- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് പ്രൊസിക്യൂഷൻ; മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകരുതെന്നും നിലപാട്; റംസി ആത്മഹത്യാ കേസിൽ ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
കൊല്ലം: റംസി ആത്മഹത്യാ കേസിൽ ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് പ്രതി പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന പ്രൊസിക്യൂഷൻ വാദം അംഗീകരിച്ച്. ഹാരിസിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വാദം കേട്ട കോടതി ഇന്നലെയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. ഹാരിസിന് ജാമ്യം നൽകകരുതെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തിരുന്നു. മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂർത്തിയാക്കാനിരിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രൊസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഹാരിസിന്റെ മാതാവ് ആരിഫാ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർക്ക് നേരത്തെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയുള്ള ക്രൈം ബ്രാഞ്ച് അപ്പീലിൽ നടിയും കൂട്ടരും ഹൈക്കോടതിയിൽ വിശദീകരണം നൽകിയിരിക്കുകയാണ്. ഹൈക്കോടതി തീരുമാനത്തിന് ശേഷം കേസിൽ തുടർ നടപടികൾ കൈക്കൊള്ളാനാണ് ക്രൈംബ്രാഞ്ച് നീക്കം.
സെപ്റ്റംബർ മൂന്നിന് ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു ആത്മഹത്യ. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു വിവാഹത്തിൽ നിന്നും ഹാരിഷ് പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്.
ഹാരിഷുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. വളയിടീൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തിൽ നിന്ന് ഇയാൾ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാർ ആരോപിക്കുന്നു. പ്രമുഖ സീരിയൽ നടിയുടെ ഭർതൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളിൽ വ്യക്തമായിരുന്നു.
മറുനാടന് ഡെസ്ക്