- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റംസിയുടെ ആത്മഹത്യാക്കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് പൊലീസ് സഹായത്തോടെ ജാമ്യം? ശനിയാഴ്ച രാവിലെ മുതൽ ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത; സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അന്വേഷണം തുടരുമ്പോഴും ലക്ഷ്മിപ്രമോദ് കണ്ണുവെട്ടിച്ചോ? തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടും നടിക്ക് ജാമ്യം കിട്ടിയത് എങ്ങനെ? അന്വേഷണ സംഘം മറുനാടനോട് പറഞ്ഞത്
കൊല്ലം: റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം ലഭിച്ചു എന്ന തരത്തിൽ പുറത്തു വരുന്ന വാർത്തകൾ വ്യാജമാണെന്ന് പൊലീസ്. നടിയും കുടുംബവും ഇപ്പോഴും ഒളിവിലാണെന്നും സൈബർ സെല്ലിന്റെയും ഷാഡോ പൊലീസിന്റെയും സഹായത്തോടെ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും കണ്ണനല്ലൂർ സിഐ യു.പി വിപിൻകുമാർ മറുനാടനോട് പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇത്തരം വാർത്തകൾ അന്വേഷണത്തെ സാരമായി ബാധിക്കുമെന്നും എത്രയും വേഗം കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പൊലീസ് തെളിവുകളെല്ലാം ഏകദേശം ശേഖരിക്കുകയും റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ മുതലാണ് ചില മാധ്യമങ്ങളിൽ സീരിയൽ നടിക്ക് പൊലീസിന്റെ സഹായത്തോടെ ജാമ്യം ലഭിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. ഇത് വലിയ രീതിയിൽ ജനരോഷത്തിനിടയാക്കി. പൊലീസിന് നേരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും ഒളിവിൽ തന്നെയാണെന്നും പൊലീസിന്റെ വിശദീകരണം ഉണ്ടായത്. നടിയും കുടുംബവും ഒളിവിൽ കഴിയാനിടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീടുകളടക്കം പൊലീസ് നിരീക്ഷണത്തിൽ തന്നെയാണ്. കൊച്ചിയിലുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് അന്വേഷണം എറണാകുളത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നിന് ഉച്ചയോടെയായിരുന്നു റംസി(24) ആത്മഹത്യ ചെയ്തത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു വിവാഹത്തിൽ നിന്നും ഹാരിഷ് പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് കാരണം പറഞ്ഞത്. ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്.
അതേ സമയം റംസിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഹാരിഷിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യാതെ പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നു എന്നാരോപിച്ചാണ് പിതാവ് റഹീം പരാതി നൽകിയിരിക്കുന്നത്. മരണം നടന്ന് 9 ദിവസം പിന്നിട്ടിട്ടും ഹാരിഷിനെ അറസ്റ്റ് ചെയ്യുക മാത്രമേ പൊലീസ് ചെയ്തിട്ടുള്ളൂ. കൂട്ടു പ്രതികളായ സീരിയൽ താരം ലക്ഷ്മി പ്രമോദിനെയും മാതാവ് ആരിഫയെയും മറ്റു കുടുംബക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് റഹീം കമ്മീഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
വളരെ ദുർബലമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ സഹായിക്കുന്ന രീതിയിലുള്ള സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. പ്രതികൾക്ക് രക്ഷപെടാനുള്ള സാഹചര്യവും ഒരുക്കി നൽകുന്നുണ്ട്. റംസിയുടെ പക്കൽ നിന്നും എന്റെ പക്കൽ നിന്നും പണം വാങ്ങിയതിന്റെയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തിനെകുറിച്ചുമുള്ള എല്ലാ തെളിവുകളും ഉണ്ടായിട്ടും കൃത്യമായ രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നില്ല. സമൂഹത്തിൽ സ്വാധീനമുള്ള സീരിയൽ നടി കുറ്റകൃത്യത്തിൽ പങ്കാളിയായതിനാൽ അവരെയും സഹായിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത്നിന്നു ഉണ്ടാകുന്നതെന്നും പരാതിയിൽ പറയുന്നു. ഇക്കാരണത്താൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസമില്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് ആവശ്യമെന്നും റഹീം പറയുന്നു.
എന്നാൽ നിലവിലെ അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചു. പ്രതിക്കെതിരെയും കൂട്ടു പ്രതികൾക്കെതിരെയുമുള്ള തെളിവുകളെല്ലാം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ക്രൈംബ്രാഞ്ചിന് കേസ് കൈമാറേണ്ടതില്ലാ എന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലും കൊട്ടിയത്ത് വലിയ ജനരോഷമുള്ളതിനാലും റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഏതാനം ദിവസംകൂടി കഴിഞ്ഞ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് വിവരം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.