- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഉന്നതങ്ങളിൽ നല്ലപിടി; കുറ്റകൃത്യത്തിൽ പങ്കാളിയായ അവരെയും സഹായിക്കുന്ന സമീപനം പൊലീസിന്; റംസിയുടെയും തന്റെയും പക്കൽ നിന്ന് പണം വാങ്ങിയതിന്റെയും മകൾ ജീവനൊടുക്കിയ സാഹചര്യതെളിവുകളും ഉണ്ടായിട്ടും അന്വേഷണം മുന്നോട്ടുപോകുന്നില്ല; പ്രതി ഹാരീഷിന്റെ വീട്ടുകാരെ അറസ്റ്റ് ചെയ്യാതെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഒത്താശ; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പിതാവിന്റെ പരാതി
കൊല്ലം: റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഹാരിഷിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാതെ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് പിതാവ് റഹീം പരാതി നൽകിയിരിക്കുന്നത്. മരണം നടന്ന് 9 ദിവസം പിന്നിട്ടിട്ടും ഹാരിഷിനെ അറസ്റ്റ് ചെയ്യുക മാത്രമേ പൊലീസ് ചെയ്തിട്ടുള്ളൂ. കൂട്ടു പ്രതികളായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും മാതാവ് ആരിഫയെയും മറ്റു കുടുംബക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് റഹീം കമ്മീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
വളരെ ദുർബലമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ സഹായിക്കുന്ന രീതിയിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രതികൾക്ക് രക്ഷപെടാനുള്ള സാഹചര്യവും ഒരുക്കി നൽകുന്നുണ്ട്. റംസിയുടെ പക്കൽ നിന്നും എന്റെ പക്കൽ നിന്നും പണം വാങ്ങിയതിന്റെയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തിനെകുറിച്ചുമുള്ള എല്ലാ തെളിവുകളും ഉണ്ടായിട്ടും കൃത്യമായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നില്ല. സമൂഹത്തിൽ സ്വാധീനമുള്ള സീരിയൽ നടി കുറ്റകൃത്യത്തിൽ പങ്കാളിയായതിനാൽ അവരെയും സഹായിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത്നിന്നു ഉണ്ടാകുന്നതെന്നും പരാതിയിൽ പറയുന്നു. ഇക്കാരണത്താൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസമില്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് ആവശ്യമെന്നും റഹീം പറയുന്നു.
കഴിഞ്ഞ മൂന്നിന് ഉച്ചയോടെയായിരുന്നു റംസി(24) ആത്മഹത്യ ചെയ്തത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു വിവാഹത്തിൽ നിന്നും ഹാരിഷ് പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്. ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്.
റംസിയും ഹാരിഷും പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരിഷിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നര വർഷം മുൻപു ധാരണപ്രകാരം വളയിടൽ ചടങ്ങു നടത്തി. ഇതിനിടെ ഹാരിഷിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. പിന്നീടു വിവാഹത്തെപ്പറ്റി പറയുമ്പോൾ ഹാരിഷ് ഒഴിവുകഴിവുകൾ പറഞ്ഞിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു. ഹാരിഷിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരിഷിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി.
ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരിഷിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരിഷിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. അതേ സമയം റംസിയുടെ മരണത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് ജസ്റ്റിസ് ഫോർ റംസി എന്ന വാട്ടസാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു. സീരിയൽ നടിയുൾപ്പെടെയുള്ള കുടുംബാഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്സിന്റെയും പി.ഡി.പിയുടെയും നേതൃത്വത്തിലും വൻ പ്രതിഷേധം നടക്കുന്നുണ്ട്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.