- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിനക്ക് വിശ്വസിക്കാനായി ഞാനെന്താണ് അയച്ചു തരേണ്ടത്? രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ വേണ്ടത്; അത് അയച്ചു തന്നാൽ നിനക്ക് വിശ്വാസമാകുമോ എന്ന കാമുകന്റെ മറുപടിയിൽ തളർന്ന് റംസി; ഒരു കുഞ്ഞിനെ റംസിക്ക് നൽകിയതിന് ശേഷം നശിപ്പിച്ച് കളഞ്ഞ മകനെ ഇനി സഹോദരനെ പോലെ കാണണമെന്ന് ഉപദേശിച്ച ഉമ്മ ആരിഫ; അൻസിയോട് അബോർഷൻ അടക്കം എല്ലാം പറഞ്ഞത് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ശേഷം; റംസിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പ്രണയ ചതിയുടെ ചുരുൾ അഴിയുമ്പോൾ
കൊല്ലം: അവസാന നിമിഷം വരെയും ഹാരിഷിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ട് എന്ന് റംസി ഒരിക്കലും വിശ്വസിച്ചിരുന്നില്ല. തന്നോടുള്ള ദേഷ്യത്തിന്റെ പേരിൽ വെറുതെ പറയുന്നതാണെന്നാണ് കരുതിയത്. കാരണം റംസി ഹാരിഷിനെ അത്രത്തോളം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. വർക്ക്ഷോപ്പ് തുടങ്ങിയതിന് ശേഷമുണ്ടായ കടബാധ്യതമൂലമാവാം ഹാരിഷ് തന്നോട് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നാണ് റംസി വിശ്വസിച്ചതും.
എന്നാൽ പെൺകുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് തമാശയല്ലെന്ന് ഞെട്ടലോടെ റംസി മനസ്സിലാക്കിയത്. എങ്കിലും അത് തന്റെ പ്രിയപ്പെട്ടവന്റെ സുഹൃത്താവും എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി. പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിഷിനെ ഫോണിൽ വിളിച്ചു. ഫോണിന്റെ മറുതലയ്ക്കൽ നിന്നും കേട്ട വാക്കുകൾ അവളുടെ മനസ്സിൽ കൂരമ്പു പോലെ തറച്ചു. നിനക്ക് വിശ്വസിക്കാനായി ഞാനെന്താണ് അയച്ചു തരേണ്ടത്? രാത്രിയിലുള്ള ഞങ്ങളുടെ ഫോട്ടോയാണോ വേണ്ടത്. അത് അയച്ചു തന്നാൽ നിനക്ക് വിശ്വാസമാകുമോ എന്നായിരുന്നു ഹാരിഷിന്റെ മറുപടി. ഇതു കേട്ടതോടെയാണ് റംസി ആകെ തകർന്നു പോയത്.
ഹാരിഷ് തന്നെ പൂർണ്ണമായും ഉപേക്ഷിക്കുകയാണ് എന്നറിഞ്ഞ റംസി ജലപാനം പോലുമില്ലാതെ കൊട്ടിയത്തെ വാടകവീട്ടിൽ മുറിയടച്ച് ഇരിക്കുകയായിരുന്നു. റംസി തന്റെ സഹോദരി അൻസിയെ വിളിച്ച് വിവരങ്ങൾ അറിയിച്ചിരുന്നു. കൂടാതെ റംസി ആഹാരം കഴിക്കാൻ കൂട്ടാക്കാതെ മുറിയിൽ തന്നെ കഴിയുകയാണ് എന്ന് മാതാവും അൻസിയെ അറിയിച്ചു. തുടർന്ന് അൻസി വീട്ടിലെത്തി ഏറെ നേരം സംസാരിച്ചു. ഇതിനിടയിലാണ് പല ഞെട്ടിക്കുന്ന വിവരങ്ങളും അൻസി അറിയുന്നത്. മൂന്ന് മാസം ഗർഭിണിയായതും പിന്നീട് അബോർഷൻ നടത്തിയതുമെല്ലാം വള്ളിപുള്ളി വിടാതെ അൻസിക്കു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് റംസി പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം അൻസി തന്റെ ഭർത്താവ് മുനീറിനോട് സംസാരിച്ചു. മുനീർ നേരിൽക്കണ്ട് സംസാരിച്ചെങ്കിലും ഹാരിഷ് തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറിയില്ല.
