതെ ഹാരിഷിനെ സഹോദരനെ പോലെ കാണണമെന്നും ആരിഫ ആവിശ്യപ്പെട്ടതോടെ റംസിയുടെ നിയന്ത്രണം വിട്ടിരുന്നു. അങ്ങനെയാണ് ഇനി ആർക്കും ഒരു ശല്യവുമില്ലാതെ ഞാൻ പോകുവാണ് എന്ന് റംസി പറഞ്ഞത്. അതിനാൽ ആരിഫ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിയാണ്.
ലക്ഷ്മി പ്രമോദിന്റെ ഗൂഢാലോചനയാണ് ഹാരിഷിൽ നിന്നും ഗർഭിണിയായ റംസിയെ നിർബന്ധിപ്പിച്ച് അബോർഷൻ നടത്തിയത്. ഇതിനായി ഷൂട്ടിങ് ലൊക്കേഷനിൽ മകളെ നോക്കാനായി കൊണ്ടു പോകുകയാണ് എന്ന് കള്ളംപറഞ്ഞാണ് റംസിയെ വീട്ടിൽ നിന്നും വിളിച്ചു കൊണ്ടു പോയത്. സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളിൽ ലക്ഷ്മി റംസിയെ കൊണ്ടു പോകുന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. പിന്നീട് ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചാണ് ഗർഭച്ഛിദ്രം നടത്തിയത്. ഇതിനായി സമീപത്തെ മഹല്ല് കമ്മറ്റിയിൽ നിന്നും വ്യാജ വിവാഹ രേഖ സംഘടിപ്പിക്കുകയും ചെയ്തു. ലക്ഷ്മി സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളിൽ കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് റംസിയെ വീട്ടിൽ നിന്നും ഇറക്കി വലപ്പോഴും ഹാരിഷിനൊപ്പം കൂട്ടി വിടുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തിൽ എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ലക്ഷ്മിയും സംഭവത്തിൽ കുറ്റക്കാരിയാണ്. എന്നാൽ ലക്ഷ്മിയെ രക്ഷിച്ചെടുക്കാൻ ഉന്നത ഇടപെടലുകൾ പൊലീസിന് മേൽ ഉണ്ടാകുന്നുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം ഇവരോട് ഏതു നിമിഷവും പൊലീസ് വിളിച്ചാൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനം വിട്ട് പുറത്ത് പോകരുതെന്നും നിർദ്ദേശിച്ചു. ആരിഫ ചോദ്യം ചെയ്യലിനിടയിൽപൊട്ടിക്കരഞ്ഞതായാണ് വിവരം. എന്റെ മോൾ അങ്ങനെ ചെയ്യില്ല എന്നും മറ്റെന്തോ പ്രശ്നമാണ് മരണത്തിന് കാരണമെന്നും പറഞ്ഞു. ഞങ്ങൾ അവളെ സമാധാനിപ്പിക്കുക മാത്രമാണ് ചെയ്തത്. അവൾക്ക് മറ്റ് കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനായാണ് ഫോണിൽ സംസാരിച്ചത്. സമാധാനിപ്പിച്ച ശേഷമാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പിന്നെ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഹാരിഷിന്റെ ഫോണിൽ നിന്നുമാണ് ഇവർ റംസിയുമായി സംസാരിച്ചിട്ടുള്ളത്. ദീർഘ നേരം റംസിയുമായി ആരിഫ സംസാരിച്ച രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഹാരിഷിനെ കൊട്ടിയം പൊലീസ് വിവധ സ്ഥലങ്ങളിൽ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയും കുടുംബവും വാടകയ്ക്ക താമസിച്ച മൂന്നോളം സ്ഥലങ്ങളിൽ എത്തിച്ചാംണ് തെളിവെടുപ്പ് നടത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ ഹാരിഷ് റംസിയെ നിർബന്ധിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്തിയിരുന്നത് ഇവിടെ വച്ചായിരുന്നു. കൂടാതെ വാഗമണ്ണിലുൾപ്പെടെ നിരവധി ഹോട്ടലുകളിലും ഇയാൾ റംസിയെ കൊണ്ടു പോയി ശാരീരികമായി ചൂഷണം ചെയ്തിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇനി കസ്റ്റഡിയിൽ വാങ്ങി റംസിയെ കൂട്ടിക്കൊണ്ടു പോയി ചൂഷണം ചെയ്ത സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.