അവസാന ശ്രമമെന്നോണം റംസി വീണ്ടും ഹാരിസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വളരെ ക്രൂരമായ രീതിയിലാണ് പെരുമാറിയത്. ഇതോടെ എല്ലാം നഷ്ടപ്പെട്ട റംസി ജീവനൊടുക്കുമെന്ന് ഹാരിഷിനോട് പറഞ്ഞു. എന്നാൽ ആത്മഹത്യ ചെയ്താൽ ഞാനും എന്റെ കുടുംബവുമാണ് കേസിൽപെടുന്നതെന്നാണ് ഹാരിഷ് പറഞ്ഞത്. ഞാൻ മരിച്ചാൽ നിങ്ങളുടെ ആരുടെയും പേര് പറയില്ല. പൊലീസിൽ ആരും പരാതിപ്പെടുകയുമില്ല. ഒരു ശല്യത്തിനും ആരും വരില്ല. എന്റെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് റംസി പറഞ്ഞത്. എല്ലാം നഷ്ടപ്പെട്ട് നിരാലംബയായി നിന്ന റംസിയോട് വീണ്ടും ക്രൂരവാക്കുകളാൽ മനസ്സിനെ മുറിവേൽപ്പിക്കുകയാണ് ഹാരിഷ് ചെയ്തത്. ഇതോടെയാണ് ജീവനൊടുക്കാമെന്ന തീരുമാനത്തിൽ റംസി എത്തിപ്പെട്ടത്. അസാന ശ്രമമെന്നോണം ഹാരിഷിന്റെ മാതാവ് ആരിഫയെ ഫോണിൽ വിളിച്ചെങ്കിലും അവരും റംസിയെ മാനസികമായി തളർത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്.
മറ്റൊരു വിവാഹത്തിന് സമ്മതിക്കണമെന്നും മകനെ സഹോദരനെ പോലെ കാണണമെന്നുമുള്ള ഉപദേശമാണ് ആരിഫ നൽകിയത്. ഒരു കുഞ്ഞിനെ റംസിക്ക് നൽകിയതിന് ശേഷം നശിപ്പിച്ച് കളഞ്ഞ മകനെയാണ് സഹോദരനെപോലെ കാണണമെന്ന് ആരിഫ എന്ന സ്ത്രീ ആ പാവം പെൺകുട്ടിയോട് പറഞ്ഞത്. മകനെ ന്യായീകരിക്കുന്നതിലായിരുന്നു അവർ ശ്രദ്ധിച്ചത്. റംസിയുടെ ഭാഗത്ത് നിൽക്കുന്നത് പോലെ സംസാരിച്ചെങ്കിലും എങ്ങനെയെങ്കിലും ഒഴിവായി പോകട്ടെ എന്ന് മാത്രമാണ് അതിന് പിന്നിലെന്ന് ഫോൺ സംഭാഷണം കേൾക്കുന്നവർക്ക് മനസ്സിലാകും. അങ്ങനെയാണ് സഹോദരിയുടെ കുഞ്ഞിനെ ഉറക്കാനായി കെട്ടിയരുന്ന തൊട്ടിലിന്റെ കയറിൽ കുരുക്കിട്ട് അവൾ ജീവിതം അവസാനിപ്പിച്ചത്.
കഴിഞ്ഞ മൂന്നിന് ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു വിവാഹത്തിൽ നിന്നും ഹാരിഷ് പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്.
ഹാരിഷുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടീൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.
റംസിയുടെ ആത്മഹത്യുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘത്തെ ചാത്തന്നൂർ എസിപി നിയോഗിച്ചു. ഒൻപതംഗ സംഘത്തിൽ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബർ വിദഗ്ധരുമുണ്ട്. സംഭവത്തിൽ കൂട്ടു പ്രതികളായ ഒളിവിൽ കഴിയുന്ന സീരിയൽ നടി ഉൾപ്പെടെയുള്ള കുടുംബാഗങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
അതേ സമയം കൊട്ടിയത്ത് വലിയ പ്രതിഷേധമാണ് പൊലീസിന് നേരെ ഉയരുന്നത്. കൂട്ടു പ്രതികൾ ഒളിവിൽ പോയത് പൊലീസിന്റെ അനാസ്ഥയാണെന്നാണ് ആക്ഷേപം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.